ETV Bharat / bharat

'അവര്‍ എന്നെ എന്‍കൗണ്ടറില്‍ കൊല്ലും' ഉത്തര്‍പ്രദേശ് പൊലീസിനെതിരെ ഗുണ്ട നേതാവ് അതിഖ് അഹമ്മദ്

author img

By

Published : Mar 27, 2023, 11:19 AM IST

അടുത്തിടെ കൊല്ലപ്പെട്ട ഉമേഷ്‌ പാലിനെ തട്ടിക്കൊണ്ട് പോയ കേസില്‍ പ്രതിയാണ് അതിഖ് അഹമ്മദ്.

Etv Bharat
Etv Bharat

പ്രയാഗ്‌രാജ്: ഉത്തര്‍പ്രദേശിലേക്കുള്ള യാത്രക്കിടെ തന്നെ യുപി പൊലീസ് എന്‍കൗണ്ടറിലൂടെ കൊലപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന ആരോപണവുമായി കുപ്രസിദ്ധ ഗുണ്ട നേതാവും മുന്‍ എംപിയുമായ അതിഖ് അഹമ്മദ്. അഹമ്മദാബാദിലെ സബർമതി ജയിലിൽ നിന്നും പ്രയാഗ്‌രാജിലേക്കുള്ള യാത്രക്കിടെ പൊലീസ് വാഹന വ്യൂഹം മധ്യപ്രദേശിലെ ശിവപുരിയിലെത്തിയപ്പോഴാണ് അതിഖ് അഹമദ് യാത്രയെ കുറിച്ചുള്ള ആശങ്ക പ്രകടിപ്പിച്ചത്.

ഇന്നലെ വൈകുന്നേരം ആറ് മണിയോടെയാണ് വന്‍ സുരക്ഷയില്‍ അതിഖ് അഹമ്മദിനൊപ്പമുള്ള പൊലീസ് സംഘം അഹമ്മദാബാദില്‍ നിന്നും യാത്ര തിരിച്ചത്. ഇന്ന് രാവിലെയോടെ വാഹന വ്യൂഹം മധ്യപ്രദേശിലെ ശിവപുരിയില്‍ അല്‍പനേരം നിര്‍ത്തി. ഈ സമയത്താണ്, തന്നെയും ഉത്തര്‍പ്രദേശ് പൊലീസ് വികാസ് ദുബയെ കൊല ചെയ്‌ത പോലെ കൊലപ്പെടുത്തുമെന്ന ആശങ്ക അതിഖ് അഹമ്മദ് പ്രകടിപ്പിച്ചത്. സബര്‍മതി ജയിലില്‍ നിന്നും പുറത്തിറങ്ങിയതിന് പിന്നാലെ മാധ്യമ പ്രവര്‍ത്തകരെ കണ്ടപ്പോഴും അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചിരുന്നു. 'അവരുടെ പദ്ധതി എന്താണെന്ന് എനിക്ക് അറിയാം, അവരെന്നെ കൊല്ലാന്‍ ആഗ്രഹിക്കുന്നു'- എന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ കരഞ്ഞുകൊണ്ടാണ് അതിഖ് പറഞ്ഞത്.

കൊല്ലപ്പെട്ട ഉമേഷ് പാലിനെ തട്ടിക്കൊണ്ട് പോയ കേസില്‍ അതിഖ് അഹമ്മദിന്‍റെ ശിക്ഷ നാളെയാണ് പ്രയാഗ്‌രാജ് കോടതി വിധിക്കുന്നത്. ശിക്ഷ വിധിക്കുന്ന ദിവസം കേസിലെ എല്ലാ പ്രതികളെയും ഹാജരാക്കണമെന്ന് പൊലീസിനോട് കോടതി നിര്‍ദേശിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് അതിഖ് അഹമ്മദിനെ പ്രയാഗ്‌രാജിലേക്കെത്തിക്കാന്‍ യുപി പൊലീസ് അഹമ്മദാബാദിലെത്തിയത്.

2019 ജൂണിലാണ് അതിഖ് അഹമ്മദിനെ സബര്‍മതി ജയിലിലേക്ക് മാറ്റിയത്. വ്യവസായി മോഹിത് ജയ്‌സ്വാളിനെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസില്‍ സുപ്രീം കോടതി ശിക്ഷ വിധിച്ചതിന് പിന്നാലെ ആയിരുന്നു നടപടി.

ബിജെപിക്കെതിരെ അഖിലേഷ് യാദവ്: സമാജ്‌വാദി പാര്‍ട്ടി മുന്‍ എംപിയും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ അതിഖ് അഹമ്മദിനെ പ്രയാഗ്‌രാജിലേക്ക് മാറ്റുമെന്ന് യുപി മന്ത്രി ജെപിഎസ് റാത്തോഡിന്‍റെ പ്രസ്‌താവന വന്നതിന് പിന്നാലെ തന്നെ ഇതില്‍ പ്രതികരണവുമായി അഖിലേഷ് യാദവ് രംഗത്തെത്തിയിരുന്നു. അതിഖ് അഹമ്മദുമായി എത്തുന്ന വാഹനം എവിടെ, എപ്പോള്‍ മറിയണം എന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പൊലീസിനോട് പറഞ്ഞിരിക്കണം. വികാസ് ദുബെയുടെ വാഹനം മറിഞ്ഞ സ്ഥലം കണ്ടെത്താന്‍ വേണമെങ്കില്‍ ഗൂഗിളിന്‍റെ സഹായം തേടാമെന്നും അഖിലേഷ് യാദവ് പറഞ്ഞു.

ഉമേഷ്‌ പാല്‍ വധക്കേസ്: ഉത്തര്‍പ്രദേശിലെ ബിഎസ്‌പി എംഎല്‍എ ആയിരുന്ന രാജുപാല്‍ 2005 ല്‍ കൊല്ലപ്പെട്ടിരുന്നു. ഈ കേസിലെ മുഖ്യ സാക്ഷി ആയിരുന്നു അടുത്തിടെ വധിക്കപ്പെട്ട ഉമേഷ്‌ പാല്‍. കഴിഞ്ഞ മാസം 24ന് വെടിയേറ്റാണ് ഉമേഷ്‌ പാല്‍ കൊല്ലപ്പെടുന്നത്.

പ്രയാഗ്‌രാജിലുള്ള വീട്ടില്‍ വച്ചായിരുന്നു ഉമേഷ്‌പാലിനെതിരെ ആക്രമണം ഉണ്ടായത്. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ഉമേഷ് പാല്‍ മരിക്കുകയായിരുന്നു. ഏഴ് പേരടങ്ങുന്ന സംഘമായിരുന്നു ഉമേഷ്‌ പാലിനെ ആക്രമിച്ചത്. ഈ കേസില്‍ പ്രതികളായ രണ്ട് പേര്‍ നേരത്തെ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു.

Also Read: ഉമേഷ് പാല്‍ കൊലക്കേസ് : ഒരു പ്രതിയെ കൂടി വെടിവച്ചുകൊന്ന് യുപി പൊലീസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.