ETV Bharat / bharat

സുഖമായിരിക്കുന്നു, നന്നായി ഭക്ഷണം കഴിക്കുന്നു: അരിക്കൊമ്പനെ ഞങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്ന് ദൃശ്യങ്ങളടക്കം തമിഴ്‌നാട് ഐഎഎസ് ഉദ്യോഗസ്ഥയുടെ ട്വീറ്റ്

author img

By

Published : Jun 8, 2023, 11:57 AM IST

Updated : Jun 8, 2023, 4:48 PM IST

അരിക്കൊമ്പന്‍റെ ദൃശ്യങ്ങളും ചിത്രങ്ങളും ട്വിറ്ററില്‍ പങ്കുവെച്ചത് തമിഴ്‌നാട് വനംവകുപ്പ് - കാലാവസ്ഥ വ്യതിയാന വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സുപ്രിയ സാഹു ഐഎഎസ് ആണ്

Arikomban updates Tamil Nadu Forest Department
അരിക്കൊമ്പൻ

തിരുനെല്‍വേലി: ദിവസങ്ങൾ നീണ്ട അനിശ്ചിതത്തിന് ഒടുവില്‍ തമിഴ്‌നാട് വനംവകുപ്പ് പിടികൂടി ഉൾക്കാട്ടില്‍ വിട്ട അരിക്കൊമ്പന്‍റെ ഏറ്റവും പുതിയ വിവരങ്ങളും ദൃശ്യങ്ങളും പുറത്ത്. പ്രകൃതി മനോഹരമായ കളക്കാട് മുണ്ടംതുറൈ കടുവ സങ്കേതത്തിലെ കോതയാർ ഡാം റിസർവോയറില്‍ വെള്ളം കുടിച്ചും പുല്ല് കഴുകി തിന്നും നില്‍ക്കുന്ന അരിക്കൊമ്പന്‍റെ ദൃശ്യങ്ങളും ചിത്രങ്ങളും ട്വിറ്ററില്‍ പങ്കുവെച്ചത് തമിഴ്‌നാട് വനംവകുപ്പ് - കാലാവസ്ഥ വ്യതിയാന വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സുപ്രിയ സാഹു ഐഎഎസ് ആണ്. ഇവരുടെ ട്വിറ്റർ ഹാൻഡിലില്‍ വനവകുപ്പ് എടുത്ത അരിക്കൊമ്പന്‍റെ ഏറ്റവും പുതിയ വിവരങ്ങളും ചിത്രങ്ങളും ദൃശ്യങ്ങളും അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്.

അരിക്കൊമ്പൻ ശാന്തനാണെന്നും അത് എന്നും തുടരട്ടെയെന്ന പ്രതീക്ഷയും സുപ്രിയ സാഹു പങ്കുവെച്ചിട്ടുണ്ട്. കളക്കാട് മുണ്ടംതുറൈ കടുവ സങ്കേതത്തിലെ നിബിഡ വനത്തില്‍ എത്തിച്ചത് മുതല്‍ അരിക്കൊമ്പൻ നന്നായി ഭക്ഷണം കഴിക്കുന്നുണ്ടെന്നാണ് സുപ്രിയ സാഹു ട്വീറ്റ് ചെയ്‌തിട്ടുള്ളത്. നിബിഡ വനത്തിന്‍റെ പശ്‌ചാത്തലത്തില്‍ അരിക്കൊമ്പൻ നില്‍ക്കുന്ന ചിത്രവും ട്വീറ്റ് ചെയ്‌തിട്ടുണ്ട്.

  • Here is an update on wild elephant 'Arikomban'
    The elephant was successfully translocated to a dense forest area in the Kalakkad Mundunthurai Tiger Reserve in early hours today. The pristine habitat has dense forests and plenty of water availability. The elephant is active and… pic.twitter.com/aVVcmIiOe3

    — Supriya Sahu IAS (@supriyasahuias) June 6, 2023 " class="align-text-top noRightClick twitterSection" data=" ">

പത്ത് വാച്ചർമാർ, നാല് ഫോറസ്റ്റ് റേഞ്ച് ഓഫീസർമാർ, രണ്ട് ഡെപ്യൂട്ടി ഡയറക്‌ടർമാർ എന്നിവരടങ്ങിയ സംഘമാണ് അരിക്കൊമ്പനെ നിരീക്ഷിക്കുന്നത്. റേഡിയോ കോളറില്‍ നിന്നുള്ള വിവരങ്ങളും തമിഴ്‌നാട് വനംവകുപ്പ് നിരീക്ഷിക്കുന്നുണ്ട്. കേരള വനംവകുപ്പുമായി കാര്യങ്ങൾ സംസാരിക്കുന്നുണ്ടെന്നാണ് തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്ഥർ വിശദീകരിക്കുന്നത്. തുമ്പിക്കൈയില്‍ മുറിവുള്ളതിനാലും കമ്പത്ത് നിന്ന് മയക്കുവെടി വെച്ച് പിടികൂടി 24 മണിക്കൂർ ലോറിയില്‍ യാത്ര ചെയ്‌തതിന്‍റെ ശാരീരിക പ്രശ്‌നങ്ങൾ ഉള്ളതിനാലും അരിക്കൊമ്പൻ കോതയാർ ഡാം റിസർവോയറില്‍ തന്നെയാണ് ഇപ്പോഴും നിലയുറപ്പിച്ചിരിക്കുന്നത് എന്നാണ് തമിഴ്‌നാട് വനംവകുപ്പ് നല്‍കുന്ന വിവരം. കുറച്ചു ദിവസങ്ങൾ കഴിയുമ്പോൾ മാത്രമാകും അരിക്കൊമ്പന്‍റെ സഞ്ചാര ദിശ അറിയാൻ കഴിയുക എന്നും തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്ഥർ വിശദീകരിക്കുന്നുണ്ട്.

  • Update on Arikomban.
    Arikomban is feeding well after translocation in the beautiful natural surroundings. Tamil Nadu Forest Department is keeping a watch on his health and movements. #TNForest @TNDIPRNEWS pic.twitter.com/7tShV3gFTy

    — Supriya Sahu IAS (@supriyasahuias) June 7, 2023 " class="align-text-top noRightClick twitterSection" data=" ">

ഇടുക്കിയെ വിറപ്പിച്ച അരിക്കൊമ്പനെ കഴിഞ്ഞ ഏപ്രില്‍ 29നാണ് കേരള വനംവകുപ്പ് പിടികൂടി തമിഴ്‌നാട് അതിർത്തിയിലെ പെരിയാർ കടുവ സങ്കേതത്തില്‍ തുറന്നുവിട്ടത്. അവിടെ നിന്ന് കാടിറങ്ങി അതിർത്തി കടന്ന അരിക്കൊമ്പൻ തമിഴ്‌നാട്ടിലെത്തി കമ്പം ടൗണില്‍ ഭീതി സൃഷ്‌ടിച്ചിരുന്നു. അതേ തുടർന്നാണ് തമിഴ്‌നാട് വനംവകുപ്പ് അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടി വീണ്ടും ഉൾക്കാട്ടിലേക്ക് മാറ്റിയത്.

അരിക്കൊമ്പനെ തിരികെ കൊണ്ടുവരണം: തമിഴ്‌നാട്ടിലെ തേനിയില്‍ നിന്ന് മയക്ക് വെടി വച്ച് തമിഴ്‌നാട്- കേരള അതിര്‍ത്തി ജില്ലയായ കന്യാകുമാരിയിലെ അപ്പര്‍ കൊടയാർ വനത്തിൽ തുറന്ന് വിട്ട അരിക്കൊമ്പനെ തിരിച്ച് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് പ്രതിഷേധ സമരവുമായി ചിന്നക്കനാലിലെ ആദിവാസി വിഭാഗം. മുതുവാന്‍ വിഭാഗത്തിലെ അഞ്ച് കുടികളിലെ ജനങ്ങളാണ് സമരവുമായി രംഗത്തെത്തിയത്. തുടര്‍ച്ചയായുള്ള മയക്ക് വെടി വയ്‌ക്കലും കാടുകയറ്റലും അരിക്കൊമ്പന്‍റെ ആരോഗ്യം നശിപ്പിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് സമരം.

അരിക്കൊമ്പന്‍റെ തുമ്പിക്കൈയിലെ മുറിവ് അപകടകരമായ രീതിയിലേക്ക് മാറിയതായും ചിന്നക്കനാലില്‍ തിരിച്ചെത്തിച്ച് ചികിത്സ നല്‍കണമെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. സൂര്യനെല്ലി- സിങ്കുകണ്ടം പാതയിലാണ് പ്രതിഷേധ സമരവുമായി ആദിവാസികളെത്തിയത്. ആന ജനിച്ച് വളര്‍ന്ന മതികെട്ടാന്‍ വനത്തിലേക്ക് തിരിച്ചെത്തിക്കണമെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. ചിന്നക്കനാലിലെ ആടുവിളന്താൻ, ടാങ്ക് മേട്, പച്ചപുൽ, ചെമ്പകതൊഴു, കോഴിപ്പന എന്നിവിടങ്ങളിലെ ആദിവാസികളാണ് സമരവുമായെത്തിയത്.

ഇത് വെറും സൂചന മാത്രമാണെന്നും അരിക്കൊമ്പനെ ദ്രോഹിക്കുന്ന നടപടി തുടര്‍ന്നാല്‍ വീണ്ടും ശക്തമായ സമരം സംഘടിപ്പിക്കുമെന്നും ആദിവാസികള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ തമിഴ്‌നാട്ടിലെ തേനിയില്‍ നിന്ന് മയക്ക് വെടി വച്ച് പിടികൂടിയ അരിക്കൊമ്പനെ ഇന്ന് രാവിലെയാണ് കന്യാകുമാരിയിലെ വനമേഖലയില്‍ വിട്ടയച്ചത്. ഇതിന് പിന്നാലെയാണ് പ്രതിഷേധവുമായി ആദിവാസികള്‍ രംഗത്തെത്തിയത്.

Last Updated : Jun 8, 2023, 4:48 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.