ETV Bharat / bharat

നോട്ടുനിരോധനത്തില്‍ ജനദുരിതം 'അസാധുവാക്കി' വിധി ; 'മറവി'ക്കെതിരെ പ്രതിരോധം തീര്‍ത്ത് വിയോജിപ്പ്

author img

By

Published : Jan 2, 2023, 10:09 PM IST

Updated : Jan 2, 2023, 10:26 PM IST

നോട്ടുനിരോധനം റദ്ദാക്കാന്‍ ആകില്ലെന്നും ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന് നിലപാടെടുക്കാന്‍ അധികാരമുണ്ടെന്നുമായിരുന്നു, വിയോജിച്ചുകൊണ്ടുള്ള ഹര്‍ജികള്‍ തള്ളി സുപ്രീം കോടതി അഭിപ്രായപ്പെട്ടത്. കോടതി വിധി ഇങ്ങനെയാണെന്നിരിക്കെ നോട്ടുനിരോധനം ഉണ്ടാക്കിയ പ്രത്യാഘാതങ്ങളും കേന്ദ്ര സര്‍ക്കാരിന്‍റെ അവകാശവാദങ്ങള്‍ ജലരേഖയായി മാറിയതും പരിശോധിക്കുന്നു

Supreme court verdict on demonetisation  കേന്ദ്ര സര്‍ക്കാര്‍  നോട്ടുനിരോധനത്തില്‍ ജനദുരിതം  നോട്ടുനിരോധനത്തില്‍ സുപ്രീം കോടതി  Analysis of demonetisation Verdict  demonetisation Verdict of Supreme Court  സുപ്രീം കോടതി
മറവിക്കെതിരെ പ്രതിരോധം തീര്‍ത്ത് വിയോജിപ്പ്

'കേന്ദ്ര സര്‍ക്കാര്‍ വേണ്ടത്ര കൂടിയാലോചനകള്‍ നടത്തിയെന്നാണ് വ്യക്തമാകുന്നത്. സാമ്പത്തിക വിഷയങ്ങളില്‍ സര്‍ക്കാരിന് തന്നെയാണ് പരമാധികാരം. നോട്ടുനിരോധനത്തിലൂടെ സര്‍ക്കാര്‍ എന്താണോ ലക്ഷ്യമിട്ടത് അത് നേടാനായോ എന്നത് ഇപ്പോള്‍ പ്രസക്തമല്ല' - കേന്ദ്ര സര്‍ക്കാര്‍ അഭിമാന പദ്ധതിയായി നടപ്പിലാക്കി, രാജ്യത്തെ സാധാരണക്കാര്‍ വലിയ സാമ്പത്തിക അരക്ഷിതാവസ്ഥയിലേക്ക് കൂപ്പുകുത്തി, രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥ തകിടംമറിഞ്ഞ നോട്ടുനിരോധനം ശരിവച്ചുകൊണ്ട് സുപ്രീം കോടതി അഭിപ്രായപ്പെട്ടത് ഇങ്ങനെയായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ എന്തെങ്കിലും തെറ്റുണ്ടെന്ന് പറയാനാവില്ലെന്ന് വ്യക്തമാക്കി, ആദ്യം വിധിപറഞ്ഞ ജസ്റ്റിസ് ബിആർ ഗവായിയാണ് ഇക്കാര്യം വിശദീകരിച്ചത്.

പ്രത്യാശ ഉയര്‍ത്തുന്ന വിയോജിപ്പ് : നോട്ടുനിരോധനത്തെ ചോദ്യംചെയ്‌തുവന്ന 58 ഹര്‍ജികള്‍ പരിശോധിച്ച അഞ്ചംഗ ബഞ്ചില്‍ മറ്റു മൂന്ന് ജഡ്‌ജിമാര്‍ ഗവായിയുടെ നിലപാടിനോട് യോജിച്ചപ്പോള്‍ ഒരാള്‍ മാത്രമാണ് ഭിന്നാഭിപ്രായം പറഞ്ഞത്. ബഞ്ചിലെ മറ്റൊരു ജഡ്‌ജിയായ ബിവി നാഗരത്നയാണ് ഈ വിധിയില്‍ വിയോജിപ്പ് പ്രകടിപ്പിച്ചത്. ഭൂരിപക്ഷം ജഡ്‌ജിമാരും ഒരേ നിലപാടില്‍ ഉറച്ചുനിന്നതോടെ നോട്ടുനിരോധിച്ച കേന്ദ്രസര്‍ക്കാരിന്‍റെ നടപടിക്രമത്തിന് സുപ്രീം കോടതി ഭരണഘടനാബഞ്ചിന്‍റെ അംഗീകാരം ലഭിയ്ക്കു‌കയുണ്ടായി. എന്നാല്‍, നോട്ടുനിരോധനം രാജ്യത്തുണ്ടാക്കിയ കടുത്ത പ്രത്യാഘാതത്തെ മറവിയുടെ ചവറ്റുകൂനയിലേക്ക് തള്ളിവിടാതിരിക്കാനുള്ള പ്രതിരോധം കൂടിയായിരുന്നു സുപ്രീം കോടതി ബഞ്ചിലുയര്‍ന്ന എതിര്‍പ്പിന്‍റെ സ്വരം.

Supreme court verdict on demonetisation  കേന്ദ്ര സര്‍ക്കാര്‍  നോട്ടുനിരോധനത്തില്‍ ജനദുരിതം  നോട്ടുനിരോധനത്തില്‍ സുപ്രീം കോടതി  Analysis of demonetisation Verdict  demonetisation Verdict of Supreme Court  സുപ്രീം കോടതി
സുപ്രീം കോടതി

'എന്‍റെ കാഴ്‌ചപ്പാടില്‍ നവംബര്‍ എട്ടിലെ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം നിയമവിരുദ്ധമാണ്. നോട്ടുനിരോധനം നിയമവിധേയമല്ലാത്ത ഒരു അധികാരപ്രയോഗമായിരുന്നു. അതുകൊണ്ടുതന്നെ നിയമവിരുദ്ധമായ നടപടിയായിരുന്നു. എന്നാല്‍, ഇത് സംഭവിച്ചത് 2016ല്‍ ആയതുകൊണ്ട് പഴയ സ്ഥിതി ഇനി പുനഃസ്ഥാപിക്കാനാവില്ല' - ഇങ്ങനെയായിരുന്നു ജസ്റ്റിസ് നാഗരത്‌നയുടെ വിധിപ്രസ്‌താവം. ഭൂരിപക്ഷത്തിനാണ് മുഖ്യപരിഗണന എന്നതുകൊണ്ടുതന്നെ, ഈ ഭിന്ന നിലപാട് അപ്രസക്തമായെങ്കിലും രാജ്യത്ത് ഉയര്‍ന്ന ചോദ്യങ്ങളും വിമര്‍ശനങ്ങളും എക്കാലവും നിലനില്‍ക്കും.

ദരിദ്രന്‍ എന്നും ദരിദ്രന്‍ : രാജ്യത്തെ ആകെ ജനസംഖ്യയായ 139 കോടി പേരില്‍ ബഹുഭൂരിപക്ഷവും സാധാരണക്കാരാണ്. അതുകൊണ്ടുതന്നെ, 2016 നവംബര്‍ എട്ടിന് രാത്രി പ്രധാനമന്ത്രി നരേന്ദ്ര മോദി 1000, 500 രൂപ നോട്ടുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതോടെ കോടിക്കണക്കിന് സാധാരണക്കാരുടെ ജീവിതമാണ് കടുത്ത പ്രതിസന്ധിയിലായത്. അരിയും സാധനങ്ങളും വരെ വാങ്ങാനാവാതെ വിശപ്പും ദാഹവും സഹിച്ച് ഇക്കണ്ട ജനങ്ങള്‍ മണിക്കൂറുകളാണ് ബാങ്കിനും എടിഎമ്മിനും മുന്‍പില്‍ കൊടുംവെയിലില്‍ കുത്തനെ നിന്നും ഇരുന്നും പണത്തിനായി ക്യൂ പാലിച്ചത്. ഇങ്ങനെ നിന്നതിനെ തുടര്‍ന്ന് ദേഹം തളര്‍ന്ന് കുഴഞ്ഞുവീണ രാജ്യത്തെ നിരവധി പാവപ്പെട്ടവരായ മനുഷ്യരാണ് മരണത്തിന് കീഴടങ്ങിയത്.

Supreme court verdict on demonetisation  കേന്ദ്ര സര്‍ക്കാര്‍  നോട്ടുനിരോധനത്തില്‍ ജനദുരിതം  നോട്ടുനിരോധനത്തില്‍ സുപ്രീം കോടതി  Analysis of demonetisation Verdict  demonetisation Verdict of Supreme Court  സുപ്രീം കോടതി
പഴയ 500, 1000 രൂപയുടെ കറന്‍സി നോട്ടുകള്‍

ALSO READ| നോട്ട് നിരോധനം സാധു; നാല് ജഡ്ജിമാർ നടപടി ശരിവച്ചു, കേന്ദ്രസർക്കാരിന് അനുകൂല വിധി

രാജ്യത്ത് കൃത്യമായി നികുതി കൊടുക്കുന്നവരില്‍ ഏറെ ശ്രദ്ധിച്ചവരാണ് ചെറുകിട സംരംഭങ്ങള്‍ നടത്തിയിരുന്നവര്‍. എന്നാല്‍, അതിസമ്പന്നരുടെ നോട്ടുകള്‍ അതിവേഗം മാറ്റിക്കൊടുക്കാന്‍ ശ്രമിച്ചത് ഇക്കൂട്ടരെ നന്നായി ബാധിച്ചു. അതിസമ്പന്നര്‍ ആസ്‌തിയായും ഉത്‌പന്നങ്ങളായും പുറമെ വിദേശ ബാങ്കുകളിലടക്കം നിക്ഷേപമായും കോടികള്‍ വര്‍ഷങ്ങള്‍കൊണ്ട് നേരത്തേ സമ്പാദിച്ചവരായിരുന്നു. അതുകൊണ്ടുതന്നെ കള്ളപ്പണം എന്നത് നോട്ടില്‍ മാത്രം ഒതുങ്ങാത്ത ഒന്നായതിനാല്‍ തന്നെ അവര്‍ക്ക് വലിയ തോതില്‍ പ്രത്യാഘാതം ഏറ്റില്ല. ഇക്കൂട്ടര്‍ വീണ്ടും വീണ്ടും സമ്പന്നരായപ്പോള്‍ അന്നന്നത്തെ തുച്ഛമായ സമ്പാദ്യം കാലങ്ങള്‍കൊണ്ട് സ്വരൂക്കൂട്ടിയ പാവപ്പെട്ട മനുഷ്യര്‍ ദാരിദ്ര്യത്തില്‍ നിന്നും കൊടും ദാരിദ്ര്യത്തിലേക്ക് തെന്നിവീണു. ഉപജീവനമാര്‍ഗമടക്കം താറുമാറായതിനെ തുടര്‍ന്ന് ഒരു ഗതിയുമില്ലാതെ ഇന്നും പരക്കം പായുന്ന അനേകം മനുഷ്യര്‍ നോട്ടുനിരോധനത്തിന്‍റെ ജീവിക്കുന്ന രക്തസാക്ഷികളാണ്.

ഉള്ളുപൊള്ളയായ കേന്ദ്ര വാദം : നോട്ടുനിരോധനം ഡിജിറ്റല്‍ ഇടപാട് വര്‍ധിപ്പിച്ചു, വ്യാജനോട്ട് തടഞ്ഞു, കള്ളപ്പണത്തിന് തിരിച്ചടി നല്‍കാനായി, ഭീകരവാദത്തിനായുള്ള ഫണ്ടിങ്ങിനെ ഇല്ലാതാക്കി എന്നിങ്ങനെയാണ് ഈ വിഷയത്തില്‍ വന്ന ഹര്‍ജികള്‍ക്കെതിരായി കേന്ദ്രം സുപ്രീം കോടതിയില്‍ വാദിച്ചത്. എന്നാല്‍, നിരോധനം പ്രാബല്യത്തില്‍ വന്ന് കൃത്യം ഒരുകൊല്ലം കഴിഞ്ഞ ശേഷം എത്ര കള്ളപ്പണമാണ് പിടിച്ചതെന്ന ചോദ്യത്തിന് മുന്‍പില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) കൈമലര്‍ത്തുകയാണ് ഉണ്ടായത്. പാര്‍ലമെന്‍റിന്‍റെ ധനകാര്യ പാനലിന് മുന്‍പിലാണ് ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ആര്‍ബിഐ തങ്ങളുടെ പക്കല്‍ വിവരങ്ങളില്ലെന്ന് പറഞ്ഞ് തടിതപ്പിയത്.

Supreme court verdict on demonetisation  കേന്ദ്ര സര്‍ക്കാര്‍  നോട്ടുനിരോധനത്തില്‍ ജനദുരിതം  നോട്ടുനിരോധനത്തില്‍ സുപ്രീം കോടതി  Analysis of demonetisation Verdict  demonetisation Verdict of Supreme Court  സുപ്രീം കോടതി
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ

അനൗദ്യോഗിക അസംഘടിത മേഖലയേയും ജിഡിപിയേയും നോട്ടുനിരോധനം എങ്ങനെ ബാധിച്ചുവെന്ന ചോദ്യത്തിന് കേന്ദ്രബാങ്കിന് ഉത്തരം നല്‍കാനായില്ല. 15.28 ലക്ഷം കോടി പഴയ നോട്ടുകള്‍ തിരിച്ചെത്തിയിട്ടുണ്ട് എന്നത് മാത്രമായിരുന്നു ആര്‍ബിഐയ്‌ക്ക് കണക്കുകള്‍ വച്ചൊരു മറുപടി പറയാനുണ്ടായിരുന്നത്. തങ്ങള്‍ക്ക് വന്‍ തോതില്‍ കള്ളപ്പണം പിടികൂടാനായെന്ന് കേന്ദ്ര സര്‍ക്കാര്‍ ഒരു അടിസ്ഥാനവുമില്ലാതെ വീമ്പിളക്കുന്നതിനെ തകര്‍ത്ത് തരിപ്പണമാക്കുന്നതായിരുന്നു 2017 സെപ്‌റ്റംബറിലെ ആര്‍ബിഐയുടെ ഈ വിശദീകരണം.

പറച്ചില്‍ ഒന്ന്, വസ്‌തുത മറ്റൊന്ന് : മൂന്നാം വാര്‍ഷികമായ 2019ല്‍, നോട്ടുനിരോധനം ഉള്‍പ്പടെയുള്ള മാര്‍ഗങ്ങളിലൂടെ 1.3 ലക്ഷം കോടിയുടെ കള്ളപ്പണം പിടിച്ചുവെന്ന് അന്നത്തെ ധനമന്ത്രി പീയുഷ് ഗോയല്‍ പാര്‍ലമെന്‍റില്‍ പറഞ്ഞിരുന്നു. എന്നാല്‍, നോട്ടുനിരോധനത്തിലൂടെ മാത്രം എത്ര കള്ളപ്പണം പിടിക്കാനായെന്ന് നിരോധനത്തിന്‍റെ ഈ ആറാം വര്‍ഷത്തിലും (2022) വ്യക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാരിനായില്ല എന്നത് നഗ്‌നമായ യാഥാര്‍ഥ്യമാണ്. നിരോധിച്ച 1000 രൂപയുടെ പകരം നോട്ട് ഇറക്കിയില്ലെങ്കിലും 500ന്‍റെ പുത്തന്‍ നോട്ടിറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ താത്‌പര്യം കാണിച്ചിരുന്നു.

Supreme court verdict on demonetisation  കേന്ദ്ര സര്‍ക്കാര്‍  നോട്ടുനിരോധനത്തില്‍ ജനദുരിതം  നോട്ടുനിരോധനത്തില്‍ സുപ്രീം കോടതി  Analysis of demonetisation Verdict  demonetisation Verdict of Supreme Court  സുപ്രീം കോടതി
പ്രധാനമന്ത്രി നരേന്ദ്ര മോദി

എന്നാല്‍, ഇതും ഫലം കണ്ടില്ലെന്നതാണ് 2022 സാമ്പത്തിക വർഷത്തില്‍ പുറത്തുവന്ന ആർബിഐയുടെ വാർഷിക റിപ്പോർട്ട് ചൂണ്ടിക്കാട്ടിയത്. 500 രൂപയുടെ വ്യാജനോട്ടിൽ 101.93% വർധനയുണ്ടായെന്ന് ഞെട്ടിപ്പിക്കുന്നതായിരുന്നു ഈ കണക്ക്. 1000ത്തിന്‍റെ പകരക്കാരനായി പുറത്തിറക്കിയ 2000 രൂപയുടെ 54% വ്യാജനോട്ടുകളാണ് രാജ്യത്ത് പ്രചരിച്ചത്. അതേസമയം 50, 100 നോട്ടുകളുടെ വ്യാജന്മാർ യഥാക്രമം 28.65%, 16.71% എന്നിങ്ങനെ കുറയുകയാണ് ഉണ്ടായത്.

ഭീകരവാദത്തിലും പാളി : ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി വരുന്ന പണത്തിന്‍റെ ഒഴുക്ക് ഇല്ലായ്‌മ ചെയ്യാനാവുമെന്ന് കേന്ദ്രം ഈ നിരോധന സമയത്ത് വാദിച്ചിരുന്നു. എന്നാല്‍, ഇതുസംബന്ധിച്ച ആധികാരിക കണക്കുകള്‍ നിരത്തുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ തോറ്റുതുന്നം പാടുകയാണുണ്ടായത്. ഇത് മോദി സര്‍ക്കാര്‍ തന്നെ തുറന്ന് സമ്മതിക്കുന്നതായിരുന്നു 2022 ഡിസംബറില്‍ കേന്ദ്ര സർക്കാരിനുവേണ്ടി ഹാജരായ അറ്റോർണി ജനറൽ ആർ വെങ്കട്ടരമണി സുപ്രീം കോടതിയില്‍ വ്യക്തമാക്കിയത്. നോട്ട്‌ അസാധുവാക്കൽ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ പരാജയപ്പെട്ടാൽ തന്നെയും ആ നടപടി നിയമപരമായി അസാധുവാകുന്നില്ലെന്നായിരുന്നു അറ്റോർണി ജനറൽ കോടതിയില്‍ അറിയിച്ചത്.

ബിജെപിയില്‍ നിന്നുതന്നെ വിമര്‍ശനം : നോട്ടിന്‍റെ കാര്യത്തില്‍ മുന്നൊരുക്കമില്ലാതെ എങ്ങനെയാണോ നിരോധനം ഏര്‍പ്പെടുത്തിയത് സമാനമായ രീതിയിലായിരുന്നു പിന്നാലെയുണ്ടായ ചരക്ക് സേവന നികുതി (ജിഎസ്‌ടി) നടപ്പാക്കലും. ഇതിലും വീഴ്‌ച വന്ന് രാജ്യത്തിന്‍റെ സാമ്പത്തിക രംഗത്തിന് ഇരട്ടപ്രഹരമായതോടെ നോട്ടുനിരോധനത്തിലും ജിഎസ്‌ടി നടപ്പാക്കലിലും മോദി സര്‍ക്കാരിന് പരാജയം സംഭവിച്ചുവെന്ന് മുന്‍ ധനമന്ത്രിയും ബിജെപി നേതാവുമായ യശ്വന്ത് സിന്‍ഹ അഭിപ്രായപ്പെട്ടു. സമ്പദ്ഘടനയെ തകര്‍ച്ചയിലേക്ക് നയിച്ചതിന്‍റെ പൂര്‍ണ ഉത്തരവാദിത്വം മോദി സര്‍ക്കാരിനാണെന്ന് ബിജെപി പാളയത്തില്‍ നിന്നുകൊണ്ടുതന്നെ 2017 നവംബറില്‍ യശ്വന്ത് സിന്‍ഹ തുറന്നടിച്ചിരുന്നു.

Supreme court verdict on demonetisation  കേന്ദ്ര സര്‍ക്കാര്‍  നോട്ടുനിരോധനത്തില്‍ ജനദുരിതം  നോട്ടുനിരോധനത്തില്‍ സുപ്രീം കോടതി  Analysis of demonetisation Verdict  demonetisation Verdict of Supreme Court  സുപ്രീം കോടതി
പഴയ 1000 രൂപയുടെ കറന്‍സി നോട്ടുകള്‍

എല്ലാം രാജ്യത്തിന്‍റെ നന്മയ്‌ക്ക് വേണ്ടിയാണല്ലോ എന്നതായിരുന്നു, നോട്ടുനിരോധനത്തിന് ശേഷമുയര്‍ന്ന വലിയ വിമര്‍ശനങ്ങള്‍ക്കിടയിലും പ്രതിസന്ധിയിലായ സാധാരണക്കാരില്‍ പലരുടേയും പ്രതികരണം. എന്നാല്‍, ഇങ്ങനെ പ്രതികരിച്ച സാധാരണക്കാര്‍ക്കടക്കം ലഭിക്കേണ്ട നീതി വിദൂരത്താണ് ഇപ്പോഴും.

Last Updated : Jan 2, 2023, 10:26 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.