ETV Bharat / bharat

മുസ്‌ലിം ആണെന്ന് മറച്ചുവച്ച് അമുസ്‌ലിം സ്ത്രീകളെ വിവാഹം കഴിക്കുന്നത് ഖുറാനെതിര്: ഫത്വ പുറപ്പെടുവിച്ച് ഓൾ ഇന്ത്യ മുസ്‌ലിം ജമാത്ത്

author img

By

Published : Mar 6, 2023, 11:54 AM IST

love jihad  islam  muslim  uttarpradesh  new fatwa  അമുസ്‌ലിം  ഫത്വ  ലൗ ജിഹാദ്  ഖുറാൻ  ഉത്തർപ്രദേശ്  ഓൾ ഇന്ത്യ മുസ്ലിം ജമാത്തിന്‍റെ ഫത്‌വ
All India Muslim Jamat

ഒരാളുടെ വ്യക്തിത്വം മറച്ചുവയ്‌ക്കുന്ന പ്രവൃത്തി ഖുറാൻ വചനങ്ങൾക്ക് വിരുദ്ധമാണെന്ന് ഉത്തർ പ്രദേശിലെ ദർഗ അലാ ഹസ്രത്തിന്‍റെ മതസംഘടനയായ ഓൾ ഇന്ത്യ മുസ്‌ലിം ജമാത്ത്. വിശ്വാസത്തിന്‍റെ തത്വങ്ങൾക്ക് വിരുദ്ധമായി മുസ്‌ലിം പെൺകുട്ടികളെ സമീപിക്കാൻ നെറ്റിയിൽ കുറി തൊട്ടും, യുവാക്കൾ അവരുടെ കൈകളിൽ ചരട് കെട്ടുകയും ചെയ്യുന്നത് വിലക്കി ജമാത്ത് ഫത്‌വ

ബറേലി : രാജ്യത്തുടനീളം വിവാദമായ ലൗ ജിഹാദ് വിഷയത്തിൽ നിലപാടുമായി ഉത്തർ പ്രദേശിലെ ദർഗ അലാ ഹസ്രത്തിന്‍റെ മതസംഘടനയായ ഓൾ ഇന്ത്യ മുസ്‌ലിം ജമാത്ത്. മുസ്‌ലിം യുവാക്കളെ അവരുടെ ഐഡന്‍റിറ്റി മറച്ചുവച്ച് അമുസ്‌ലിം സ്ത്രീകളുമായി ബന്ധം സ്ഥാപിക്കുന്നതിൽ നിന്നും വിലക്കുന്നതാണ് ഓൾ ഇന്ത്യ മുസ്‌ലിം ജമാത്തിന്‍റെ ഫത്‌വ. ഞായറാഴ്‌ച നടത്തിയ വാർത്താസമ്മേളനത്തിൽ ഒരാളുടെ വ്യക്തിത്വം മറച്ചുവയ്‌ക്കുന്ന പ്രവൃത്തി ഖുറാൻ വചനങ്ങൾക്ക് വിരുദ്ധമാണെന്ന് മാധ്യമങ്ങളെ അഭിസംബോധന ചെയ്‌തുകൊണ്ട് സംഘടനയുടെ പ്രസിഡന്‍റ് മൗലാന ഷഹാബുദ്ദീൻ റസ്‌വി പറഞ്ഞു.

'മുസ്‌ലിം യുവാക്കൾ തങ്ങൾ മുസ്‌ലിം മതസ്ഥൻ ആണെന്ന കാര്യം മനപൂർവം മറച്ച് വയ്‌ക്കുകയാണ് ചെയ്യുന്നത്. അമുസ്‌ലിം സമുദായത്തിലെ സ്‌ത്രീകളുമായി ഇവർ പ്രണയത്തിൽ ആവുകയും, ഒടുക്കമത് വിവാഹത്തിലേക്ക് എത്തുകയും ചെയ്യുകയാണ്. ഇത്തരം അവസരങ്ങളിൽ അവർ ഖുറാനെ മനപൂർവം മറക്കുകയാണ്. ഇസ്‌ലാം വിശ്വാസത്തിന്‍റെ തത്വങ്ങൾക്ക് വിരുദ്ധമായി മുസ്‌ലിം പെൺകുട്ടികളെ സമീപിക്കാൻ നെറ്റിയിൽ കുറി തൊട്ടും, യുവാക്കൾ അവരുടെ കൈകളിൽ ചരട് കെട്ടുകയും ചെയ്യുന്നു', മൗലാന ഷഹാബുദ്ദീൻ റസ്‌വി കൂട്ടിച്ചേർത്തു.

പെൺകുട്ടികളെ കബളിപ്പിക്കാൻ അവർ തങ്ങളുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ യുവാക്കൾ അമുസ്‌ലിം പേരുകളാണ് ഇടുന്നതെന്നും, ഇസ്‌ലാമെന്നാൽ ദീൻ-ഇ-ഫിത്രാത് (പ്രകൃതി നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള മതം) ആണ്, കൂടാതെ ഒരാളുടെ വ്യക്തിത്വം മറച്ചുവയ്‌ക്കുന്ന പ്രവൃത്തി നിയമവിരുദ്ധവും 'ഹറാമും' ആയി ഇസ്‌ലാം കണക്കാക്കുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.

എന്താണ് ലൗ ജിഹാദ് : അമുസ്‌ലിം യുവതികളെ പ്രണയം നടിച്ച് ഇസ്‌ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യുവാനുള്ള ആസൂത്രിത പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്ന ആരോപണത്തെ തുടർന്ന് ഉയർന്നു വന്ന വിവാദമാണ് ലൗ ജിഹാദ്. മതപരിവർത്തനത്തിനു വേണ്ടി മുസ്‌ലിം പുരുഷൻ അമുസ്‌ലിം സ്‌ത്രീയുമായി മനപൂർവം ഉണ്ടാക്കുന്ന പ്രണയബന്ധങ്ങളെ സൂചിപ്പിക്കാനാണ് ലൗ ജിഹാദ് എന്ന പദപ്രയോഗം നടത്തുന്നത്. ലൗ ജിഹാദുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങളാണ് കേരളത്തിൽ നിന്ന് ഉയർന്നു വന്നിരുന്നത്.

വിവാദമായ നാർക്കോട്ടിക് ജിഹാദ് : പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിൽ നടത്തിയ നാർക്കോട്ടിക് - ലവ് ജിഹാദ് പ്രസ്‌താവന വലിയ വിവാദങ്ങൾക്ക് വഴി വച്ചിരുന്നു. കുറുവിലങ്ങാട് പള്ളിയിൽ 2022 ഒക്‌ടോബറിലാണ് ബിഷപ്പ് പ്രസ്‌താവന നടത്തിയത്. 'മുസ്‌ലിങ്ങള്‍ അല്ലാത്തവര്‍ ഇല്ലാതാകണമെന്നാണ് ജിഹാദി ഗ്രൂപ്പുകളുടെ ലക്ഷ്യം. ഇതര മതസ്ഥരായ യുവതികള്‍ ഐഎസ് ക്യാമ്പില്‍ എങ്ങനെ എത്തിയെന്ന് പരിശോധിച്ചാല്‍ ഇക്കാര്യങ്ങള്‍ മനസിലാകും.

കത്തോലിക്ക യുവാക്കളില്‍ മയക്കുമരുന്ന് ഉപയോഗം വ്യാപകമാക്കാന്‍ പ്രത്യേകം ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ലവ് ജിഹാദില്ലെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് കണ്ണടച്ച് ഇരുട്ടാക്കുന്നതിന് തുല്യമാണ്. മുസ്‌ലിം ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ പല തരത്തില്‍ ശ്രമം നടത്തുന്നുണ്ടെന്നും ഹലാല്‍ വിവാദം ഇതിന്‍റെ ഭാഗമാണ്. കത്തോലിക്ക കുടുംബങ്ങള്‍ കരുതിയിരിക്കണം', പാലാ ബിഷപ്പ് പ്രസംഗിച്ചു. പിന്നീട് ഇദ്ദേഹത്തിനെതിരെ പാലാ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരം കുറവിലങ്ങാട് പൊലീസ് കേസ് എടുത്തിരുന്നു. ലൗ ജിഹാദ് യാഥാർഥ്യമാണെന്ന് പറഞ്ഞ് എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും രംഗത്ത് വന്നിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.