ETV Bharat / bharat

'ലൗ ജിഹാദ് എങ്ങനെയെന്ന് മനസിലാക്കിത്തരുന്നു'; ദി കേരള സ്റ്റോറിയെ അനുകൂലിച്ച് അഖില ഭാരതീയ അഖാര പരിഷത്ത്

author img

By

Published : May 6, 2023, 6:59 PM IST

കോൺഗ്രസ് മുസ്‌ലിം പ്രത്യയശാസ്ത്രത്തിന്‍റെ പാർട്ടിയാണെന്നും അതിനാലാണ് ചിത്രത്തെ എതിർക്കുന്നതെന്നും അഖില ഭാരതീയ അഖാര പരിഷത്ത്

The Kerela Story  Akhil Bharatiya Akhara Parishad  ദി കേരള സ്റ്റോറി  കേരള സ്റ്റോറി  Akhara Parishad Supports The Kerela Story  തീവ്ര ഹിന്ദു സന്യാസ സഭ  ദി കേരള സ്റ്റോറിയെ അനുകൂലിച്ച് അഖാര പരിഷത്ത്  ശിവരാജ് സിങ് ചൗഹാൻ
ദി കേരള സ്റ്റോറിയെ അനുകൂലിച്ച് അഖാര പരിഷത്ത്

ഹരിദ്വാർ: ‘ദി കേരള സ്റ്റോറി’ എന്ന ചിത്രത്തെ കുറിച്ചുള്ള ചർച്ചകൾ രാജ്യത്ത് തകൃതിയായി നടക്കുകയാണ്. റിലീസിന് പിന്നാലെ ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെപ്പേർ രംഗത്തെത്തുന്നുണ്ട്. ഇതിനിടെ ചിത്രത്തെ പുകഴ്‌ത്തി പ്രധാന മന്ത്രി നരേന്ദ്ര മോദിയും രംഗത്ത് എത്തിയിരുന്നു. ഇപ്പോൾ ചിത്രത്തെ അനുകൂലിച്ച് രംഗത്തെത്തിയിരിക്കുകയാണ് തീവ്ര ഹിന്ദു സന്യാസ സഭയായ അഖില ഭാരതീയ അഖാര പരിഷത്ത്.

ചിത്രത്തിനെതിരെ പ്രതിഷേധിച്ച കോണ്‍ഗ്രസിനെ ലക്ഷ്യമിട്ടുകൊണ്ടും ബിജെപിയെ പിന്തുണച്ചുകൊണ്ടുമാണ് അഖില ഭാരതീയ അഖാര പരിഷത്ത് രംഗത്തെത്തിയത്. കോൺഗ്രസ് തുടക്കം മുതൽ മുസ്‌ലിം പ്രത്യയശാസ്ത്രത്തിന്‍റെ പാർട്ടിയാണെന്നും കോൺഗ്രസ് സർക്കാർ ഉള്ളിടത്തെല്ലാം മുസ്‌ലിംങ്ങൾക്ക് സംരക്ഷണം നൽകുന്ന ജോലിയാണ് ചെയ്യുന്നതെന്നുമായിരുന്നു അഖില ഭാരതീയ അഖാര പരിഷത്ത് പ്രസിഡന്‍റ് മഹന്ത് രവീന്ദ്ര പുരി അഭിപ്രായപ്പെട്ടത്.

ചില യുവാക്കൾ ഇതര മതത്തിലെ പെൺകുട്ടികളെ ലൗ ജിഹാദിൽ കുടുക്കിയ ശേഷം ഉപേക്ഷിക്കുന്നു. കശ്‌മീരി ഹിന്ദുക്കൾക്ക് നേരെയുള്ള അതിക്രമങ്ങൾ നേരത്തെ പുറത്തിറങ്ങിയ 'ദി കശ്‌മീർ ഫയൽസ്' എന്ന സിനിമയിൽ ആളുകൾ കണ്ടിട്ടുണ്ട്. എങ്ങനെയാണ് മുസ്‌ലിംങ്ങൾ ലൗ ജിഹാദ് പോലെയുള്ള പ്രചാരണം നടത്തുന്നതെന്ന് ദി കേരള സ്റ്റോറിയിൽ നിന്ന് വ്യക്തമായി അറിയാമെന്നും മഹന്ത് രവീന്ദ്ര പുരി പറഞ്ഞു.

ആ കുടുംബങ്ങളുടെ വേദന നിങ്ങൾ അനുഭവിക്കുന്നുണ്ടെങ്കിൽ, തെറ്റായ ചിന്താഗതി കാരണം ആ പെൺമക്കളുടെ ജീവിതം എങ്ങനെ മാറിയെന്ന് നിങ്ങൾക്ക് ഊഹിക്കാം. അതിനാൽ തന്നെ 2024ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരവ് വളരെ പ്രധാനപ്പെട്ടതാണെന്നും അഖില ഭാരതീയ അഖാര പരിഷത്ത് പ്രസിഡന്‍റ് മഹന്ത് രവീന്ദ്ര പുരി പറഞ്ഞു.

പുകഴ്‌ത്തി മോദി: കർണാടകയിലെ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി മോദി ‘ദി കേരള സ്റ്റോറി’ എന്ന ചിത്രത്തെ കുറിച്ച് പരാമർശിച്ചത്. കേരളത്തിലെ ഭീകരരുടെ ഗൂഢാലോചന തുറന്നുകാട്ടുന്നതാണ് കേരള സ്റ്റോറി എന്ന ചിത്രം എന്നാണ് കര്‍ണാടകയിലെ ബെല്ലാരിയില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ മോദി പറഞ്ഞത്.

തീവ്രവാദ ഗൂഢാലോചനയെക്കുറിച്ചാണ് സിനിമ പറയുന്നത്. ഇതിലൂടെ ഭീകരവാദത്തിന്‍റെ ഭീകരവും യഥാർഥവുമായ മുഖം തുറന്നുകാട്ടപ്പെട്ടു. ഭീകരതയ്‌ക്കെതിരെ നിർമ്മിച്ച ഈ സിനിമയെ കോൺഗ്രസ് ഇപ്പോൾ എതിർക്കുകയാണ്. കോൺഗ്രസ് എല്ലായ്‌പ്പോഴും തീവ്രവാദത്തെ വോട്ട് ബാങ്കായി പ്രതിരോധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

നികുതിയിളവുമായി മഹാരാഷ്‌ട്ര: അതേസമയം ദി കേരള സ്‌റ്റോറി സിനിമയ്‌ക്ക് മധ്യപ്രദേശ് സർക്കാർ നികുതിയിളവും പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ബിജെപി നേതാവും മന്ത്രിയുമായ രാഹുൽ കോത്താരി നേരത്തെ ചിത്രത്തിന് നികുതി ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. പിന്നാലെയായിരുന്നു പ്രഖ്യാപനം.

സുദീപ്തോ സെൻ സംവിധാനം ചെയ്‌ത ചിത്രത്തിനെതിരെ റിലീസിന് മുന്നേ തന്നെ വലിയ പ്രതിഷേധങ്ങളാണ് ഉയർന്നിരുന്നത്. കേരളത്തിൽ നിന്നുള്ള 32,000 ഹിന്ദു, ക്രിസ്‌ത്യന്‍ സ്‌ത്രീകളെ മുസ്‌ലിം വിഭാഗത്തിലേക്ക് നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്നാണ് ചിത്രം ആരോപിക്കുന്നത്. ഇതിന് ശേഷം ഇവരെ തീവ്രവാദ സംഘടനയായ ഐഎസിൽ ചേര്‍ത്തെന്നും ചിത്രം ആരോപിക്കുന്നു.

ALSO READ: 'ദി കേരള സ്റ്റോറി' നിറഞ്ഞ സദസിൽ രണ്ടാം ദിനവും പ്രദര്‍ശനം; സിനിമ കാണാന്‍ തമിഴ്‌നാട്ടില്‍ നിന്നും പ്രേക്ഷകര്‍; മികച്ചതെന്ന് പ്രതികരണം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.