ETV Bharat / bharat

കശ്മീരില്‍ മാത്രമല്ല, ലഡാക്കിലും ജി-20 നടത്തും: ചൈനയെ വെല്ലുവിളിച്ച് ഇന്ത്യ

author img

By

Published : Jul 7, 2022, 1:41 PM IST

ജി-20 യോഗങ്ങളിൽ ചിലത് ലഡാക്കില്‍ വച്ച് നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നതായാണ് വിവരം

G20 in ladakh  Kashmir g20 meetings  G20 meetings in ladakh  2023 G20 summit  ജി 20 ഉച്ചകോടി യോഗം ലഡാക്കില്‍  2023 ജി 20 ഉച്ചകോടി  ജി 20 ഉച്ചകോടി കശ്‌മീരില്‍  ജി 20 ഉച്ചകോടി പുതിയ വാര്‍ത്ത
ജമ്മു കശ്‌മീരിന് പുറമേ ലഡാക്കിലും ജി-20 യോഗങ്ങള്‍ സംഘടിപ്പിക്കാന്‍ ഇന്ത്യ; നീക്കം ചൈനയുടെ പ്രതിഷേധത്തിനിടെ

ലേ (ലഡാക്ക്): അടുത്ത ജി-20 ഉച്ചകോടിയുടെ യോഗം ജമ്മു കശ്‌മീരിന് പുറമേ ലഡാക്കിലും നടത്തുന്നതിനെ കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നതായി സൂചന. ജമ്മു കശ്‌മീരില്‍ ജി-20 നടത്തുന്നതിനെതിരെ ചൈനയും പാകിസ്ഥാനും പ്രതിഷേധവുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് പുതിയ നീക്കം. ലഡാക്കില്‍ ജി-20 യോഗങ്ങളിൽ ചിലത് സംഘടിപ്പിക്കാനോ ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കുന്ന നേതാക്കൾ മേഖല സന്ദർശിക്കാനോ ആണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നതെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

ഇതിന്‍റെ ഭാഗമായി വിദേശകാര്യ മന്ത്രാലയവുമായി ഏകോപിപ്പിക്കുന്നതിനായി രണ്ട് മുതിർന്ന ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരെ യുടി ലെവല്‍ നോഡല്‍ ഓഫിസര്‍മാരായി ലഡാക്ക് ലഫ്‌റ്റനന്‍റ് ഗവർണർ ആർ.കെ മാഥുർ നാമനിർദേശം ചെയ്‌തു. വ്യവസായ വാണിജ്യ വകുപ്പിലെ കമ്മിഷണർ സെക്രട്ടറിയും ലഡാക്കിലെ ഡിവിഷണൽ കമ്മിഷണറുമായ സൗഗത് ബിശ്വാസ്, ലേ-കാർഗിൽ റേഞ്ച് ഡിഐജി ഷെയ്ഖ് ജുനൈദ് മെഹ്‌മൂദ് എന്നിവരെയാണ് നാമനിര്‍ദേശം ചെയ്‌തിരിക്കുന്നത്. അതേസമയം, വിദേശകാര്യ മന്ത്രാലയത്തില്‍ നിന്ന് ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.

ഈ വർഷം ഡിസംബർ ഒന്നിന് ജി-20 ഉച്ചകോടിയുടെ അധ്യക്ഷ സ്ഥാനം ഇന്ത്യ ഏറ്റെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. 2023ല്‍ ജി-20 ഉച്ചകോടിയുടെ യോഗം ജമ്മു കശ്‌മീരിൽ സംഘടിപ്പിക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി ജൂൺ 23ന് ജമ്മു കശ്‌മീർ ഭരണകൂടം അഞ്ചംഗ സമിതിക്ക് രൂപം നൽകിയിരുന്നു. 2019 ഓഗസ്റ്റിൽ ജമ്മു കശ്‌മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് ജമ്മു കശ്‌മീർ, ലഡാക്ക് എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിച്ചതിന് ശേഷം ഇവിടെ നടക്കുന്ന ആദ്യത്തെ പ്രധാന അന്താരാഷ്‌ട്ര യോഗമാണിത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.