ETV Bharat / bharat

ധാരാവിയിൽ കൈവച്ച് അദാനി ; ചേരി പൊളിച്ച് ബഹുനില മന്ദിരങ്ങൾ പണിയും, ഒരു കുടുംബത്തിന് 350 ചതുരശ്ര അടി ഫ്ലാറ്റ്

author img

By ETV Bharat Kerala Team

Published : Jan 16, 2024, 7:54 AM IST

Dharavi Redevelopment : ധാരാവിയിലെ ചേരി പൊളിച്ച് ഫ്ലാറ്റ് സമുച്ചയം നിർമ്മിക്കാൻ അദാനി ഗ്രൂപ്പ്. 350 ചതുരശ്ര അടി വിസ്‌തീർണമുള്ള ഫ്ലാറ്റുകളാകും നൽകുക.

Adani Group to Redevelop Dhaaravi  Dharavi Redevelopment  ധാരാവി വികസനം  അദാനി ധാരാവി  adani flats in dharavi  dharavi adani project
Adani Group to Redevelop Dhaaravi Slum

മുംബൈ : 557 ഏക്കർ വിസ്‌തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ചേരി പ്രദേശമായ ധാരാവിയെ വികസിപ്പിക്കാൻ പദ്ധതി തയാറാക്കി അദാനി ഗ്രൂപ്പ്. സർക്കാരിന്‍റെ ചേരി പുനരധിവാസ പദ്ധതി പ്രകാരം അദാനി ഗ്രൂപ്പ് ധാരാവിയിൽ നിരവധി ഫ്ലാറ്റുകൾ നിർമ്മിച്ച് നൽകും. 350 ചതുരശ്ര അടി വിസ്‌തീർണമുള്ള ഫ്ലാറ്റുകളാകും താമസക്കാർക്ക് നൽകുക. അടുക്കളയും ശൗചാലയവും അടക്കമുള്ള സൗകര്യങ്ങൾ ഈ ഫ്ലാറ്റുകളിലുണ്ടാകും (Adani Group to Redevelop Dharavi Slum).

5069 കോടി രൂപയ്‌ക്ക് സർക്കാരിൽ നിന്ന് നേടിയ കരാറിന്‍റെ അടിസ്ഥാനത്തിലാണ് അദാനി ഗ്രൂപ്പ് ധാരാവിയിൽ വികസന പ്രവർത്തനങ്ങൾ നടത്തുക. ധാരാവിയിലെ 259 ഹെക്‌ടർ സ്ഥലത്ത് പുനർനിർമാണം നടത്തി ചേരിയെ മികച്ച സൗകര്യങ്ങളുള്ള ടൗൺഷിപ്പാക്കി മാറ്റുന്ന പദ്ധതിയാണിത്. ഇവിടെ ഫ്ലാറ്റ് സമുച്ചയങ്ങൾ നിർമിച്ച് ചേരിനിവാസികളായ 68,000 പേരെ അവിടേക്ക് മാറ്റും (Dharavi Redevelopment Project).

2000 ജനുവരി ഒന്നിന് മുൻപ് മുതൽ ഇവിടെ പാർപ്പിടം ഉള്ളതായി രേഖകൾ ഉള്ളവർക്കാണ് വീടുകൾ ലഭിക്കുക. ചേരിയിൽ നിലവിലുള്ള കുടിലുകൾ പൊളിച്ച് ബഹുനില മന്ദിരങ്ങൾ ഉയരുന്നതോടെ 17 % അധികം സ്ഥലം ലഭിക്കും. ഈ സ്ഥലം വികസനപ്രവർത്തനങ്ങൾക്കുവേണ്ടി ഉപയോഗിക്കാനാണ് പദ്ധതിയെന്ന് ധാരാവി റീഹാബിലിറ്റേഷൻ പ്രൊജക്‌ട് പ്രൈവറ്റ് ലിമിറ്റഡിന്‍റെ പബ്ലിക് റിലേഷൻസ് ഹെഡ് മകരന്ദ് ഗാഡ്‌ഗിൽ പറഞ്ഞു.

ഈ ഫ്ലാറ്റുകൾ സുഗമമായ വായുസഞ്ചാരമുറപ്പാക്കിയാകും നിർമ്മിക്കുക എന്ന് കമ്പനി അവകാശപ്പെട്ടു. അകത്ത് നല്ല വെളിച്ചവും ഉറപ്പാക്കും. ധാരാവിയുടെ വ്യാവസായിക സ്വത്വം അതേപടി നിലനിർത്തി, ചേരിയിലെ വാണിജ്യ മേഖലയെ ആഗോള തലത്തിലേക്ക് ബന്ധിപ്പിക്കാനാണ് കമ്പനിയുടെ ശ്രമം.

ധാരാവിയുടെ ജീവിത നിലവാരം ഉയർത്തൽ, ഭാവി മുന്നിൽക്കണ്ടുള്ള വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ പരിശീലനം, ഗുണനിലവാരമുള്ള ജീവിതശൈലി എന്നിവ പുതിയ ധാരാവിയിൽ ലഭ്യമാക്കും. കമ്മ്യൂണിറ്റി ഹാളുകൾ, അമ്യൂസ്‌മെന്‍റ് പാർക്കുകൾ, പബ്ലിക് സ്‌കൂളുകൾ, ക്ലിനിക്കുകൾ, ശിശു സംരക്ഷണ കേന്ദ്രങ്ങൾ എന്നിവ ധാരാവിയില്‍ ഉയരുമെന്നും മകരന്ദ് ഗാഡ്‌ഗിൽ വിശദീകരിച്ചു (Dharavi Development).

എല്ലാവർക്കും താമസസൗകര്യം : 2000 ത്തിന് മുൻപ് ഇവിടെ പാർപ്പിടം ഉണ്ടായിരുന്നവർക്കാണ് ഫ്ലാറ്റ് ലഭിക്കുക എങ്കിലും ഇത് പ്രകാരം അനർഹരായവർക്കും ഇവിടെ താമസ സൗകര്യം ലഭ്യമാക്കുമെന്ന് ഗാഡ്‌ഗിൽ പറഞ്ഞു. ഇത്തരക്കാർക്ക് സംസ്ഥാന സർക്കാരിന്‍റെ ഭവന നയത്തിന് കീഴിൽ കുറഞ്ഞ ചെലവില്‍ താമസസൗകര്യം നൽകുമെന്നും മകരന്ദ് ഗാഡ്‌ഗിൽ കൂട്ടിച്ചേർത്തു.

സര്‍ക്കാരിന്‍റെ സ്വപ്‌ന പദ്ധതി : 18 വർഷമായി ധാരാവിയുടെ സമഗ്ര വികസനം ലക്ഷ്യം വച്ചുകൊണ്ട് സർക്കാർ നടപ്പിലാക്കാൻ ശ്രമിക്കുന്ന പദ്ധതിയാണ് ഇപ്പോൾ യാഥാർഥ്യമാകാന്‍ പോകുന്നത്. ധാരാവി പുനർവികസനവുമായി ബന്ധപ്പെട്ട് 2004ലും 2009ലും 2011ലുമായി മൂന്ന് തവണ സർക്കാർ ടെൻഡർ ക്ഷണിച്ചിരുന്നു. എന്നാൽ അന്ന് വ്യവസായ ഗ്രൂപ്പുകളൊന്നും ഇതിനോട് പ്രതികരിച്ചില്ല.

തുടർന്ന് 2018ൽ ആഗോള തലത്തിൽ ധാരാവി പുനർവികസന പദ്ധതിക്കായി വീണ്ടും ടെൻഡറുകൾ ക്ഷണിച്ചു. അന്ന് അദാനി ഗ്രൂപ്പിനെ മറികടന്ന് ദുബായ്‌ ആസ്ഥാനമായ സെക്ക്‌ലിങ്ക് കമ്പനിയാണ് ഏറ്റവും ഉയർന്ന തുക വിളിച്ചത്. എന്നാൽ ചില സാങ്കേതിക പ്രശ്‌നങ്ങൾ ഉടലെടുത്തതോടെ 2020 ഒക്‌ടോബറിൽ അന്നത്തെ സർക്കാർ ടെന്‍ഡര്‍ റദ്ദാക്കി. തുടർന്ന് ഏക്‌നാഥ് ഷിൻഡെ സർക്കാർ അധികാരത്തിൽ വന്നതോടെയാണ് വീണ്ടും ആഗോള ടെൻഡർ വിളിച്ചതും അദാനി ഗ്രൂപ്പ് കരാർ സ്വന്തമാക്കിയതും.

Also Read: മുഖം മാറ്റാനൊരുങ്ങി ധാരാവി; 5000 കോടിയുടെ പുനർനിർമാണ കരാർ ഏറ്റെടുത്ത് അദാനി ഗ്രൂപ്പ്

കരാറില്‍ വിവാദം : മഹാരാഷ്ട്ര സർക്കാർ അദാനി ഗ്രൂപ്പിനെ വഴിവിട്ട് സഹായിക്കുന്നതായി കോൺഗ്രസും ഉദ്ധവ് താക്കറെ നേതൃത്വം നൽകുന്ന ശിവസേനയും വിമർശിച്ചിരുന്നു. അദാനിക്കുവേണ്ടി ഡെവലപ്‌മെന്‍റ് കൺട്രോൾ റൂളിൽ ഏക്‌നാഥ് ഷിന്‍ഡെ സർക്കാർ മാറ്റം വരുത്തിയതായാണ് ആരോപണം. കേന്ദ്ര സർക്കാരിന്‍റെ സമ്മർദത്തിന് വഴങ്ങിയാണ് റിയൽ എസ്‌റ്റേറ്റ് നിർമാണവുമായി ബന്ധപ്പെട്ട ചട്ടത്തില്‍ സംസ്ഥാന സർക്കാർ മാറ്റം വരുത്തിയിരിക്കുന്നതെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. അദാനിക്ക് വേണ്ടി ടെൻഡർ നടപടികളിലെ വ്യവസ്ഥകൾ സർക്കാർ മാറ്റിയെന്ന ആരോപണവുമായി ആദ്യം ആഗോള ടെൻഡർ നേടിയ സെക്ക്‌ലിങ്ക് നല്‍കിയ ഹര്‍ജി ബോംബെ ഹൈക്കോടതിയുടെ പരിഗണനയിലാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.