ETV Bharat / bharat

'ഗുജറാത്തില്‍ ആപ് എത്തിയത് കൊള്ളയടിക്കാരന്‍റെ വേഷത്തില്‍'; എഎപിയെ രൂക്ഷമായി വിമര്‍ശിച്ച് പി ചിദംബരം

author img

By

Published : Dec 11, 2022, 6:38 PM IST

ഗുജറാത്ത് അസംബ്ലി തെരഞ്ഞെടുപ്പില്‍ എഎപി കൊള്ളയടിക്കാരന്‍റെ വേഷത്തിലെത്തിയെന്നും കോണ്‍ഗ്രസിനെ 33 സീറ്റില്‍ ഇടിച്ചിട്ടെന്നും വ്യക്തമാക്കി മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം

AAP  AAP plays spoiler in Gujarat  Gujarat  P Chidambaram  Aam Aadmi Party  Gujarat Assembly Election  central minister  Congress leader  ഗുജറാത്തില്‍  ആപ്  കൊള്ളയടിക്കാരന്‍റെ വേഷത്തില്‍  എഎപി  പി ചിദംബരം  ഗുജറാത്ത്  തെരഞ്ഞെടുപ്പില്‍  എഎപി  കോണ്‍ഗ്രസ്  കേന്ദ്ര മന്ത്രി  മന്ത്രി  പി ചിദംബരം
'ഗുജറാത്തില്‍ ആപ് എത്തിയത് കൊള്ളയടിക്കാരന്‍റെ വേഷത്തില്‍'; എഎപിയെ രൂക്ഷമായി വിമര്‍ശിച്ച് പി ചിദംബരം

ന്യൂഡല്‍ഹി: ഗുജറാത്തില്‍ ആം ആദ്‌മി പാര്‍ട്ടി (എഎപി) കൊള്ളയടിക്കാരന്‍റെ വേഷത്തിലെത്തിയെന്ന് രൂക്ഷമായി വിമര്‍ശനമുന്നയിച്ച് മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം. ഡല്‍ഹിക്ക് പുറത്ത് ഹരിയാനയിലും പഞ്ചാബിലുമൊഴികെ എഎപിക്ക് കാര്യമായ ചലനങ്ങളുണ്ടാക്കാനാകില്ലെന്നും ഗുജറാത്ത് തെരഞ്ഞെടുപ്പിലെ തോല്‍വിയില്‍ നിന്ന് കോണ്‍ഗ്രസിന് പഠിക്കേണ്ട പാഠങ്ങളുണ്ടെന്നും ചിദംബരം പറഞ്ഞു. 2024ലെ പൊതുതെരഞ്ഞെടുപ്പിൽ ബിജെപി ഇതര മുന്നണി കെട്ടിപ്പടുക്കാൻ കോണ്‍ഗ്രസ് തന്നെയാണ് ഏറ്റവും അനുയോജ്യമെന്നും അദ്ദേഹം പ്രതികരിച്ചു.

ഇത് ആദ്യമല്ല: മുമ്പ് ഗോവയിലും ഉത്തരാഖണ്ഡിലും ചെയ്‌തതുപോലെ ഗുജറാത്തിലും എഎപി കൊള്ളയടിക്കാരന്‍റെ വേഷം ചെയ്‌തു. ഇതോടെ ഗുജറാത്തില്‍ കോണ്‍ഗ്രസിന്‍റെ സാധ്യതകളെ എഎപി 33 സീറ്റുകളില്‍ ഇടിച്ചിട്ടു. ഹരിയാനയിലും പഞ്ചാബിലും ഒഴികെ ഡൽഹിക്ക് പുറത്ത് ആം ആദ്‌മി പാർട്ടിക്ക് കൂടുതൽ ആകർഷണീയതയുണ്ടെന്ന് താന്‍ കരുതുന്നില്ലെന്നും ഡല്‍ഹിയില്‍ നിന്ന് കൂടുതല്‍ മുന്നോട്ടുപോകുമ്പോള്‍ എഎപി തന്നെ ഇത് കണ്ടെത്തുമെന്നും ചിദംബരം പറഞ്ഞു. ദേശീയ പാർട്ടി എന്ന ലേബലിന് എഎപി യോഗ്യത നേടിയിട്ടുണ്ടോ എന്നത് പ്രാധാന്യമര്‍ഹിക്കുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

'ജി' തോല്‍വിയും കാണണം: അതേസമയം ഗുജറാത്ത്, ഹിമാചൽ പ്രദേശ് അസംബ്ലി തെരഞ്ഞെടുപ്പുകളെയും ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ (എംസിഡി) തെരഞ്ഞെടുപ്പുകളെക്കുറിച്ചും ചിദംബരം വിലയിരുത്തി. മൂന്നിടങ്ങളിലും അധികാരത്തിലുണ്ടെങ്കിലും രണ്ടിടത്ത് പരാജയപ്പെട്ടുവെന്ന വസ്‌തുത പ്രധാനമന്ത്രി നരേന്ദ്ര മോദി ചിന്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ വിജയം കൊണ്ട് ഹിമാചൽ പ്രദേശിലും എംസിഡിയിലും ബിജെപി പരാജയപ്പെട്ടുവെന്ന വസ്‌തുത മറച്ചുവയ്‌ക്കാനാകില്ല. ഹിമാചലിൽ കോൺഗ്രസും എംസിഡി തെരഞ്ഞെടുപ്പിൽ എഎപിയും നിർണായക സീറ്റുകളുടെ വ്യത്യാസത്തിൽ തന്നെ വിജയിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ഹിമാചലിലേത് വന്‍വിജയം: ഹിമാചലിലെ കോണ്‍ഗ്രസ് വിജയത്തെക്കുറിച്ച് പ്രതികരിക്കാനും പി ചിദംബരം മറന്നില്ല. ഹിമാചൽ പ്രദേശിലെ ആകെയുള്ള വോട്ടുകളുടെ മാർജിൻ ചെറുതായിരിക്കാമെങ്കിലും അത് സംസ്ഥാനമൊട്ടാകെയുള്ള പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പോലെയല്ലെന്നും മണ്ഡലം തിരിച്ചുള്ളവയാണെന്നും അദ്ദേഹം പ്രതികരിച്ചു. അതുകൊണ്ടുതന്നെ ഓരോ മണ്ഡലത്തിലെയും മാർജിൻ നോക്കേണ്ടതുണ്ടെന്നും അങ്ങനെയെങ്കില്‍ കോൺഗ്രസ് വിജയിച്ച 40 മണ്ഡലങ്ങളിൽ പലതിലും ഈ മാർജിൻ വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു.

എന്തുകൊണ്ട് തോറ്റു?: ഗുജറാത്തില്‍ പാര്‍ട്ടി പിന്തുടരുന്ന തന്ത്രങ്ങൾ എന്താണെന്ന് തനിക്ക് പൂർണമായി അറിയില്ല. എല്ലാ തെരഞ്ഞെടുപ്പുകളെയും സമീപിക്കുമ്പോഴുള്ള പൊതുതത്വം എന്ന രീതിയില്‍ മാനവശേഷിയും, വസ്‌തുക്കളും ഡിജിറ്റലുമായുള്ള ലഭ്യമായ എല്ലാ വിഭവങ്ങളുമായി മുന്നോട്ടിറങ്ങണമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഗുജറാത്ത് പ്രദേശ് കോൺഗ്രസ് കമ്മിറ്റി രാജ്യത്തുടനീളം കോൺഗ്രസിന് ലഭ്യമായ ഏറ്റവും മികച്ച മനുഷ്യവിഭവശേഷി സമാഹരിക്കുകയും അവ പ്രചാരണത്തിനായി ഉപയോഗിക്കുകയും വേണമായിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.

ഡല്‍ഹിയില്‍ 'ഞങ്ങളില്ല': കഠിനമായ തെരഞ്ഞെടുപ്പിൽ നിശബ്‌ദ പ്രചാരണം എന്നൊന്നില്ലെന്നും ഗുജറാത്തിലെ തോൽവിയിൽ നിന്ന് പാര്‍ട്ടിക്ക് പാഠങ്ങൾ പഠിക്കാനുണ്ടെന്നും ചിദംബരം പറഞ്ഞു. അതേസമയം ഡല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലെ വിജയവും ഗുജറാത്തില്‍ 13 ശതമാനം വോട്ട് വിഹിതം നേടിയതും കോണ്‍ഗ്രസിന് വെല്ലുവിളിയാകുമോ എന്നതിനെക്കുറിച്ചും അദ്ദേഹം മനസുതുറന്നു. എം‌സി‌ഡി തെരഞ്ഞെടുപ്പിലെ എഎപിയുടെ വിജയത്തിൽ അതിശയിക്കാനില്ല. കാരണം അവര്‍ ഡല്‍ഹി ഭരിക്കുന്ന പാര്‍ട്ടിയാണ്. എംസിഡി 15 വര്‍ഷം ഭരിച്ച ബിജെപിയെ പരിഗണിക്കുമ്പോള്‍ കോണ്‍ഗ്രസ് അത്ര വലിയ എതിരാളിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.