ETV Bharat / bharat

Opposition meeting | പ്രതിപക്ഷ യോഗത്തിന് 'കല്ലുകടി'യായി കോണ്‍ഗ്രസിന്‍റെ വിയോജിപ്പ് ; മുന്നറിയിപ്പുമായി എഎപി

author img

By

Published : Jun 22, 2023, 5:58 PM IST

Updated : Jun 22, 2023, 7:20 PM IST

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ വസതിയിലാണ് നാളെ പ്രതിപക്ഷ യോഗം ചേരുക

Etv Bharat
Etv Bharat

പട്‌ന : ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാറിന്‍റെ നേതൃത്വത്തില്‍ പട്‌നയിൽ പ്രതിപക്ഷ യോഗം ചേരാനിരിക്കെ, ഐക്യ ശ്രമത്തില്‍ ഭിന്നിപ്പെന്ന വിവരമാണ് പുറത്തുവരുന്നത്. കേന്ദ്രത്തിന്‍റെ വിവാദ ഓർഡിനൻസിനെതിരെ കോൺഗ്രസ് ഇതുവരെ എഎപിയെ പിന്തുണച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ പ്രതിപക്ഷ യോഗം ആം ആദ്‌മി പാർട്ടി ഒഴിവാക്കിയേക്കുമെന്നാണ് സൂചന.

പ്രതിപക്ഷ യോഗത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നിൽക്കെയാണ് സമവായത്തിലെത്തുന്നതില്‍ ചില ബിജെപി ഇതര പാര്‍ട്ടികള്‍ പരാജയപ്പെട്ടത്. കേന്ദ്രത്തിന്‍റെ വിവാദ ഓർഡിനൻസിനെ കോൺഗ്രസ് പിന്തുണച്ചില്ലെങ്കിൽ പ്രതിപക്ഷ യോഗം ഒഴിവാക്കുമെന്ന് അരവിന്ദ് കെജ്‌രിവാള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. 2024ലെ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിൽ പ്രാദേശിക പാർട്ടികൾ സ്വന്തം തട്ടകത്തില്‍ വേരോട്ടമുണ്ടാക്കാന്‍ നടത്തുന്ന ശ്രമം ശക്തമാണ്. ഈ കാരണം കൊണ്ടുതന്നെ അത് ദേശീയ തലത്തിലെ ഐക്യത്തെ ബാധിക്കുമോ എന്നതില്‍ ആശങ്കയുണ്ട്.

മനംമാറ്റമില്ലാതെ മമതയും കെസിആറും: പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിൽ പരമാവധി സീറ്റുകളിൽ ബിജെപിക്കെതിരായി പൊതുസ്ഥാനാർഥിയെ മത്സരിപ്പിക്കാനുള്ള സമവായത്തിനായാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ഈ നീക്കത്തിനിടെയാണ് ആം ആദ്‌മി പാർട്ടി 'ലക്ഷ്‌മണ രേഖ' വരയ്‌ക്കുന്നത്. എന്നാല്‍, ഇക്കാര്യത്തില്‍ പൊതുവായ അഭിപ്രായം രൂപീകരിക്കുന്നതില്‍ കോളിളക്കമുണ്ടാവാന്‍ ഇടയുണ്ട്. ഡൽഹി സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നിയമനം സംബന്ധിച്ച് കേന്ദ്ര സർക്കാർ അടുത്തിടെയാണ് ഓർഡിനൻസ് പുറപ്പെടുവിച്ചത്.

ഇതുമായി ബന്ധപ്പെട്ട ചർച്ചയ്ക്ക് തുടക്കമിടാൻ പ്രതിപക്ഷ നേതാക്കൾക്ക് കെജ്‌രിവാൾ കത്തെഴുതുകയും നേരിട്ട് കാണുകയും ചെയ്‌തിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ അനുകൂല പിന്തുണയല്ല എഎപിക്ക് ലഭിച്ചത്. കോൺഗ്രസ് തങ്ങളോടൊപ്പം നിൽക്കുന്നില്ലെങ്കിൽ, തങ്ങളും പ്രതിപക്ഷത്തോടൊപ്പം നിൽക്കില്ലെന്നാണ് എഎപി നിലപാട്. പ്രതിപക്ഷ യോഗം സംഘടിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ച നേതാവാണ് തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി. എന്നാല്‍, കോൺഗ്രസുമായുള്ള മുന്നോട്ടുപോക്ക് ഈ പാര്‍ട്ടി ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമായിട്ടുണ്ട്.

ALSO READ | പ്രതിപക്ഷ യോഗത്തിന് 'തണുപ്പന്‍ മട്ട്'; നിതീഷ് കുമാറിന്‍റെ യോഗം 23ലേക്ക് മാറ്റിയേക്കും

മറ്റ് നേതാക്കളേക്കാളും ഒരു ദിവസം മുന്‍പ് തന്നെ മമത ബാനർജി, പട്‌നയിൽ എത്തിയിട്ടുണ്ട്. പശ്ചിമ ബംഗാളിൽ കോൺഗ്രസ്, സിപിഎമ്മുമായി കൈകോർത്താൽ അത് ലോക്‌സഭ പോരാട്ടത്തിൽ പാർട്ടിയെ സഹായിക്കില്ലെന്ന് മമത നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. കെ ചന്ദ്രശേഖർ റാവുവിന്‍റെ നേതൃത്വത്തിലുള്ള ഭാരത് രാഷ്‌ട്ര സമിതി (ബിആർഎസ്) വരാനിരിക്കുന്ന യോഗത്തിൽ പങ്കെടുക്കാൻ സാധ്യതയില്ല. തെലങ്കാനയിൽ വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിയും കോൺഗ്രസും എതിരാളികളായി മുന്നിലുള്ള സാഹചര്യത്തിലാണ് ഈ തീരുമാനം.

മാറ്റിവച്ചത് ജൂൺ 12ലെ യോഗം : നേരത്തേ ജൂൺ 12നായിരുന്നു പട്‌നയിൽ പ്രതിപക്ഷ യോഗം സംഘടിപ്പിക്കാന്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍, കോൺഗ്രസ് ഉൾപ്പടെയുള്ള ചില പാര്‍ട്ടികളിലെ നേതാക്കളിൽ നിന്ന് യോഗത്തില്‍ എത്തുന്നത് സംബന്ധിച്ച കാര്യത്തില്‍ വ്യക്തത വന്നിരുന്നില്ല. ഈ സാഹചര്യത്തിലാണ് യോഗം മാറ്റിവച്ചിരുന്നത്. പട്‌നയിലെ ഗ്യാൻ ഭവനിൽ ജൂൺ 12ന് ഉച്ചയ്ക്ക് രണ്ട് മണിക്കായിരുന്നു യോഗം നേരത്തേ തീരുമാനിച്ചിരുന്നത്.

Last Updated : Jun 22, 2023, 7:20 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.