കേരളം

kerala

ഇടുങ്ങിയ പാലത്തിലൂടെ ശരവേഗത്തില്‍ ; നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി മറിഞ്ഞു, 4 പേര്‍ക്ക് പരിക്ക്

By ETV Bharat Kerala Team

Published : Feb 7, 2024, 11:51 AM IST

കണ്ണൂര്‍: പഴയങ്ങാടിയില്‍ അമിത വേഗതയിലെത്തിയ ടാങ്കര്‍ ലോറി മറിഞ്ഞു. ഡ്രൈവര്‍ അടക്കം നാല്‌ പേര്‍ക്ക് പരിക്കേറ്റു. നിയന്ത്രണം നഷ്‌ടപ്പെട്ട ലോറി രണ്ട് വാഹനങ്ങളില്‍ ഇടിച്ചതിന് ശേഷമാണ് മറിഞ്ഞത്. ടാങ്കറില്‍ നിന്നും വാതക ചോര്‍ച്ചയില്ലാത്തത് വന്‍ ദുരന്തം ഒഴിവാക്കി (Tanker Lorry Accident). പഴയങ്ങാടി പാലത്തില്‍ പുലര്‍ച്ചെ 1.30 ഓടെയാണ് അപകടമുണ്ടായത്. മംഗലാപുരത്ത് നിന്നും പാചകവാതകവുമായി കോഴിക്കോട്ടേക്ക് വരുമ്പോഴാണ് ടാങ്കര്‍ ലോറി അപകടത്തില്‍പ്പെട്ടത്. അമിത വേഗതയിലെത്തിയ ടാങ്കര്‍ എതിര്‍ ദിശയിലെത്തിയ ടെമ്പോ ട്രാവലറില്‍ ഇടിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട ടാങ്കര്‍ എതിര്‍ ദിശയിലെത്തിയ രണ്ട് കാറുകളിലും ഇടിച്ച് മറിയുകയായിരുന്നു. മംഗളൂരുവില്‍ നിന്നും വിദഗ്‌ധ സംഘം സ്ഥലത്തെത്തി മാത്രമേ ലോറിയിലെ ഇന്ധനം മാറ്റുകയുള്ളൂ. പൊലീസും അഗ്‌നി ശമന സേനയും സ്ഥലത്തുണ്ട്. നിലവില്‍ പാലത്തില്‍ മറിഞ്ഞ ലോറി മാറ്റാനുള്ള ശ്രമങ്ങളാണ് തുടരുന്നത് (Road Accident Kannur). വീതി കുറഞ്ഞ പാലമായതുകൊണ്ടുതന്നെ ടാങ്കര്‍ മാറ്റുന്നത് ഏറെ ശ്രമകരമാണെന്ന് ഫയര്‍ സ്റ്റേഷന്‍ ഓഫിസര്‍ കെവി പ്രഭാകരന്‍ പറഞ്ഞു. കണ്ണൂരിൽ നിന്ന് വളപട്ടണം കണ്ണപുരം വഴി പയ്യന്നൂരിലേക്ക് വേഗത്തിൽ എത്താൻ കഴിയുന്ന ദേശീയ പാതയ്ക്ക് സാമാന്തരമായ പാതയാണിത്. അപകടത്തിന് പിന്നാലെ പാതയിലൂടെയുള്ള ഗതാഗതം പൂർണമായും നിലച്ചു. രാത്രിയോടുകൂടി മാത്രമേ ഗതാഗതം പുനസ്ഥാപിക്കാനാകൂവെന്നാണ് പൊലീസ് പറയുന്നത്.  അപകടത്തില്‍ പരിക്കേറ്റ 4 പേരെയും പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. 

ABOUT THE AUTHOR

...view details