കേരളം

kerala

കൂറുമാറ്റത്തിന് പിന്നാലെ രാമപുരം പഞ്ചായത്ത് പ്രസിഡന്‍റിനെ അയോഗ്യയാക്കി

By ETV Bharat Kerala Team

Published : Feb 22, 2024, 4:31 PM IST

Ramapuram Panchayat President Disqualified After Defection

കോട്ടയം : കോൺ​ഗ്രസ് പ്രതിനിധിയായി വിജയിച്ച ശേഷം കൂറുമാറി ഇടതുപക്ഷത്തോടൊപ്പം ചേർന്ന് പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം നിലനിർത്തിയ രാമപുരം പഞ്ചായത്ത് പ്രസിഡന്‍റിനെ അയോഗ്യയാക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ. കോട്ടയം രാമപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ഷൈനി സന്തോഷിനെയാണ് തെരെഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യയാക്കിയത്. 2022 ജൂലൈ 27 നാണ് ഷൈനി സന്തോഷ് കൂറുമാറി ഇടതുപക്ഷത്തിനോട് ചേര്‍ന്നത്. കോൺഗ്രസ് പ്രതിനിധിയായി ജയിച്ച ശേഷം കേരള കോൺഗ്രസ് (എം) ലേക്ക് മാറിയതാണ് ഷൈനി സന്തോഷിനെ അയോഗ്യയാക്കാൻ കാരണം. കോൺഗ്രസ് അംഗമായി ജയിച്ച ഷൈനി 2022 ജൂലൈ 27 ന് നടന്ന പ്രസിഡന്‍റ് തെരെഞ്ഞെടുപ്പിൽ എൽഡിഎഫ് പിന്തുണയോടെ പ്രസിഡന്‍റ് ആവുകയായിരുന്നു. കോൺ​ഗ്രസിലെ ഒരു വിഭാഗം തനിക്കെതിരെ പ്രവർത്തിച്ചതിൽ പ്രതിഷേധിച്ചാണ് ഇടതുപക്ഷത്തോടൊപ്പം ചേർന്നതെന്നായിരുന്നു ഷൈനി സന്തോഷ് അന്ന് നല്‍കിയ വിശദീകരണം. കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച ഷൈനിക്കെതിരെ കൂറുമാറ്റ നിരോധന നിയമപ്രകാരം നടപടി സ്വീകരിക്കുമെന്ന് യുഡിഎഫ് കോട്ടയം ജില്ലാ അധ്യക്ഷൻ സജി മഞ്ഞക്കടമ്പിൽ പറഞ്ഞിരുന്നു. ഇതിനെ തുടർന്നാണ് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിഷനിൽ പരാതി നൽകിയത്. അധികാരത്തിനായി പാർട്ടി മാറിയ ഷൈനിക്കെതിരെ കോൺഗ്രസും കൂറുമാറ്റ നിരോധന നിയമപ്രകാരം നടപടി സ്വീകരിച്ചിരുന്നു.

ABOUT THE AUTHOR

...view details