കേരളം

kerala

മരിച്ചയാളുടെ പേരില്‍ ബില്‍, പണം തട്ടി ഉദ്യോഗസ്ഥ ; മൂന്നാര്‍ ഹോർട്ടിക്കോർപ്പില്‍ വ്യാപക അഴിമതി

By ETV Bharat Kerala Team

Published : Feb 18, 2024, 2:10 PM IST

munnar-horticorp-corruption

ഇടുക്കി : മൂന്നാറിലെ ഹോർട്ടിക്കോർപ്പ് സംഭരണ വിതരണ ശാലയിൽ വ്യാപക അഴിമതി. വിജിലൻസ് നടത്തിയ പരിശോധനയിലാണ് വ്യാപക ക്രമക്കേട് കണ്ടെത്തിയത്. 2021 ൽ കൊവിഡ് ബാധിച്ച് മരിച്ച ടാക്‌സി ഡ്രൈവറുടെ പേരിൽ വ്യാജ ബിൽ വച്ച് ഹോട്ടി കോർപ്പ് സംഭരണ വിതരണ കേന്ദ്രത്തിലെ പ്രധാന ജില്ലാതല ഉദ്യോഗസ്ഥ പണം തട്ടിയെന്നാണ് വിജിലൻസ് കണ്ടെത്തിയിരിക്കുന്നത്. ഇതിന് പുറമെ കണ്ടം ചെയ്‌ത വാഹനം ഓടിയെന്ന് കാണിച്ചും ബിൽ മാറിയെടുത്തിട്ടുണ്ട്. 30-03-23 ൽ മാത്രം 59,500 രൂപയാണ് ഉദ്യോഗസ്ഥ സ്വന്തം അക്കൗണ്ട് വഴി കൈപ്പറ്റിയിരിക്കുന്നത്. ഇതിന് മുൻപ് സ്ട്രോബറി വിൽപനയിലും വ്യാപക ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് സൂചന. വിശദമായ പരിശോധനയ്ക്ക്‌ ശേഷം മാത്രമേ തട്ടിപ്പിന്‍റെ കൂടതൽ വിവരങ്ങൾ അറിയാൻ സാധിക്കുകയുള്ളൂവെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു. വട്ടവട, കാന്തല്ലൂര്‍, മറയൂര്‍ തുടങ്ങിയ മേഖലകളില്‍ നിന്നും എത്തിക്കുന്ന ശീതകാല പച്ചക്കറികള്‍ സംഭരിച്ച് സംസ്ഥാനത്തെ പ്രധാന മാര്‍ക്കറ്റുകളിലെത്തിച്ച് വില്‍പന നടത്തുന്നതിനാണ് മൂന്നാറില്‍ ക്യഷി വകുപ്പിന്‍റെ നേതൃത്വത്തില്‍ ഹോർട്ടി കോർപ് സ്ഥാപിച്ചത്. എടുത്ത പച്ചക്കറികള്‍ക്ക് കര്‍ഷകര്‍ക്ക് പണം നല്‍കാതെ വന്നതോടെ കഴിഞ്ഞ കുറച്ചുനാളുകളായി ഓഫിസിന്‍റെ പ്രവര്‍ത്തനം അവതാളത്തിലായി. എന്നാല്‍ സര്‍ക്കാരിന്‍റെ പണം വ്യാപകമായി ചെലവഴിക്കുന്നതായി ലഭിച്ച പരാതികളെ തുടർന്നാണ് വിജിലന്‍സ് കഴിഞ്ഞ ദിവസം മിന്നൽ പരിശോധന നടത്തിയത്. വിജിലൻസ് തൊടുപുഴ യൂണിറ്റിലെ സി ഐ ടിപ്‌സൺ തോമസിൻ്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് പരിശോധന നടത്തിയത്.

ABOUT THE AUTHOR

...view details