സിആര്‍പിഎഫിനെ രാജ്ഭവനിലേക്ക് അയച്ച നടപടി ഫെഡറല്‍ തത്വങ്ങളുടെ ലംഘനം : ഇ പി ജയരാജന്‍
Published : Jan 28, 2024, 2:08 PM IST
തിരുവനന്തപുരം : സിആര്‍പിഎഫിനെ രാജ്ഭവനിലേക്ക് അയച്ച നടപടി ഫെഡറല്‍ തത്വങ്ങളുടെ ലംഘനമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ (E P Jayarajan). കേന്ദ്ര സംസ്ഥാന ബന്ധങ്ങളുടെ നഗ്നമായ ലംഘനമാണിത്. ഇത് ഇന്ത്യയുടെ ചരിത്രത്തിലില്ലാത്ത സംഭവമാണ്. ഒരു ഫോണ്‍ വിളിയില്‍ കേന്ദ്ര സേനയെ രാജ്ഭവനിലേക്ക് അയച്ച നടപടി അങ്ങേയറ്റം അപലപനീയമാണ്. ജനാധിപത്യ ഫെഡറലിസ്റ്റ് സംവിധാനങ്ങളുടെ ലംഘനമാണ്. സംസ്ഥാനങ്ങളുടെ അധികാര പരിധിയിലേക്കുള്ള അതിക്രമമാണിത്. എല്ലാ ജനാധിപത്യവാദികളും ഈ നീക്കത്തെ ശക്തമായി അപലപിക്കാന്‍ തയ്യാറാകണമെന്നും ഇ പി ജയരാജന്‍ അറിയിച്ചു. ഇന്നലെയായിരുന്നു രാജ്ഭവന്‍റെയും ഗവര്‍ണറുടെയും സുരക്ഷയ്ക്കായി 60 പേരടങ്ങുന്ന സിആര്‍പിഎഫ് എത്തിയത്. സംസ്ഥാന പൊലീസ് സേനയോടൊപ്പമാകും കേന്ദ്രസേന ഗവര്‍ണറുടെയും രാജ്ഭവന്‍റെയും സുരക്ഷയൊരുക്കുക. കേരള ചരിത്രത്തില്‍ ഇതാദ്യമായാണ് രാജ്ഭവന്‍റെ സുരക്ഷയ്ക്കായി സിആര്‍പിഎഫ് എത്തുന്നത്. ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെയാണ് രാജ്ഭവനും ഗവര്‍ണര്‍ക്കും ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ (governor's z plus category security) ഏര്‍പ്പെടുത്തിയതായി ഗവര്‍ണര്‍ സമൂഹ മാധ്യമമായ എക്‌സില്‍ കുറിച്ചത്. പൊലീസിന്‍റെ സുരക്ഷ വേണ്ടെന്ന് വയ്ക്കാന്‍ ഗവര്‍ണര്‍ ഇടപെടല്‍ നടത്തുമോയെന്ന കാര്യത്തിലും വ്യക്തതയില്ല. ഇന്നലെ വൈകിട്ട് ബെംഗളൂരുവിലേക്ക് പോയ ഗവര്‍ണര്‍ ഇനി ഫെബ്രുവരി 17നാകും തിരികെ രാജ്ഭവനിലെത്തുക.