കേരളം

kerala

'കൊതിയൂറും ഉന്നക്കായ' ഇല്ലാതെ എന്ത് നോമ്പുതുറ; പേരിനൊരു കഥയുണ്ട്... ഉണ്ടാക്കേണ്ടത് ഇങ്ങനെ

By ETV Bharat Kerala Team

Published : Mar 19, 2024, 4:28 PM IST

നോമ്പുതുറയ്‌ക്ക് മലബാര്‍ സ്‌പെഷ്യല്‍ ഉന്നക്കായ. പേരിന് പിന്നിലെ കഥയിതാണ്. ഉണ്ടാക്കേണ്ട രീതിയും ചേരുവകളുമെല്ലാം വിശദമായി.

Unnakkaya  Unnakkaya Recipe For Iftar  Iftar Special Snacks Unnakkaya  Unnakkaya Recipe And Ingredients
Iftar Special Snacks Unnakkaya Recipe And Ingredients

നോമ്പുതുറ വിഭവങ്ങളില്‍ പ്രധാനിയായി ഉന്നക്കായ

കോഴിക്കോട്: നോമ്പുതുറ വിഭങ്ങളിലെ മൊഞ്ചത്തിയാണ് ഉന്നക്കായ അഥവ പഞ്ഞിക്കായ. നേന്ത്രപഴം, തേങ്ങ, പഞ്ചസാര, ഏലയ്ക്ക, ഉണക്ക മുന്തിരി തുടങ്ങിയ ചേർത്ത് ഉണ്ടാക്കുന്ന പലഹാരത്തിന് എന്തുകൊണ്ട് ആ പേര് വന്നു.. ?

പേരിന് പിന്നിൽ:കിടക്ക പോലുള്ള ഉത്പന്നങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന പഞ്ഞി ഒരു മരത്തിൽ നിന്നുളള കായയിൽ നിന്ന് ശേഖരിക്കുന്നതാണ്. അതായത് ഉന്നമരത്തിലെ കായയായ ഉന്നക്കായയിൽ നിന്ന്. പഞ്ഞിക്കായ എന്നും ഇതിനെ വിളിക്കും. അതിന്‍റെ അതേ ആകൃതിയാണ് ഈ വിഭവത്തിനും. കായയുടെ അകത്ത് പഞ്ഞി ആണെങ്കിൽ ഈ പലഹാരത്തിനകത്ത് തേങ്ങയും പഞ്ചസാരയും ഏലയ്ക്കയും ഉണക്കമുന്തിരിയും ചേർന്നുളള മധുരമാണ്. ഇതിന്‍റെ രൂപമാണ് ഇതിനെ ഉന്നക്കായ എന്ന് വിളിക്കാന്‍ കാരണം.

ആവശ്യമായ ചേരുവകള്‍:

  • അധികം പഴുക്കാത്ത നേന്ത്ര പഴം.
  • ഏലയ്‌ക്ക.
  • ഉണക്ക മുന്തിരി.
  • തേങ്ങ ചിരകിയത്.
  • പഞ്ചസാര.
  • എണ്ണ.

ഉന്നക്കായ തയ്യാറാക്കുന്ന വിധം:

പഴം പുഴുങ്ങിയെടുത്ത് തണുക്കാൻ വയ്ക്കുക. പഞ്ചസാര ഉരുക്കിയെടുക്കുക. അതിലേക്ക്‌ ചിരകിയ തേങ്ങയും മുന്തിരിയും ഏലയ്ക്ക പൊടിച്ചതും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. പുഴുങ്ങിയ പഴത്തിന്‍റെ നടുക്കിലുണ്ടാകുന്ന കറുത്ത നാര് കളഞ്ഞ് നന്നായി ഉടച്ചെടുക്കുക.

ഉടച്ചെടുത്ത പഴം ചെറിയ ഉരുളകളാക്കുക. തുടര്‍ന്ന് കൈയില്‍ അല്‍പം എണ്ണയാക്കിയതിന് ശേഷം കൈവെള്ളയില്‍ വച്ച് പരത്തുക. വട്ടത്തില്‍ പരത്തിയെടുത്ത ഈ പഴത്തിന്‍റെ നടുക്കില്‍ തേങ്ങയും പഞ്ചയാരയും ചേര്‍ത്തുള്ള മിക്‌സ് നിറയ്‌ക്കുക. തുടര്‍ന്ന് ഉരുട്ടിയെടുക്കുക. ഉള്ളിലെ മിശ്രിതം ഒട്ടും പുറത്ത് കാണാത്ത വിധം ഉരുട്ടിയെടുക്കണം.

ഇത് ഒരു 10 മിനിറ്റ് നേരം പുറത്ത് വച്ചതിന് ശേഷമാണ് പൊരിച്ചെടുക്കേണ്ടത്. കൂടുതല്‍ നേരം പുറത്ത് വച്ച് അത് വരണ്ട് പോകാതിരിക്കാന്‍ ശ്രദ്ധിക്കണം.

എളുപ്പത്തിൽ പൊരിച്ചെടുക്കാൻ:അല്‍പ നേരം പുറത്ത് വച്ച ഉന്നക്കായ ചൂടായ എണ്ണയിലിട്ട് പൊരിച്ചെടുക്കാം. എണ്ണ അധികം ചൂടാക്കാതെയാണ് ഇവ പൊരിച്ചെടുക്കേണ്ടത്. അധികം ചൂടുള്ള എണ്ണയിലിട്ടാല്‍ പുറം ഭാഗം കരിയുകയും അകത്ത് വേവാതിരിക്കുകയും ചെയ്യും.

ചൂടാക്കിയ എണ്ണയിലേക്ക് ഓരോന്നും പതിയെ വേണം ഇടാന്‍ അല്ലെങ്കില്‍ അവ പൊട്ടി പോകാനും സാധ്യതയുണ്ട്. എണ്ണയിലിട്ട് പതിയെ അവയെ തിരിച്ചും മറിച്ചും ഇട്ട് വേവിച്ചെടുക്കണം. മീഡിയം ബ്രൗണ്‍ നിറമാകുന്നത് വരെ വേവിച്ച് കോരണം. ഇതോടെ മലബാറിന്‍റെ സ്വന്തം പലഹാരമായ ഉന്നക്കായ റെഡി. ഒരു തവണ കഴിച്ചവര്‍ വീണ്ടും വീണ്ടും ഉന്നക്കായ ആവശ്യപ്പെടും.

ABOUT THE AUTHOR

...view details