കേരളം

kerala

ഭാര്യയ്ക്ക്‌ കുരുക്കിട്ടുകൊടുത്ത ശേഷം ആത്മഹത്യയില്‍ നിന്ന് പിന്‍മാറി ; യുവതി മരിച്ചു, ഭര്‍ത്താവ് അറസ്റ്റില്‍ - Woman Committed Suicide

By ETV Bharat Kerala Team

Published : Apr 19, 2024, 10:43 AM IST

യുവതി കിടപ്പുമുറിയിൽ തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവ് അറസ്‌റ്റിൽ. പ്രേരണാക്കുറ്റം ചുമത്തിയാണ് പൊലീസ് നടപടി

SUICIDE  HUSBAND ARRESTED FOR INCITEMENT  പത്തനംതിട്ട  യുവതി ആത്മഹത്യ ചെയ്‌തു
യുവതി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ ഭർത്താവ് അറസ്‌റ്റിൽ

പത്തനംതിട്ട :യുവതിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി പൊലീസ് അറസ്‌റ്റ് ചെയ്‌തു. വെച്ചൂച്ചിറ മുക്കൂട്ടുതറ സന്തോഷ് കവലയിൽ കാവുങ്കൽ വീട്ടിൽ സുനിൽകുമാറിന്‍റെ ഭാര്യ സൗമ്യ(35)യാണ് മരിച്ചത്. ഇതുമായി ബന്ധപ്പെട്ട് കൊല്ലമുള മുക്കൂട്ടുതറ കാവുങ്കൽ വീട്ടിൽ സുനിൽ കുമാറിനെയാണ് (40) വെച്ചൂച്ചിറ പൊലീസ് പിടികൂടിയത്.

മകൾ വീട്ടിലെ കിടപ്പുമുറിയിൽ കെട്ടിത്തൂങ്ങി മരിച്ചതായി പിതാവ് എരുമേലി തെക്ക് എലിവാലിക്കര തൈപുരയിടത്തിൽ വീട്ടിൽ ശശി വെച്ചൂച്ചിറ പൊലീസിൽ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ അസ്വാഭാവിക മരണത്തിന് കേസ് രജിസ്‌റ്റർ ചെയ്‌തിരുന്നു. കുടുംബജീവിതത്തിലെ അസ്വാരസ്യങ്ങൾ കാരണമുണ്ടായ അപമാനഭാരത്താൽ ഇരുവരും ജീവനൊടുക്കാൻ തീരുമാനിക്കുകയും, എന്നാൽ ഫാനിൽ കയർ കെട്ടിക്കൊടുത്ത് തൂങ്ങിമരിക്കാൻ സൗമ്യയ്ക്ക്‌ സൗകര്യം ഒരുക്കിക്കൊടുത്തശേഷം ഭർത്താവ് സുനിൽ പിൻവാങ്ങുകയുമായിരുന്നെന്ന് പൊലീസിന്‍റെ അന്വേഷണത്തിൽ വെളിവായതിനെ തുടർന്നാണ് അറസ്‌റ്റ്.

വിരലടയാളവിദഗ്‌ധരും, ശാസ്ത്രീയ അന്വേഷണസംഘവും സ്ഥലത്തുനിന്നും തെളിവുകൾ ശേഖരിച്ചു. ജില്ല പൊലീസ് മേധാവി വി അജിത് ഐ പി എസിന്‍റെ നിർദേശപ്രകാരം വിശദമായ അന്വേഷണം ആരംഭിക്കുകയുമായിരുന്നു. സൗമ്യയും ഭർത്താവ് സുനിൽ കുമാറും മകൻ സായിയുമാണ് കാവുങ്കൽ വീട്ടിൽ താമസിച്ചിരുന്നത്. സൗമ്യ മുക്കൂട്ടുതറയിലുള്ള ഒരു സ്വകാര്യ സ്ഥാപനത്തിൽ 8 മാസമായി അക്കൗണ്ടൻ്റായി ജോലി നോക്കി വരികയാണ്.

സുനിൽ സ്വകാര്യ വാഹനങ്ങളിൽ ഡ്രൈവറായി ജോലി നോക്കുകയും, ഇതിന് പോകാത്തപ്പോൾ പിതാവിൻ്റെ ഹോട്ടലിൽ സഹായിയായി നിൽക്കുകയുമായിരുന്നു. ഇന്നലെ എരുമേലി പൊലീസ് സ്‌റ്റേഷനിൽ നിന്നും സുനിൽകുമാറിനെ വിളിച്ച്, സുഹൃത്തായ മുക്കൂട്ടുതറ സ്വദേശിയുടെ ഭാര്യയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വ്യാഴാഴ്‌ച രാവിലെ 10 മണിക്ക് സ്‌റ്റേഷനിൽ ഹാജരാകാൻ അറിയിച്ചിരുന്നതായി പറയുന്നു. പരാതിയെപ്പറ്റി എരുമേലി പൊലീസ് സ്‌റ്റേഷനിൽ അന്വേഷിച്ചപ്പോഴാണ് യുവതിയുടെ ആത്മഹത്യക്ക് പിന്നിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പൊലീസിന് വ്യക്തമായത്.

സുനിലും മുക്കൂട്ടുതറ സ്വദേശിയും സുഹൃത്തുക്കളാണ്. ഈ സൗഹൃദം കാരണം സൗമ്യയുമായും സുഹൃത്ത് അടുപ്പം സ്ഥാപിച്ചു. തുടർന്ന് ഇരുവരും അടുത്ത് ഇടപഴകുകയും സുഹൃദ് ബന്ധം തുടരുകയും ചെയ്‌തു. ഇത് സുനിലിന് അറിവുണ്ടായിരുന്നു, മാത്രമല്ല ഇയാളും സുഹൃത്തും നിരന്തരം സാമ്പത്തിക ഇടപാടുകളും നടത്തിപ്പോന്നിരുന്നു. മാത്രമല്ല ഭാര്യമാരെ പങ്കിടാനും ഇവർക്ക് ഉദ്ദേശം ഉണ്ടായിരുന്നു. ഇക്കാര്യം മനസ്സിലാക്കിയ സുഹൃത്തിന്‍റെ ഭാര്യ എരുമേലി പൊലീസിൽ പരാതി നൽകുകയായിരുന്നു.

പൊലീസ് സ്‌റ്റേഷനിൽ പോയാൽ നാണക്കേട് ആകുമെന്നും അതിനാൽ ഒരുമിച്ച് മരിക്കാമെന്നും സുനിലും ഭാര്യ സൗമ്യയും കൂടി തീരുമാനിച്ചു. രാത്രി 10.45 ഓടെ തന്‍റെ വീട്ടിലായിരുന്ന മകൻ സായിയെ ഫോണിൽ വിളിച്ച് സൗമ്യ സംസാരിച്ചതായും, അതിനുശേഷം കെട്ടിത്തൂങ്ങി മരിക്കുന്നതിന് ഇരുവരും കൂടി തീരുമാനിച്ച് സുനിൽകുമാർ ഫാനിൽ കയർ കെട്ടി കൊടുത്തതായും അന്വേഷണത്തിൽ വ്യക്തമായി.

വീടിന്‍റെ മുറ്റത്ത് ഊഞ്ഞാലിട്ടിരുന്ന പ്ലാസ്‌റ്റിക് കയറിൽനിന്ന് മുറിച്ചെടുത്ത് കിടപ്പുമുറിയിലെ ഫാനിൽ കെട്ടിമുറുക്കിയതും, സൗമ്യയുടെ കഴുത്തിൽ ഇടാൻ കുരുക്കിട്ടുകൊടുത്തതും സുനിലാണ്. സുനിൽ മദ്യപിച്ചിട്ടുണ്ടായിരുന്നു. സുനിലും തൂങ്ങി മരിക്കാനായി ഒരു കഷണം കയർ മുറിച്ച് മുറിയിൽ കുരുക്ക് ഉണ്ടാക്കി ഇട്ടിട്ടുണ്ടായിരുന്നു. പക്ഷേ ഇയാള്‍ പിന്‍മാറിയെന്നും പൊലീസ് പറയുന്നു.

സുനിൽ കുമാറിനെ പൊലീസ്, സ്‌റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്‌ത ശേഷം അറസ്‌റ്റ് രേഖപ്പെടുത്തി. വെച്ചൂച്ചിറ പൊലീസ് ഇൻസ്‌പെക്‌ടർ ആർ റോജ്, എസ് ഐ രതീഷ് കുമാർ, എസ്‌സിപിഒ പി കെ ലാൽ, സിപിഒ അനു കൃഷ്‌ണൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

ശ്രദ്ധിക്കൂ... ആത്മഹത്യ ഒരു പ്രശ്‌നത്തിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകളുണ്ടായാല്‍ സഹായത്തിനായി ബന്ധപ്പെടുക, അതിജീവിക്കുക. വിളിക്കാം: 9152987821

ALSO READ: പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; അസ്വാഭാവിക മരണത്തിന് കേസെടുത്തു

ABOUT THE AUTHOR

...view details