കേരളം

kerala

'ധനമന്ത്രി ട്രഷറി പൂട്ടി താക്കോല്‍ പോക്കറ്റിലിട്ട് നടക്കുന്നയാള്‍, കേരളം നികുതി വെട്ടിപ്പുക്കാരുടെ പറുദീസ'; വിഡി സതീശന്‍

By ETV Bharat Kerala Team

Published : Jan 30, 2024, 7:55 PM IST

Updated : Jan 30, 2024, 8:01 PM IST

ധനമന്ത്രി കെഎന്‍ ബാലഗോപാലിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സ്‌കൂളുകളില്‍ ഉച്ചക്കഞ്ഞിക്ക് പണമില്ലാത്ത അവസ്ഥയാണെന്നും കുറ്റപ്പെടുത്തല്‍. ഖജനാവില്‍ നിന്നും ഏതെങ്കിലും ബില്ല് മാറി കിട്ടുമോയെന്നും ചോദ്യം.

V D Stheeshan  KN Balagopal  ധനമന്ത്രി കെഎന്‍ ബാലഗോപാല്‍  ധനമന്ത്രി വിമര്‍ശിച്ച് വിഡി സതീശന്‍
VD Satheesan Against KN Balagopal In Assembly

തിരുവനന്തപുരം: കേരളത്തിന്‍റെ ഖജനാവ് താഴിട്ടു പൂട്ടി താക്കോല്‍ പോക്കറ്റിലിട്ട് നടക്കുന്നയാളാണ് ധനമന്ത്രി കെഎന്‍ ബാലഗോപാലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നിയമസഭയില്‍ ആരോപിച്ചു(VD Satheesan Against KN Balagopal In Assembly). ഖജനാവില്‍ നിന്ന് ഏതെങ്കിലും ബില്ല് മാറിക്കിട്ടുമോയെന്നും അദ്ദേഹം ചോദിച്ചു. പഞ്ചായത്തില്‍ പുല്ല് വെട്ടുന്നതിന് കൊടുക്കാന്‍ പണമില്ല.

സ്‌കൂളില്‍ ഉച്ചക്കഞ്ഞിക്ക് പണമില്ല. സപ്ലൈക്കോയ്‌ക്ക് 6 മാസമായി പണമില്ല. ലൈഫ് പദ്ധതിക്ക് 790 കോടി രൂപ വകയിരുത്തിയിട്ട് ഇതുവരെ ചെലവഴിച്ചത് 18 കോടി രൂപ മാത്രം. ഒന്നാം ഗഡുവും രണ്ടാം ഗഡുവും മൂന്നാം ഗഡുവും നല്‍കുന്നില്ല. ഇത്രയും ധന പ്രതിസന്ധി സംസ്ഥാനത്ത് ഇതുവരെ ഉണ്ടായിട്ടില്ല. പതിനഞ്ചാം ധനകാര്യ കമ്മിഷന്‍ സംസ്ഥാനത്തിന് 1.92 ശതമാനം മാത്രമാണ് വിഹിതമായി നല്‍കിയത് എന്നത് ശരിയാണ്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന് ശക്തമായ എതിര്‍പ്പുണ്ട്.

കേരളത്തില്‍ നിന്നുള്ള യുഡിഎഫ് എംപിമാര്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനെ കണ്ട് പ്രതിഷേധം അറിയിച്ചു. ദേശീയതലത്തില്‍ കോണ്‍ഗ്രസ് ഇതിനെതിരാണ്. എന്നാല്‍ ഇപ്പോഴത്തെ പ്രതിസന്ധിയുടെ ഉത്തരവാദിത്തം മുഴുവന്‍ കേന്ദ്രമാണെന്ന് വരുത്താനാണ് ധനമന്ത്രി ശ്രമിക്കുന്നത്. എന്നാല്‍ യഥാര്‍ഥ കാരണം സര്‍ക്കാരിന്‍റെ ധൂര്‍ത്ത് കെടുകാര്യസ്ഥത, അഴിമതി എന്നിവയാണ്.

കേന്ദ്രത്തില്‍ നിന്ന് 57000 കോടി രൂപ കിട്ടാനുണ്ടെന്ന് ധനമന്ത്രി പറയുന്നത് പച്ചക്കള്ളമാണ്. പ്രധാനമന്ത്രിക്ക് ധനമന്ത്രി ബാലഗോപാല്‍ നല്‍കിയ കത്തില്‍ കേരളത്തിന് കിട്ടാനുള്ള കുടിശിക 3000 കോടി രൂപ മാത്രമാണ്. മുന്‍ ധനമന്ത്രി തോമസ് ഐസക്ക് അടുത്ത കാലത്ത് ഫേസ് ബുക്കില്‍ പങ്കിട്ട കുറിപ്പില്‍ കേരളത്തിന്‍റെ കുടിശിക 5132 കോടി എന്നാണ്. എന്നിട്ടാണ് ധനമന്ത്രി നിയമസഭയില്‍ വന്ന് 57000 കോടിയെന്ന് കളവ് പറയുന്നത്.

57,400 രൂപ 5 വര്‍ഷം കൊണ്ട് ജിഎസ്‌ടി നഷ്‌ട പരിഹാരമായി ലഭിച്ചു. 5 വര്‍ഷം കഴിഞ്ഞാല്‍ നികുതി പിരിവ് വര്‍ധിപ്പിക്കണം എന്നാണ്. എന്നാല്‍ സംസ്ഥാനത്തിന്‍റേത് വെറും 14 ശതമാനം മാത്രമാണ്. കേരളം ആവശ്യപ്പെടുന്നത് ജിഎസ്‌ടി വളര്‍ച്ച 20 ശതമാനമെന്നാണ്. ഇതൊരു വാദത്തിന് അംഗീകരിച്ചാല്‍ പോലും നമുക്ക് ജിഎസ്‌ടി നഷ്‌ട പരിഹാരം ലഭിക്കില്ല.

കേരളത്തിന്‍റെ ജിഎസ്‌ടി വളര്‍ച്ച പഠിക്കാന്‍ ഹരിയാന ഇവിടെ എത്തിയെന്ന് ധനമന്ത്രി രാവിലെ ചോദ്യോത്തര വേളയില്‍ അവകാശപ്പെട്ടതിനെയും പ്രതിപക്ഷ നേതാവ് പരിഹസിച്ചു. കേരളത്തിലെ ജിഎസ്‌ടി വളര്‍ച്ച 12 ശതമാനമാണെങ്കില്‍ ഹരിയാനയിലേത് 22 ശതമാനമാണ്. തമിഴ്‌നാടിന്‍റേത് 19 ശതമാനമാണ്. ഇത്രയും കുറഞ്ഞ ജിഎസ്‌ടി വളര്‍ച്ചയുള്ള സംസ്ഥാനത്ത് വന്ന് വളര്‍ച്ച കൂടിയ സംസ്ഥാനങ്ങള്‍ എന്തു പഠിക്കാനാണ്.

കേരളത്തില്‍ ഇന്ന് നികുതി സംവിധാനം നിരീക്ഷിക്കുന്നതിനുള്ള ഒരു സര്‍വലൈന്‍സ് സംവിധാനം ഇപ്പോഴില്ല. നികുതി വെട്ടിപ്പുകാരുടെ പറുദീസയായി കേരളം മാറി. സ്വര്‍ണം ഗ്രാമിന് 500 രൂപയുണ്ടായിരുന്നപ്പോള്‍ ലഭിച്ചിരുന്ന അതേ നികുതിയാണ് ഗ്രാമിന് 5000 രൂപയായി ഉയര്‍ന്നപ്പോഴും സംസ്ഥാനത്തിന് ലഭിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് അടിയന്തര പ്രമേയ ചര്‍ച്ചയില്‍ ആരോപിച്ചു.

Last Updated :Jan 30, 2024, 8:01 PM IST

ABOUT THE AUTHOR

...view details