കേരളം

kerala

'എംവി ഗോവിന്ദന്‍റെ പ്രസ്‌താവന ബിജെപിയിലേക്ക് ആര്‍ക്കും പോകാമെന്ന ഗ്രീന്‍ സിഗ്നല്‍': വി ഡി സതീശന്‍ - VD Satheeshan On Jayarajan Issue

By ETV Bharat Kerala Team

Published : Apr 29, 2024, 7:59 PM IST

ഇ പി ജയരാജനെ തൊടാന്‍ മുഖ്യമന്ത്രിക്കും സിപിഎമ്മിനും ഭയമാണെന്ന് വി ഡി സതീശൻ. ജയരാജന്‍റെ നാവിന്‍ തുമ്പിലുള്ളത് സിപിഎമ്മിനെയും മുഖ്യമന്ത്രിയേയും ഒന്നാകെ തകര്‍ക്കാനുള്ള ബോംബുകളാണെന്നും ആരോപണം.

MV GOVINDHAN  VD SATHEESHAN  EP JAYARAJAN JAVADEKAR CONTROVERSY  EP JAYARAJAN
EP Jayarajan Javadekar Controversy ; VD Satheeshan About MV Govindhance Statement

തിരുവനന്തപുരം: ഇ പി ജയരാജനെയും മുഖ്യമന്ത്രിയെയും അതിരൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇ പി ജയരാജനെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയമാണെന്ന് അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഏജന്‍റായി ബിജെപിയുമായി സംസാരിച്ച ഇ പി ജയരാജനെതിരെ ചെറുവിരല്‍ അനക്കാനുള്ള ധൈര്യം കേരളത്തിലെ സിപിഎമ്മിനില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഇ പി ജയരാജന്‍റെ നാവിന്‍ തുമ്പിലുള്ളത് സിപിഎമ്മിനെയും മുഖ്യമന്ത്രിയേയും ഒന്നാകെ തകര്‍ക്കാനുള്ള ബോംബുകളാണ്. അതുകൊണ്ട് തന്നെ ജയരാജന് എതിരെ നടപടി എടുക്കാനുള്ള ധൈര്യമോ ആര്‍ജ്ജവമോ സിപിഎമ്മിനില്ല. ജയരാജന് ബിജെപിയിലേക്ക് പോകാന്‍ സമ്മതം നല്‍കുക കൂടിയാണ് സിപിഎം ഇന്ന് ചെയ്‌തത്. കൊടിയ അഴിമതി നടത്തിയവരേയും അതിന്‍റെ പ്രതിഫലം പറ്റിയവരേയും സംരക്ഷിക്കാന്‍ വര്‍ഗീയതയുമായി സിപിഎം സന്ധി ചെയ്‌തുവെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

ഇ പി ജയരാജന്‍ മാത്രമല്ല മുഖ്യമന്ത്രിയും പ്രകാശ് ജാവ്‌ദേക്കറുമായി പലതവണ സംസാരിച്ചിട്ടുണ്ട്. ഇ പിക്കെതിരെ നടപടി എടുത്താന്‍ മുഖ്യമന്ത്രിക്ക് എതിരേയും നടപടി വേണ്ടിവരും. പിണറായി വിജയനേയും കൂട്ടുപ്രതിയായ ഇ പി ജയരാജനേയും സംരക്ഷിക്കുകയെന്ന നാണംകെട്ട മാര്‍ഗം മാത്രമേ സിപിഎമ്മിന് മുന്നിലുള്ളൂ. മുഖ്യമന്ത്രി എവിടെ വച്ചാണ് ജാവദേക്കറുമായി സംസാരിച്ചതെന്നുകൂടി സിപിഎം സംസ്ഥാന നേതൃത്വം വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബിജെപി നേതാക്കളെ കണ്ടാല്‍ സിപിഎമ്മിന്‍റെ പ്രത്യയശാസ്ത്രം തകരും എന്നത് പൈങ്കിളി സങ്കല്‍പ്പമാണെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പറയുന്നു. ഏത് സിപിഎം നേതാവിനും ഏത് ബിജെപി നേതാവിനേയും കാണാമെന്ന ഗ്രീന്‍ സിഗ്‌നല്‍ നല്‍കുകയാണ് എം വി ഗോവിന്ദന്‍ ഇതിലൂടെ ചെയ്‌തത്. ഇ പി ജയരാജനും എസ് രാജേന്ദ്രനും പിന്നാലെ വരുന്നവര്‍ക്കും ബിജെപിയിലക്ക് വഴിവെട്ടുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി ചെയ്യുന്നത്. സംഘപരിവാറുമായി സൗഹൃദ സംഭാഷണം നടത്തിയവരെ സംരക്ഷിക്കുമെന്ന് സിപിഎം പ്രഖ്യാപിച്ച സാഹചര്യത്തില്‍ സിപിഐ ഉള്‍പ്പെടെയുള്ള എല്‍ഡിഎഫ് ഘടകകക്ഷികള്‍ ഇക്കാര്യത്തിലുള്ള തങ്ങളുടെ നിലപാട് എന്തെന്ന് വ്യക്തമാക്കണമെന്നും സതീശന്‍ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

Also Read : 'ഇ പി ജയരാജൻ എൽഡിഎഫ് കൺവീനറായി തുടരും'; ശോഭ സുരേന്ദ്രനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും എം വി ഗോവിന്ദൻ

ABOUT THE AUTHOR

...view details