കേരളം

kerala

മാഹിയിലെ ഫ്രഞ്ചുകാരുടെ ഇഷ്‌ടവിഭവം: രുചികൊണ്ട് ഫ്രഞ്ചുകാരെ വീഴ്‌ത്തിയ നാണുവിന്‍റെ രസത്തിന്‍റെ കഥ - MAHE SPECIAL RASAM RECIPE

By ETV Bharat Kerala Team

Published : Apr 29, 2024, 9:57 PM IST

മാഹിയില്‍ ഫ്രഞ്ചുകാർ വാഴുന്ന കാലത്ത് അവരുടെ വിശ്വസ്‌തനായിരുന്നു മീന്‍കോന്‍ നാണു എന്ന മാഹിക്കാരന്‍. ഫ്രഞ്ചുകാരുടെ ഭക്ഷണത്തോടൊപ്പം തദ്ദേശീയ രസവും നാണു ഫ്രഞ്ചുകാര്‍ക്ക് നല്‍കിയിരുന്നു.

MAHE STYLE RASAM RECIPE  മാഹി രസം  രസം  Mahe special rasam
The Story of Rasam, the Favorite Dish of French People During Colonial Period in Mahe

രുചികൊണ്ട് ഫ്രഞ്ചുകാരെ വീഴ്‌ത്തിയ മാഹിക്കാരൻ നാണുവിന്‍റെ രസത്തിന്‍റെ കഥ

കണ്ണൂര്‍: മാഹിയില്‍ ഫ്രഞ്ചുകാർ വാഴുന്ന കാലം. അവരുടെ അടുക്കളയുടെ ചുമതലക്കാരായി മയ്യഴിക്കാരെ തന്നെയാണ് നിയമിച്ചിരുന്നത്. അങ്ങനെ മീന്‍കോന്‍ നാണു എന്ന മാഹിക്കാരന്‍ ഫ്രഞ്ച് ഭരണാധികാരികളുടെ വിശ്വസ്‌തനായി. അടുക്കളയില്‍ ഭക്ഷണമൊരുക്കാന്‍ നാണു നിയുക്തനായതോടെ തദ്ദേശീയ രുചിഭേദങ്ങളും ഫ്രഞ്ചുകാരുടെ തീന്‍മേശയില്‍ വിളമ്പിയിരുന്നു.

വടക്കേ മലബാറിലെ സസ്യാഹാരികളും മാംസാഹാരികളും വിശേഷ ദിവസങ്ങളില്‍ ദഹനം നന്നാവാന്‍ രസം കഴിക്കുന്ന പതിവുണ്ടായിരുന്നു. മീന്‍കോന്‍ നാണു ഫ്രഞ്ച്കാരുടെ ഭക്ഷണത്തോടൊപ്പം തദ്ദേശീയ രസവും ചില മാറ്റങ്ങളോടെ അവര്‍ക്ക് നല്‍കി പ്രശംസ പിടിച്ചുപറ്റി. മാഹിയിലെ അധിനിവേശകാലത്ത് തദ്ദേശീയരായ പാചകക്കാരെ തെരഞ്ഞു പിടിച്ചാണ് ഫ്രഞ്ചുകാര്‍ അടുക്കളയുടെ ചുമതല നല്‍കിയിരുന്നത്. അവര്‍ പിന്നീട് വീടിന്‍റേയും തോട്ടത്തിന്‍റേയും സംരക്ഷകരായി മാറുകയായിരുന്നു.

കേരളീയ ഭക്ഷണമായ ചോറും ഫ്രഞ്ചുകാര്‍ക്ക് വിളമ്പി നല്‍കിയിരുന്നു. ചോറിനൊപ്പം രസം നല്‍കിയതോടെ ഫ്രഞ്ച് ഭക്ഷണത്തോടൊപ്പവും രസം അവര്‍ ആസ്വദിച്ചു കഴിച്ചിരുന്നു. മാഹി ഭരണാധികാരികളായ ഫ്രഞ്ചുകാര്‍ നാണുവിന്‍റെ രസത്തെക്കുറിച്ച് കേട്ടറിഞ്ഞതോടെ നാണുവിന് ഡിമാന്‍റായി. ഫ്രാന്‍സിലേക്ക് ക്ഷണിച്ചെങ്കിലും തന്‍റെ യജമാനനെ വിട്ടുപിരിയാന്‍ നാണു തയ്യാറായിരുന്നില്ല.

ഫ്രഞ്ച്കാർ അവരുടെ ഇഷ്‌ട വിഭവമായ പൗലറ്റ് ഫ്രൈ , പൗലറ്റ് ഗ്രില്‍, ഗ്രില്‍ഡ് സമാന്‍, സാമന്‍ ടാര്‍ട്ടര്‍ എന്നിവ കഴിച്ചശേഷം രസം ഊതിക്കുടിക്കാറുണ്ടായിരുന്നെന്ന് മീന്‍കോന്‍ നാണു പറഞ്ഞതായി മരുമകളും ഫ്രഞ്ച് അധ്യാപികയുമായിരുന്ന ജാനകി ഫല്‍ഗുനന്‍ പറയുന്നു.

രസത്തിന്‍റെ ചേരുവ ഇങ്ങിനെ: ഒരു ഉരുള വാളന്‍പുളി എടുത്ത് വെളളത്തില്‍ പിഴിഞ്ഞ ശേഷം അതില്‍ തക്കാളി മുറിച്ചിടുന്നു. അര ടീസ്‌പൂണ്‍ മഞ്ഞള്‍ പൊടി, കടുക് പരിപ്പാക്കിയത്, കുരുമുളക്, ജീരകം, മുളക് പൊടി, മല്ലിപ്പൊടി എന്നിവ അര ടീസ്‌പൂണ്‍ വീതവും ചേര്‍ക്കണം. ചെറിയ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില എന്നി ചതച്ചെടുത്ത് മാറ്റി വെച്ചതിനു ശേഷം പുളിവെള്ളത്തില്‍ ഉപ്പും കായവും ചേര്‍ത്ത് തിളപ്പിക്കുക.

കടുകും കറിവേപ്പിലയും ഉലുവയും വെളിച്ചെണ്ണയില്‍ താളിച്ചശേഷം മല്ലിയിലയും ചേര്‍ത്ത് ചെറു ചൂടോടെ ഉപയോഗിക്കുക. ഈ രസത്തിന് മുളഗിതോനി എന്നൊക്കെ വിളിപ്പേരുമുണ്ടായിരുന്നു. ഏതാണ്ട് 25 വര്‍ഷക്കാലം മീന്‍കോന്‍ നാണു ഫ്രഞ്ചുകാരുടെ പാചകക്കാരനായിരുന്നു. 1954 ല്‍ ഫ്രഞ്ചുകാര്‍ മാഹിയില്‍ നിന്നും ഫ്രാന്‍സിലേക്ക് പോകുമ്പോള്‍ മീന്‍കോന്‍ നാണുവിനെ അങ്ങോട്ടേക്ക് ക്ഷണിച്ചിരുന്നു.

എന്നാല്‍ പോണ്ടിച്ചേരിയില്‍ പോയി അവരെ കപ്പല്‍ കയറ്റിയശേഷം നാണു തിരിച്ചു വരികയായിരുന്നു. ഫ്രഞ്ചുകാരുടെ സേവകരായിരുന്ന നിരവധി മാഹിക്കാര്‍ ഫ്രഞ്ച് പൗരന്‍മാരായി തുടര്‍ന്നിരുന്നു. ഇന്നും ഫ്രാന്‍സിലെ തെരഞ്ഞെടുപ്പില്‍ വോട്ടവകാശമുള്ള ഫ്രഞ്ച് പൗരന്‍മാര്‍ മാഹിയിലുണ്ട്.

Also Read: ഉള്ളിവടയ്ക്ക് ടേസ്റ്റ് കൂട്ടാം; ഇതാ ഇങ്ങനെ പരീക്ഷിച്ചു നോക്കൂ

ABOUT THE AUTHOR

...view details