കേരളം

kerala

മൂന്നാം സീറ്റില്‍ പിടിവിടാതെ ലീഗ്, 14 ന് ഉഭയകക്ഷി ചർച്ച

By ETV Bharat Kerala Team

Published : Feb 6, 2024, 12:55 PM IST

രാഹുൽ ഗാന്ധി മത്സരിക്കാനില്ലെങ്കിൽ വയനാട്. അല്ലെങ്കിൽ കണ്ണൂർ, കാസർകോഡ് സീറ്റുകളിൽ ഏതെങ്കിലും ഒന്നാണ് ലീഗ് നോട്ടമിടുന്നത്. ഈ മാസം 14 ന് ഉഭയകക്ഷി ചർച്ച നടക്കും.

league third seat  League Demand For Third Seat  ലോക്‌‌സഭ  കോൺഗ്രസ്  മുസ്ലീം ലീഗ്
ലോക്‌‌സഭയിലേക്ക് മൂന്നാം സീറ്റെന്ന ആവശ്യം ശക്തമാക്കി മുസ്ലീം ലീഗ്

കോഴിക്കോട് : ലോക്‌‌സഭയിലേക്ക് മൂന്നാം സീറ്റെന്ന ആവശ്യം ശക്തമാക്കി മുസ്ലീം ലീഗ് (The Muslim League Has Intensified Its Demand For Third Seat In Lok Sabha). എപ്പോഴും പറയുന്നതുപോലെയല്ല ഇത്തവണ ആവശ്യപ്പെടുന്നതെന്നും നിർബന്ധമായും മൂന്നാം സീറ്റ് കിട്ടിയേ പറ്റൂ എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞതോടെ വിഷയം യുഡിഎഫിൽ ചർച്ചയാകും. ഈ മാസം 14 ന് ആണ് ഉഭയകക്ഷി ചർച്ച നടക്കുക.

മലപ്പുറത്തിനും പൊന്നാനിക്കും പുറമേ മലബാർ മേഖലയിൽ തന്നെ മറ്റൊരു സീറ്റുകൂടി വേണമെന്നാണ് ലീഗ് ആവശ്യപ്പെടുന്നത്. രാഹുൽ ഗാന്ധി മത്സരിക്കാനില്ലെങ്കിൽ വയനാട്. അല്ലെങ്കിൽ കണ്ണൂർ, കാസർകോഡ് സീറ്റുകളിൽ ഏതെങ്കിലും ഒന്നാണ് ലീഗ് നോട്ടമിടുന്നത്. 'ഇന്ത്യ' മുന്നണിയുടെ ഭാഗമായതോടെ രാഹുലിന്‍റെ മത്സരം ബിജെപിയോട് നേരിട്ടായിക്കുമെന്നും അല്ലാത്തപക്ഷം അത് പല ചർച്ചകൾക്കും വഴിവെക്കുമെന്നുമാണ് ലീഗ് കണക്കുകൂട്ടുന്നത്.

മലപ്പുറം ജില്ലയിലെ ഏറനാട്, നിലമ്പൂർ, വണ്ടൂർ എന്നീ സീറ്റുകൾ വയനാടിന്‍റെ ഭാഗമാണെന്നുള്ളതാണ് ലീഗ് വയനാടിന് വേണ്ടി ബലം പിടിക്കുന്നത്. എന്നാൽ കോൺഗ്രസിന്‍റെ ഏറ്റവും വിശ്വസ്‌തമായ മണ്ഡലം അവർ വിട്ടുനൽകാനുള്ള സാധ്യത വിദൂരവുമാണ്. കോൺസിന്‍റെ നിലവിലെ എംപിമാർ വിണ്ടും ജനവിധി തേടട്ടെ എന്നതാണ് തത്വത്തിൽ ധാരണ. എന്നാൽ കെ സുധാകരൻ കെപിസിസി പ്രസിഡന്‍റായതോടെ കണ്ണൂരിൽ പുതിയ സ്ഥാനാർത്ഥി വരും. മുല്ലപ്പള്ളിയടക്കം ചിലർ കണ്ണൂരിലേക്ക് കണ്ണുംനട്ടിരിക്കുന്നുമുണ്ട്. ലീഗിന് വലിയ വേരോട്ടമുള്ള കണ്ണൂരിലും അവർക്കൊരു കണ്ണുണ്ട്. എന്നാൽ അതിനുള്ള സാധ്യത അതിവിദൂരമാണ്.

ലീഗ് ആവശ്യം ശക്തമാക്കുമ്പോഴും അതിനെ അനുഭാവപൂർവ്വം തള്ളിക്കളയാൻ വഴി കണ്ടെത്തുകയാണ് കോൺഗ്രസ് നേതാക്കൾ. മൂന്നാം സീറ്റ് ആവശ്യം അംഗീകരിക്കേണ്ടന്ന എന്ന നിലപാടാണ് കോൺഗ്രസിനുള്ളിലുള്ളത്. എന്നാൽ ഇത് പരസ്യമായി പറഞ്ഞ് ലീഗിനെ പിണക്കാൻ തൽക്കാലം കോൺഗ്രസ് ശ്രമിക്കില്ല. മുന്നണിയോഗത്തിൽ ലീഗ് മൂന്നാം സീറ്റ് ആവശ്യപ്പെട്ടപ്പോൾ കെ സുധാകരൻ അടക്കമുള്ളവർ വളരെ സംയമനത്തോടെയാണ് അതിനെതിരെ പ്രതികരിച്ചത്.

യുഡിഎഫിലെ രണ്ടാമത്തെ വലിയ ഘടക കക്ഷിയായ ലീഗിനെ ഇപ്പോഴത്തെ സാഹചര്യത്തിൽ പിണക്കുന്നത് നല്ലതല്ലെന്ന് കോൺഗ്രസിന് അറിയാം. ഇടത്തോട്ട് ചായാൻ ലീഗിന് മടിയുമില്ല. പരസ്യമായി പറയുന്നില്ലെങ്കിലും ലീഗ് യുഡിഎഫ് വിട്ട് വരണമെന്ന് ആഗ്രഹം എൽഡിഎഫിനുമുണ്ട്. അധികം വൈകാതെ തന്നെ സീറ്റ് വിഭജനകാര്യത്തിൽ തീരുമാനമാകും.

തങ്ങളുടെ കുത്തക സീറ്റുകൾ രണ്ടും ലഭിച്ചാൽ പതിവുപോലെ മൂന്നാം സീറ്റ് ആവശ്യത്തിൽ നിന്ന് ലീഗ് പിന്നാക്കം പോകും എന്നാണ് കോൺഗ്രസ് നേതൃത്വത്തിന്‍റെ കണക്കുകൂട്ടൽ. എന്നാൽ ലീഗ് ആവശ്യത്തിൽ ഉറച്ചുനിന്നാൽ കാര്യങ്ങൾ ആകെ കുഴഞ്ഞുമറിയും. ഭരണ വിരുദ്ധ വികാരം വോട്ടാക്കാൻ എല്ലാം മറന്ന് സഹകരിക്കണം എന്ന് ഘടക കക്ഷികളെ മയത്തിൽ പറഞ്ഞ് കൈയിലെടുക്കുന്ന കോൺഗ്രസ് തന്ത്രം ഇത്തവണ ചെലവാകുമോ എന്നാണ് ഇനി അറിയേണ്ടത്.

ALSO READ : കാര്യമായ ചർച്ച നടക്കാനിരിക്കുന്നേ ഉള്ളൂ ... മുസ്ലീംലീഗ് അധിക സീറ്റ് ചോദിച്ചതിനെ കുറിച്ച് പികെ കുഞ്ഞാലിക്കുട്ടി

ABOUT THE AUTHOR

...view details