കേരളം

kerala

ഇളനീരും തൊട്ടാൽ പൊള്ളും; ചൂടത്ത് ഡിമാൻഡിനൊപ്പം വിലയും കൂടി - Tender Coconut Selling

By ETV Bharat Kerala Team

Published : May 2, 2024, 8:48 PM IST

30 മുതല്‍ 35 രൂപ വരെ വിപണി വിലയിൽ വിറ്റിരുന്ന ഇളനീരിന് നിലവിൽ 45 മുതൽ 55 രൂപ വരെയാണ് ഈടാക്കുന്നത്

TENDER COCONUT  TENDER COCONUT KASARAGOD  ഇളനീർ വില കൂടുന്നു  കാസർകോട് ഇളനീർ കച്ചവടം
Summer Heat ; Tender Coconut Selling In Kasaragod District (ETV KASARAGOD)

വേനൽകാലത്ത് ഇളനീരിന് വിലകൂടുന്നു (ETV KASARAGOD)

കാസർകോട്: വേനൽചൂട് കടുത്തതോടെ ദാഹമകറ്റാനും ശരീരത്തിന് കുളിര്‍മയേകാനും മലയാളികൾ പ്രധാനമായും ആശ്രയിക്കുന്നത് ഇളനീരിനെയാണ്. എന്നാൽ നിലവിൽ ഇളനീരിന് വലിയ വില നൽകേണ്ട സാഹചര്യമാണ്. ഇളനീരിന് ആവശ്യക്കാർ കൂടിയതോടെ സാധനം കിട്ടാതായി തുടങ്ങി. ഇതോടെ 30 മുതല്‍ 35 രൂപ വില ഇടാക്കിയിരുന്ന ഇളനീരിന് ഇപ്പോള്‍ പലയിടത്തും 45 മുതൽ 55 രൂപ വരെയായിരിക്കുകയാണ്. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളിലാണ് ഇളനീരിന് 10 മുതല്‍ 15 രൂപ വരെ വര്‍ധിച്ചിരിക്കുന്നത്.

ഓരോ ദിവസവും ഇവിടെ അഞ്ഞൂറിലധികം ഇളനീരാണ് വിറ്റുപോകുന്നത്. കടകളിൽ എത്തി കുടിക്കുന്നതിനു പുറമെ ആളുകൾ പാർസൽ ആയും ഇളനീർ വാങ്ങിക്കുന്നു. മൈസൂരിൽ നിന്നുള്ള ഇളനീരിനെയാണ് പ്രധാനമായും കാസർകോടുകാർ ആശ്രയിക്കുന്നത്. എന്നാൽ തമിഴ് നാട്ടിൽ നിന്നും ഇവിടേക്ക് ഇളനീർ എത്താറുണ്ട്. നാടൻ ഇളനീരിനും വിപണിയിൽ വൻ ഡിമാൻഡാണ്. കൂടുതല്‍ ഇളനീര്‍ വില്‍പന നടന്ന റമദാന്‍ മാസത്തിൽ പോലും മിക്കയിടങ്ങളിലും 35 രൂപയായിരുന്നു ഈടാക്കിയിരുന്നത്. എന്നാൽ ഇപ്പോൾ 50 രൂപയായി.

കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ വിശ്വസിച്ച് കുടിക്കാൻ പറ്റുന്നത് ഇളനീർ ആണെന്നാണ് ജനങ്ങൾ പറയുന്നത്. കർണാടക ഭാഗങ്ങളില്‍ നിന്ന് വരുന്ന ഇളനീരിന് മൊത്ത കച്ചവടക്കാര്‍ വില കൂട്ടിയതാണ് വില വര്‍ധനവിന് കാരണമെന്ന് ഇവിടുത്തെ കച്ചവടക്കാരുംപറയുന്നത്. എന്നാല്‍ നാടന്‍ കരിക്കിനും ഇതേ വില തന്നെയാണ് ഇടാക്കുന്നത്. ഇളനീർ ഷേക്ക്‌, ജ്യൂസ് തുടങ്ങിയ ഉൽപ്പന്നങ്ങൾക്കും വില കൂടി.

കഴിഞ്ഞ വര്‍ഷങ്ങളില്‍ വേനല്‍ക്കാലത്ത് കാര്‍ഷിക ഗവേഷണ കേന്ദ്രങ്ങളും, കൃഷി വകുപ്പും, സന്നദ്ധ സംഘടനകളും വഴിയോരത്ത് ഒരുക്കിയിരുന്ന 'ഇളനീര്‍ പന്തല്‍' ജില്ലയില്‍ ഇത്തവണ കാണാനില്ല. ഇതും കച്ചവടക്കാര്‍ക്ക് വില കൂട്ടാന്‍ വഴിയൊരുക്കിയെന്നാണ് ചൂണ്ടിക്കാട്ടുന്നത്. ഇളനീരിന് പുറമെ കരിമ്പ് ജൂസ്, മറ്റ് പഴങ്ങളുടെ ജൂസുകള്‍, നാരങ്ങ സോഡ, മോര് തുടങ്ങിയവയ്ക്കും ആവശ്യക്കാരേറെയാണ്. വിറ്റാമിനുകള്‍, ധാതുക്കള്‍, ഇലക്‌ട്രോലൈറ്റുകള്‍, പോഷകങ്ങളുടെ സാന്നിധ്യം, നിര്‍ജലീകരണം തടയല്‍, തുടങ്ങി നിരവധി ആരോഗ്യ ഗുണങ്ങള്‍ നിറഞ്ഞതാണ് ഇളനീരെന്ന് ആരോഗ്യ വിദഗ്‌ധര്‍ പറയുന്നു. വേനല്‍ കത്തിക്കാളുകയും ഇളനീര്‍ കച്ചവടം പൊടിപൊടിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇനിയും വില വര്‍ധിക്കുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. എന്നാൽ ഇനി വില കൂട്ടില്ലെന്നാണ് കച്ചവടക്കാർ പറയുന്നത്.

Also Read : കടുത്ത വേനലില്‍ തീപിടിത്ത സാധ്യത ; കര്‍ശന നിര്‍ദേശങ്ങളുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

ABOUT THE AUTHOR

...view details