കേരളം

kerala

കേരള സ്‌റ്റോറി ദൂരദർശനിൽ: സംപ്രേക്ഷണത്തിനെതിരെ സോഷ്യൽ മീഡിയയിൽ ക്യാമ്പെയിൻ - Kerala Story Controversy

By ETV Bharat Kerala Team

Published : Apr 5, 2024, 4:26 PM IST

Updated : Apr 5, 2024, 5:55 PM IST

കേരള സ്‌റ്റോറി സിനിമ ദൂരദർശനിലൂടെ സംപ്രേക്ഷണം ചെയ്യുന്നതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനുമുൾപ്പെടെയുള്ള നേതാക്കൾ.

KERALA STORY  KERALA STORY CONTROVERSY  KERALA STORY ON DOORDARSHAN  KERALA STORY TELECASTING
Social Media Started a Campaign Against Telecasting Kerala Story on Doordarshan

എറണാകുളം: വിപുൽ അമൃത്‌ലാൽ ഷാ നിർമ്മിച് സുദീപ്തോ സെൻ രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രമാണ് കേരള സ്‌റ്റോറി. ആദ ശർമ, യോഗിത ബിഹാനി തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം 2023 മെയിലാണ് പ്രദർശനത്തിന് എത്തിയത്. ചിത്രത്തിന്‍റെ ആദ്യ വിവരങ്ങൾ പുറത്തുവന്നത് മുതൽ കേരളത്തിലും രാജ്യത്തുടനീളവും ചിത്രത്തിനെതിരെ വലിയ വിമർശനമാണ് ഉയർന്നുകേട്ടത്.

ഒറ്റപ്പെട്ടതും, അടിസ്ഥാനരഹിതവുമായ ആശയങ്ങളെ മുൻനിർത്തി ചില രാഷ്ട്രീയ അജണ്ടകൾക്ക് വേണ്ടി സംസാരിക്കുന്ന ചിത്രം എന്നായിരുന്നു ഭൂരിഭാഗം നിരൂപകരുടെയും അഭിപ്രായം. ചിത്രം കേരളത്തിൽ റിലീസ് ചെയ്യില്ല എന്ന തീരുമാനത്തോടെ ഒരു തീയേറ്റർ സംഘടനയും അക്കാലത്ത് രംഗത്തെത്തിയിരുന്നു.

നിയമാനുസൃതമായി പ്രദർശനാനുമതി നേടിയ ചിത്രത്തിന് എന്തിനു തടയിടുന്നു എന്നുള്ള ചോദ്യമാണ് അണിയറ പ്രവർത്തകർ ഉന്നയിച്ചത്. ചിത്രത്തിന്‍റെ റിലീസിനോട് അനുബന്ധിച്ച് കേരളത്തിലെയും തമിഴ്‌നാട്ടിലെയും ചില തിയേറ്റർ സംഘടനകൾ സിനിമ ബഹിഷ്‌കരിച്ചിരുന്നു. വലിയ ഭൂകമ്പം സൃഷ്‌ടിച്ച് റിലീസ് ചെയ്‌ത ചിത്രം എന്നാൽ തിയേറ്ററുകളിൽ നിന്ന് ഭേദപ്പെട്ട പ്രതികരണം നേടി.

ഊതി പെരുപ്പിച്ച കളക്ഷൻ റിപ്പോർട്ടുകൾ ആയിരുന്നു ചിത്രത്തിന് ലഭിക്കുന്നതെന്ന് ട്വിറ്ററിലൂടെ അക്കാലത്ത് ഒരു ക്യാമ്പെയിനും നടക്കുകയുണ്ടായി. ചിത്രം ഒടിടിയിലൂടെ പ്രദർശനം ആരംഭിച്ച ശേഷം അഭിനേതാക്കളുടെ പ്രകടനത്തിനടക്കം വലിയ വിമർശനങ്ങളാണ് നേരിടേണ്ടി വന്നത്. കേരളത്തിന്‍റെ മതസൗഹാർദ്ദത്തെ മാത്രമല്ല, ഭാഷയെയും വികലമായി ഉപയോഗിച്ച് എല്ലാ അർത്ഥത്തിലുമുള്ള പരിഹാസ സൃഷ്‌ടി എന്നായിരുന്നു സൈബർ നിരൂപകരുടെ അഭിപ്രായം. ആവിഷ്‌കാരത്തിൽ അപാകതകളുള്ള ചിത്രത്തിന്‍റെ ആശയത്തിനെ ഗൗരവ സ്വഭാവത്തോടുകൂടി കാണേണ്ടതില്ല എന്നും സോഷ്യൽ മീഡിയയില്‍ അഭിപ്രായം ഉയര്‍ന്നിരുന്നു.

കേരള സ്‌റ്റോറിയുടെ പുകപടലങ്ങൾ കെട്ടടങ്ങി നില്‍ക്കവെയാണ് ദൂരദർശനിലൂടെ ഇന്നു വൈകുന്നേരം എട്ടുമണിക്ക് (5 ഏപ്രിൽ 2024) ചിത്രം സംപ്രേക്ഷണം ചെയ്യുന്നു എന്ന വാർത്ത കഴിഞ്ഞദിവസം പുറത്തുവന്നത്. ഇത് ഈ സിനിമയെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും പുനരാരംഭിക്കുന്നതിന് കാരണമായി.

കേരളത്തെയും, കേരളത്തിന്‍റെ മത സാമൂഹിക രാഷ്ട്രീയ തലത്തെയും വ്യാജമായും, അധിക്ഷേപിക്കുന്ന തരത്തിലും ചിത്രീകരിച്ചിട്ടുള്ള കേരള സ്‌റ്റോറി ദൂരദർശൻ പോലൊരു പൊതു ബ്രോഡ്‌കാസ്‌റ്റിങ്ങ് മാധ്യമത്തിലൂടെ സംപ്രേക്ഷണം ചെയ്യരുതെന്നുള്ള കാമ്പെയിനുകൾ സോഷ്യൽ മീഡിയയിൽ ആരംഭിച്ചുകഴിഞ്ഞു.

ദൂരദർശനിലൂടെ ചിത്രം സംപ്രേക്ഷണം ചെയ്യുന്നതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം രംഗത്ത് വന്നു. ചിത്രം ഈ സമയത്ത് ദൂരദർശനിലൂടെ പ്രദർശിപ്പിക്കുന്നത് രാഷ്ട്രീയ മുതലെടുപ്പാണെന്നും, പെരുമാറ്റ ചട്ടലംഘനം മുന്നിൽ കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും എന്നുമായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ പ്രസ്‌താവന.

കേരളം പുരോഗമന പാതയിൽ സഞ്ചരിക്കുന്നു എന്ന വസ്‌തുതയെ മറച്ചു നിർത്തി തീവ്രവാദത്തെ സപ്പോർട്ട് ചെയ്യുന്നു എന്ന അജണ്ടയുള്ള ഒരു സിനിമ പ്രൈം ടൈമിൽ സംപ്രേഷണം ചെയ്യുന്നത് രാഷ്ട്രീയ കുടിലതന്ത്രം മാത്രമാണെന്നാണ് ഇടതുപക്ഷവും വലതുപക്ഷവും ഒരേ സ്വരത്തിൽ അഭിപ്രായപ്പെടുന്നത്. കേരള സ്‌റ്റോറി ചർച്ചചെയ്യുന്ന ആശയങ്ങളുമായി ഒരിക്കലും കേരളത്തിന്‍റെ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങൾ ഒത്തു പോകുന്നില്ല. കേരള സ്‌റ്റോറിയുടെ ആശയം അല്ല റിയൽ കേരള സ്‌റ്റോറി എന്നതാണ് ചലച്ചിത്ര നിരൂപകരുടെയും പ്രേക്ഷകരുടെയും പക്ഷം.

ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും സംപ്രേക്ഷണം ചെയ്‌തുകഴിഞ്ഞ, നിലവില്‍ ഒടിടിയിലൂടെയും പ്രദർശിപ്പിക്കുന്ന ചിത്രം ദൂരദർശനിലൂടെ ജനങ്ങളിലേക്ക് എത്തിക്കുന്നത് സംസ്ഥാനത്തെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങളുടെ ഭാഗമാണെന്ന് നിരവധി സിനിമ നിരൂപകർ സോഷ്യൽ മീഡിയയിലൂടെ പ്രസ്‌താവിച്ചിരുന്നു. ചിത്രം പ്രദർശിപ്പിക്കുന്നതിനെതിരെ ഡിവൈഎഫ്ഐ ശക്തമായി പ്രതികരിക്കുമെന്ന് എഎ റഹീം അറിയിച്ചു.

Also Read:'കേരള സ്‌റ്റോറി' ദൂരദർശനിൽ സംപ്രേക്ഷണം ചെയ്യുന്നത് വിലക്കണം; ചീഫ് ഇലക്ഷൻ കമ്മിഷണർക്ക് കത്തയച്ച് വി ഡി സതീശൻ

Last Updated :Apr 5, 2024, 5:55 PM IST

ABOUT THE AUTHOR

...view details