കേരളം

kerala

1000 ദിവസങ്ങൾ പിന്നിട്ട വാർത്താവായന, മന്ത്രിയുടെ അഭിനന്ദനവും ; നിസാരയല്ല വേദികയെന്ന കൊച്ചുമിടുക്കി

By ETV Bharat Kerala Team

Published : Mar 19, 2024, 1:04 PM IST

1000 ദിവസങ്ങൾ പിന്നിട്ട വാർത്താവായന, നമ്മുടെ കുഞ്ഞുങ്ങൾ എത്ര സ്‌മാർട്ട് ആയാണ് കാര്യങ്ങൾ ചെയ്യുന്നതെന്ന് മന്ത്രി ശിവൻകുട്ടി

student news reader  student news reader vedika  news reading crossed 1000 days  Kasaragod student news reader
Vedika

വാർത്തവായിച്ച് ഞെട്ടിച്ച് വേദികയെന്ന കൊച്ചുമിടുക്കി

കാസർകോട് :2021 ജൂൺ 19ന് വായനാദിനത്തിൽ വേറിട്ടൊരു രീതി പരീക്ഷിക്കണമെന്ന് കരുതിയാണ് വേദിക വാർത്ത വായിച്ച് തുടങ്ങിയത്. അവിടെ നിന്നും ഇങ്ങോട്ട് സ്ഥിരമായി വാർത്താവായന. അങ്ങനെ എം ജി വേദിക വായിക്കുന്ന വാർത്ത വിവിധ വാട്‌സാപ്പ് ഗ്രൂപ്പ് അംഗങ്ങൾ കേൾക്കാൻ തുടങ്ങിയിട്ട് 1000 ദിവസം പിന്നിട്ടിരിക്കുകയാണ്.

വർഷവും തീയതിയും ദിവസവും കൊല്ലവർഷവുമടക്കം പറഞ്ഞാണ് വാർത്ത ആരംഭിക്കുക. കൂടെ 'നമസ്‌കാരം, വാർത്തകൾ വായിക്കുന്നത് വേദിക എംജി'യെന്നും തകർപ്പൻ ഇൻട്രോ. കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയായ വേദികയാണ് എല്ലാ ദിവസവും നൂറുകണക്കിനാളുകളെ വാർത്തകളറിയിക്കുന്നത്.

2021 ജൂൺ മാസം 19നാണ് വേദിക വാർത്ത വായിക്കാൻ തുടങ്ങിയത്. മേലാങ്കോട്ട് എ സി കണ്ണൻ നായർ സ്‌മാരക ഗവ. യുപി സ്‌കൂളിലെ ആറാം തരം വിദ്യാർഥിനിയായിരുന്നു വേദിക അന്ന്. വായനാദിനത്തിൽ വേറിട്ടൊരു രീതി പരീക്ഷിക്കണമെന്ന് അന്നത്തെ പ്രഥമാധ്യാപകൻ കൊടക്കാട് നാരായണൻ പറഞ്ഞപ്പോൾ, വിദ്യാർഥികൾ പല രീതികൾ അവലംബിച്ചു.

വേദിക തെരഞ്ഞെടുത്തത് വാർത്തകൾ വായിച്ച് അത് ശബ്‌ദ സന്ദേശമായി സെൽഫോണിൽ അയക്കുന്ന രീതിയാണ്. അത് വൈറൽ ആകുകയും ചെയ്‌തു. പിന്നാലെ വേദികയുടെ വാർത്താവായനയെ അഭിനന്ദിച്ച് നിരവധിപേർ എത്തുകയും ചെയ്‌തു.

ജനപ്രതിനിധികൾ ഉൾപ്പടെ നിരവധി പ്രമുഖരുടെ അഭിനന്ദനങ്ങളും ഈ കൊച്ചുമിടുക്കിയെ തേടിയെത്തി. ദിവസവും ഇങ്ങനെ വായിക്കണമെന്ന് അന്നത്തെ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി വി ജയരാജ് പറഞ്ഞതോടെ വേദികയുടെ വാർത്താവായന സ്ഥിരമായി. രക്ഷിതാക്കളെ ഉൾപ്പെടുത്തിയ ക്ലാസ് അധ്യാപകരുടെയും പിടിഎയുടെയും വാട്‌സാപ്പ് ഗ്രൂപ്പുകളിൽ എല്ലാ ദിവസവും വേദികയുടെ വാർത്തയെത്തും.

സ്‌കൂൾ കോമ്പൗണ്ടും കടന്ന് നാട്ടിലെ വായനാശാല വാട്‌സാപ്പുകളിലും ജില്ലയിലെ വിവിധ സാംസ്‌കാരിക കൂട്ടായ്‌മയുടെ വാട്‌സാപ്പ് ഗ്രൂപ്പുകളിലുമെല്ലാം ഈ വാർത്ത വായനയ്‌ക്ക് ഇടം ലഭിച്ചു. എട്ടാം തരത്തിൽ സ്‌കൂൾ മാറി 'ദുർഗ'യിലെത്തിയപ്പോഴും വാർത്താവായന നിർത്തിയില്ല. ഇപ്പോൾ വേദികയെ അഭിനന്ദിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടിയും എത്തിയിരിക്കുകയാണ്.

'നമ്മുടെ കുഞ്ഞുങ്ങൾ എത്ര സ്‌മാർട്ട് ആയാണ് കാര്യങ്ങൾ ചെയ്യുന്നത്. വാർത്താവായനയിൽ വിസ്‌മയമാവുകയാണ് കാഞ്ഞങ്ങാട് ദുർഗ ഹയർസെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനി വേദിക. സമൂഹ മാധ്യമത്തിലൂടെ വാർത്ത വായിച്ച് ആയിരം ദിവസം പൂർത്തിയാക്കിയിരിക്കുകയാണ് ഈ മിടുക്കി. അഭിനന്ദനങ്ങൾ മോളെ'- എന്നാണ് മന്ത്രി വേദികയെ അഭിനന്ദിച്ച് ഫേസ്‌ബുക്കിൽ കുറിച്ചത്.

ദുർഗ ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകൻ ഗോപി മുളവന്നൂരിന്‍റെയും പള്ളിക്കര ഇസ്‌ലാമിക് ഹയർസെക്കൻഡറി സ്‌കൂൾ അധ്യാപിക പി ജി ശ്രീകലയുടെയും മകളാണ് വേദിക. സഹോദരി : ദേവിക.

ABOUT THE AUTHOR

...view details