കേരളം

kerala

'സിൽവർലൈൻ പദ്ധതി അട്ടിമറിക്കാൻ 150 കോടി കൈക്കൂലി' ; വി ഡി സതീശനെതിരായ ഹർജി തള്ളി വിജിലൻസ് കോടതി - Silverline Bribery Case

By ETV Bharat Kerala Team

Published : Apr 18, 2024, 12:47 PM IST

സിൽവർലൈൻ പദ്ധതി അട്ടിമറിക്കാൻ പ്രതിപക്ഷനേതാവ് കൈക്കൂലി വാങ്ങി എന്ന പരാതി വിജിലൻസ് കോടതി തള്ളി. തെളിവുകളില്ലെന്നും ഉള്ളത് ആരോപണം മാത്രമെന്നും കോടതി.

V D SATHEESAN  SILVERLINE  വിജിലൻസ് കോടതി  K RAIL
പ്രതിപക്ഷ നേതാവിനെതിരെയുള്ള ഹർജി തള്ളി വിജിലൻസ് കോടതി

തിരുവനന്തപുരം :സിൽവർലൈൻ പദ്ധതി അട്ടിമറിക്കാൻ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ 150 കോടി രൂപ കൈക്കൂലി വാങ്ങി എന്ന ആരോപണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളി. തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയാണ് ഹർജി നിരാകരിച്ചത്. ഹർജിയിൽ ആരോപണങ്ങൾ മാത്രമേ ഉള്ളൂവെന്നും തെളിവുകൾ പരാതിക്കാരൻ ഹാജരാക്കിയിട്ടില്ലെന്നും നിരീക്ഷിച്ചാണ് കോടതി നടപടി. ഹർജിയിന്‍മേലുള്ള തുടർ നടപടികൾ കോടതി അവസാനിപ്പിച്ചു.

ഹർജിയിൽ ഈ മാസം ആദ്യം തന്നെ വാദം പൂർത്തിയായിരുന്നു. കേസെടുക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാരിന്‍റെ മറുപടി ലഭിക്കുന്നതിനായാണ് വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റിവച്ചത്. വി ഡി സതീശൻ അന്തർ സംസ്ഥാന ലോബികളിൽ നിന്നും കൈക്കൂലി വാങ്ങിയെന്ന് എംഎൽഎ പി വി അൻവർ നിയമസഭയിൽ ആരോപിച്ചിരുന്നു. ഇതിൽ അന്വേഷണം ആവശ്യപ്പെട്ട് കവടിയാർ സ്വദേശി ഹഫീസ് വിജിലൻസ് ഡയറക്‌ടറെ സമീപിച്ചു. വിജിലൻസ് വിഭാഗം അന്വേഷണം നടത്താതെ വന്നതോടെയാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചത്.

പി വി അൻവർ എംഎൽഎ ആരോപണം ഉന്നയിച്ചത് നിയമസഭയിലാണ്. തെരഞ്ഞെടുപ്പ് ഫണ്ടിന് വേണ്ടിയാണ് കോർപറേറ്റുകളിൽ നിന്നും പണം വാങ്ങിയതെങ്കിൽ അത് തെരഞ്ഞെടുപ്പ് കമ്മിഷനാണ് അന്വേഷിക്കേണ്ടത്. അതിനും തെളിവില്ല. അതിനാൽ ഈ കേസിൽ അന്വേഷണം ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.

സംസ്ഥാന സർക്കാരിൻ്റെ കെ റെയിൽ പദ്ധതി അട്ടിമറിക്കാൻ പ്രതിപക്ഷ നേതാവ് കൈക്കൂലി വാങ്ങി എന്നായിരുന്നു പി വി അൻവർ എംഎൽഎ നിയമസഭയിൽ ആരോപിച്ചത്. ഈ ആരോപണത്തിൽ അഴിമതി നിരോധന നിയമ പ്രകാരം കേസ് എടുക്കണമെന്നായിരുന്നു ഹർജിക്കാരന്‍റെ ആവശ്യം.

ALSO READ : സിൽവർ ലൈൻ കൈക്കൂലി കേസ്; പ്രതിപക്ഷ നേതാവിനെതിരായ ഹർജിയിൽ ഉത്തരവ് ശനിയാഴ്‌ച

ABOUT THE AUTHOR

...view details