കേരളം

kerala

ശബരിമല റോപ് വേ നിർമ്മാണം : മെയ് രണ്ടിന് വീണ്ടും സർവേ - Sabarimala Ropeway

By ETV Bharat Kerala Team

Published : Apr 30, 2024, 1:40 PM IST

സർവേ നടത്തുക കേരള സർവേ ഡിപ്പാർട്ട്മെന്‍റ്, വനംവകുപ്പ് ഉദ്യോഗസ്ഥർ, ദേവസ്വം ബോർഡ് അംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തില്‍.

SABARIMALA ROPEWAY  CONSTRUCTION OF SABARIMALA ROPEWAY  SABARIMALA ROPEWAY SURVEY CONDUCTED  ശബരിമല റോപ് വേ നിർമ്മാണം
Construction of Sabarimala Ropeway; survey will be conducted again on 2

പത്തനംതിട്ട : ഹൈക്കോടതിയുടെ നിർദേശപ്രകാരം ശബരിമലയിൽ റോപ് വേയുടെ നിർമ്മാണത്തിനായി അഡ്വക്കേറ്റ് കമ്മിഷന്‍റെ സാന്നിധ്യത്തിൽ മെയ് 2ന് വീണ്ടും സർവേ നടത്തും. പമ്പയിലെ റോപ് വേ സ്റ്റേഷനും വെയർഹൗസും ഓഫിസും ഉൾപ്പടെ നിർമ്മിക്കുന്നതിനായി ഒന്നേകാൽ ഏക്കർ സ്ഥലമാണ് വേണ്ടിവരിക. ഓഫിസും വെയർഹൗസും നിർമ്മിക്കുന്ന സ്ഥലം വനംവകുപ്പിന്‍റേതാണ്.

ഇവിടെയുള്ള മരങ്ങൾ മുറിച്ച് മാറ്റേണ്ടിവരും. വനഭൂമിക്ക് പകരം 20 സെന്‍റ് സ്ഥലം ദേവസ്വം ബോർഡ് വിട്ടുനൽകാൻ ധാരണയായിട്ടുണ്ട്. കേരള സർവേ ഡിപ്പാർട്ട്മെന്‍റ്, വനംവകുപ്പ് ഉദ്യോഗസ്ഥർ, ദേവസ്വം ബോർഡ് അംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിലാകും സർവേ. റിപ്പോർട്ട് മെയ് 23ന് കോടതിയിൽ സമർപ്പിക്കണം.

പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള ചരക്കുനീക്കം അപകടരഹിതവും സുഗമവുമാക്കാനും അത്യാവശ്യഘട്ടങ്ങളിൽ ആംബുലൻസ് സർവീസായി ഉപയോഗിക്കുന്നതിനുമാണ് റോപ് വേ.2.8 കിലോമീറ്ററാണ് റോപ് വേയുടെ നീളം. (പമ്പ ഹിൽടോപ്പിൽ നിന്ന് ആരംഭിച്ച് മാളികപ്പുറം പൊലീസ് ബാരക്കിന് സമീപം വരെ).

സ്റ്റീൽ ഉപയോഗിച്ച് അഞ്ച് ടവറുകളും രണ്ട് സ്റ്റേഷനുകളും നിർമ്മിക്കും. മരങ്ങൾ മുറിച്ചുമാറ്റാതിരിക്കാൻ 40 മീറ്റർ ഉയരത്തിലാണ് കേബിളുകൾ സ്ഥാപിക്കുന്നത്. റോപ് വേ നിര്‍മ്മാണത്തിനായി 150 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്.

2011ൽ ആണ് റോപ് വേ നിർമ്മാണത്തിന് നടപടി തുടങ്ങിയത്. 2019ൽ ആദ്യ സർവേ നടന്നു. 2023 മെയിൽ സർവേ പൂർത്തിയായെങ്കിലും വനംവകുപ്പ് തടസവാദമുന്നയിച്ചു. തുടർന്ന് അലൈന്‍മെന്‍റിൽ മാറ്റംവരുത്തി ഒക്ടോബറിൽ റിപ്പോർട്ട് നൽകി. കോൺക്രീറ്റ് തൂണുകൾ സ്ഥാപിക്കുന്നതിനെയാണ് വനംവകുപ്പ് എതിർത്തത്. ഹിമാചൽ പ്രദേശിൽ വനത്തിലൂടെ റോപ് വേ നിർമ്മിക്കുന്നതിലുള്ള തടസവാദം സുപ്രീംകോടതി തള്ളിയത് ശബരിമല പദ്ധതിക്ക് ഗുണമായി.

എന്നാൽ എതിർപ്പില്ലെന്ന് കാട്ടി വനംവകുപ്പ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയതോടെ തടസങ്ങളെല്ലാം ഇല്ലാതായി. സർവേയ്ക്കുശേഷം കോടതിയുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് സർക്കാരിന്‍റെ അഭിപ്രായം തേടിയശേഷം നിർമ്മാണം ആരംഭിക്കും.

പദ്ധതിക്ക് അംഗീകാരം ലഭിച്ചാൽ മഴക്കാലം ഒഴികെയുള്ള 24 മാസംകൊണ്ട് പരിസ്ഥിതി സൗഹൃദമായി നിർമ്മാണം പൂർത്തിയാക്കാൻ കഴിയുമെന്ന് ബി ഒ ടി അടിസ്ഥാനത്തിൽ പദ്ധതി ഒരുക്കുന്ന കൊൽക്കത്ത ദാമോദർ കേബിൾ കാർ കൺസ്ട്രക്‌ഷൻസ്‌ അധികൃതർ അറിയിച്ചു.

Also Read: ശബരിമല വിമാനത്താവളം : ഭൂമി ഏറ്റെടുക്കാനുള്ള സർക്കാർ വിജ്ഞാപനം സ്റ്റേ ചെയ്‌ത് ഹൈക്കോടതി

ABOUT THE AUTHOR

...view details