തിരുവനന്തപുരം: ചരിത്രത്തിൽ ആദ്യമായി റിപ്പബ്ലിക് ദിന പ്രസംഗത്തിൽ (Republic Day 2024) പ്രധാനമന്ത്രിയുടെ പേര് പറഞ്ഞ് പുകഴ്ത്തിയും സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ചും കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ (Governor Arif Mohammed Khan Speech). തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ അഭിവാദ്യം സ്വീകരിച്ച ശേഷം നടത്തിയ പ്രസംഗത്തിലാണ് കേന്ദ്രസർക്കാരിന്‍റെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞുള്ള ഗവർണറുടെ റിപ്പബ്ലിക് ദിന സന്ദേശ പ്രസംഗം. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ വി ശിവൻകുട്ടി, വി അബ്‌ദുറഹിമാൻ എന്നിവർ വേദിയിലിരിക്കെയാണ് ഗവർണർ സർക്കാരിനെതിരെ രൂക്ഷ വിമർശനം നടത്തിയത്.
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയെ സൂപ്പർ പവറാക്കിയെന്ന് പറഞ്ഞാണ് കേന്ദ്ര സർക്കാരിനെ പുകഴ്ത്താൻ ഗവർണർ ആരംഭിച്ചത്. മേക്ക് ഇൻ ഇന്ത്യയിലൂടെ വന്ദേ ഭാരതും കൊച്ചി വാട്ടർ മെട്രോയും യാഥാർഥ്യമായി. വികസിത് സങ്കൽപ്പ് യാത്ര കേന്ദ്ര സർക്കാരിൻ്റെ വികസന നേട്ടങ്ങൾ ജനങ്ങളിൽ എത്തിച്ചു. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിലൂടെ പട്ടിണിക്കെതിരെ വിജയകരമായ പ്രവർത്തനം നടത്താനായെന്നും ഗവർണർ പറഞ്ഞു.
എന്നാൽ കേരളം ആരോഗ്യകരമായ ജനാധിപത്യത്തെ പ്രോത്സാഹിപ്പിക്കണമെന്ന് ഗവർണർ സംസ്ഥാന സർക്കാരിനെ ഓർമ്മിപ്പിച്ചു. സ്റ്റാർട്ട് അപ്പ് റാങ്കിങ്ങിൽ കേരളത്തിന് മികച്ച നേട്ടം ഉണ്ടായി. അതേസമയം, ഉന്നത വിദ്യാഭ്യാസ രംഗത്തെ ബാഹ്യ ഇടപെടലുകൾ അക്കാദമിക മേഖലയെ മലിനമാക്കുന്നുവെന്ന് ഗവർണർ വിമർശിച്ചു.