കേരളം

kerala

മലബാറിന്‍റെ യാത്രാദുരിതം അനന്തമായി നീളുന്നു; ഇന്ത്യന്‍ റെയിൽവേക്ക് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ച് എം പിമാര്‍

By ETV Bharat Kerala Team

Published : Feb 26, 2024, 4:52 PM IST

മലബാറിലെ യാത്രക്കാരുടെ ദുരിതം സംബന്ധിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ എംപിയുടെ നേതൃത്വത്തിൽ 7 എംപിമാർ ഒപ്പിട്ട നിർദേശങ്ങൾ റെയിൽവേയ്ക്കു സമർപ്പിച്ചു.

train issue malabar രാജ്‌മോഹൻ ഉണ്ണിത്താൻ എംപി മലബാറിലെ യാത്രാദുരിതം ഇന്ത്യന്‍ റെയിൽവേ RAJ MOHAN UNNITHAN MP
Rajmohan Unnithan MP submitted proposals to the Railways regarding the plight of train passengers in Malabar

അനന്തമായി നീളുന്ന മലബാറിന്‍റെ യാത്രാദുരിതം.. പരിഹാരം വേണമെന്ന് എംപിമാർ, ഇന്ത്യന്‍ റെയിൽവേക്ക് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചു

കാസർകോട്: യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും മുന്നിലാണ് മലബാറിലെ റെയിൽവേ സ്റ്റേഷനുകൾ. എന്നിട്ടും ട്രെയിനുകളുടെ എണ്ണമെടുക്കുമ്പോൾ വടക്കേ മലബാർ എന്നും പിന്നിലാണ്.

ചില ട്രെയിനുകളുടെ സ്റ്റേഷൻ അല്‍പം ഒന്ന് മാറ്റിയാൽ യാത്രക്കാർക്ക് ഏറെ ഗുണകരമാകും. മണിക്കൂറുകളോളം ട്രെയിനുകളില്ലാത്ത സ്ഥിതിയാണ് മലബാറിലെ സ്റ്റേഷനുകളിൽ. മണിക്കൂറുകൾക്ക് ശേഷം ട്രെയിൻ എത്തിയാലോ തിക്കും തിരക്കും.യാത്രക്കാര്‍ ട്രെയിനിൽ കുഴഞ്ഞു വീഴുന്നതും പതിവ് കാഴ്ചയാണ്.

അധികൃതരുടെ ഭാഗത്ത് നിന്നും പരിഹാരം ഉണ്ടായില്ലെങ്കിൽ വേനൽ കാലത്ത് ട്രെയിൻ യാത്ര കൂടുതൽ ദുരിതമാകും. മലബാറിലെ യാത്രക്കാരുടെ ദുരിതം സംബന്ധിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ എംപിയുടെ നേതൃത്വത്തിൽ 7 എംപിമാർ ഒപ്പിട്ട നിർദേശങ്ങൾ റെയിൽവേയ്ക്കു സമർപ്പിച്ചിട്ടുണ്ട്. ഇതിൽ പരിഹാരം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രധാന നിർദേശങ്ങൾ...
ഉത്തര മലബാറിൽ ഏറ്റവും കൂടുതൽ ആളുകൾ ആശ്രയിക്കുന്നത് പരശുറാം എക്സ്പ്രസിനെയാണ്. ജോലിക്കും മറ്റും പോകുന്നവർ പരശുറാം എക്സ്പ്രസിലെ തിരക്ക് കാരണം പ്രയാസപ്പെടുന്നു. വന്ദേ ഭാരതിനു വേണ്ടി പരശുറാം എക്സ്പ്രസ് കൊയിലാണ്ടിയിലും എലത്തൂരിലും പിടിച്ചിടുന്നതും അതിനു ശേഷം വരുന്ന കോഴിക്കോട്–മംഗളൂരു എക്സ്പ്രസ് വൈകി കോഴിക്കോട് എത്തുന്നതുമാണ് ദുരിതകാരണം.

ഇത് പരിഹരിക്കാൻ ഈ രണ്ട് വണ്ടികളും മംഗളൂരുവിൽ നിന്ന് 10 മിനിറ്റ് മുൻപേ പുറപ്പെടണമെന്നും ആവശ്യം ഉയർന്നു. കോഴിക്കോട് നിന്നും കാസർകോട് ഭാഗത്തേക്കും തിരിച്ചും സന്ധ്യ കഴിഞ്ഞാൽ ഹ്രസ്വദൂര യാത്രക്കാർക്കു വണ്ടിയില്ല. ഇതിന് പരിഹാരമായി പരശുറാം എക്സ്പ്രസ് കോഴിക്കോട് ഒരു മണിക്കൂർ പിടിച്ചിട്ട് വൈകിട്ട് 5ന് പുറപ്പെടുന്നതു നിർത്തി പഴയ പോലെ 4.05 ന് തന്നെ കോഴിക്കോട് വിടുകയും, ഉച്ചയ്ക്ക് 2.05ന് പുറപ്പെടുന്ന കോഴിക്കോട്–കണ്ണൂർ എക്സ്പ്രസ് വൈകിട്ട് 5ന് പുറപ്പെട്ട് മംഗളൂരു വരെ നീട്ടുകയും ചെയ്യുക.

  • വൈകിട്ട് 3ന് എറണാകുളം വിട്ട് രാത്രി 11ന് മംഗളൂരുവിൽ എത്തുന്ന രീതിയിൽ ഇന്‍റർസിറ്റി എക്സ്പ്രസ് പുതുതായി സർവീസ് ആരംഭിക്കുക.
  • ആഴ്ചയിൽ 2 ദിവസം ഓടുന്ന മംഗളൂരു ജംക്‌ഷൻ–കൊച്ചുവേളി അന്ത്യോദയ എക്സ്പ്രസ് ദിവസവും ഓടിക്കുക.
  • പകൽ വെറുതേ കിടക്കുന്ന ഷൊർണൂർ-കണ്ണൂർ, മംഗളൂരു-ഗോവ മെമു വണ്ടികൾ യോജിപ്പിച്ച് പകൽ മംഗളൂരു-കണ്ണൂർ മെമു സർവീസ് ആരംഭിക്കുക.
  • പരശുറാം എക്‌സ്പ്രസ്, എഗ്മോർ എക്സ്പ്രസ്സ് എന്നിവ കോഴിക്കോട് മണിക്കൂറോളം നിർത്തി ഇടുന്നത് ഒഴിവാക്കുക.
  • മംഗളൂരു-കണ്ണൂർ മെമു നേരത്തെ പാസഞ്ചർ ആയി പ്രവർത്തിച്ചിരുന്ന പോലെ മംഗളൂരു നിന്ന് വൈകിട്ട് 4.30ന് പുറപ്പെടണം. ഇതുവഴി മാവേലി എക്‌സ്‌പ്രസ് പിടിച്ചിടുന്നത് ഒഴിവാക്കാം.
  • മംഗളൂരിനും കണ്ണൂരിനുമിടയിൽ ദീർഘദൂര ട്രെയിനുകൾക്ക് കൂടുതൽ ഡി-റിസർവ്ഡ് കോച്ചുകൾ അനുവദിക്കുക.
  • കണ്ണൂർ-ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്‌പ്രസ് മംഗളൂരുവിലേക്ക് നീട്ടുക.
  • മൂകാംബിക റോഡ്-ബൈന്ദൂർ-ഷൊർണൂർ ട്രെയിൻ പുനരാരംഭിച്ച് പഴനി, മധുര തുടങ്ങിയ തീർഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് രാമേശ്വരത്തേക്ക് നീട്ടുക.
  • മംഗളൂരുവിൽ വെറുതെ കിടക്കുന്ന അന്ത്യോദയ എക്‌സ്‌പ്രസ് ദിവസവും സർവീസ് നടത്തുക.
  • ട്രെയിനുകളിൽ ജനറൽ കംപാർട്ട്‌മെന്‍റുകളുടെ എണ്ണം വർധിപ്പിക്കുക.
  • എല്ലാ സ്റ്റേഷനുകളും വികലാംഗ സൗഹൃദമാക്കുക.
  • കാസർകോട്,കാഞ്ഞങ്ങാട്, പയ്യന്നൂർ സ്റ്റേഷനുകളിൽ 24 മണിക്കൂറും അനൗൺസ്‌മെന്‍റും ഇൻഫർമേഷൻ കൗണ്ടറുകളും പ്രവർത്തിക്കുക.
  • കാണിയൂർ റെയിൽ പാതയ്ക്ക് കർണാടക സർക്കാരിൽ നിന്ന് എൻഒസി ലഭിക്കുന്നതിന് ക്രമീകരണങ്ങൾ ചെയ്യുക.

എന്നിവയായിരിന്നു പ്രധാന നിർദേശങ്ങൾ. പുതുതായി മംഗളൂരു സെൻട്രൽ –രാമേശ്വരം ട്രെയിൻ ഉടനെ ആരംഭിക്കുന്നതിനും ബെംഗളൂരു–കണ്ണൂർ എക്‌സ്‌പ്രസ് കോഴിക്കോട്ടേക്കും മംഗളൂരു- കോഴിക്കോട് എക്‌സ്പ്രസ് പാലക്കാട് ജംക്‌ഷൻ വരെ ഓടുന്നതും അംഗീകരിച്ചെങ്കിലും ഇതുവരെ സര്‍വ്വീസ് ആരംഭിച്ചിട്ടില്ല. അതേ സമയം ഏറെ പ്രതീക്ഷിച്ച ഗോവ -മംഗളൂർ വന്ദേഭാരത് കോഴിക്കോട് നീട്ടണമെന്ന ആവശ്യം റെയിൽവേ അംഗീകരിച്ചിട്ടില്ല. പകരം കണ്ണൂരിലേക്കോ കാസർകോടേക്കോ നീട്ടുന്ന കാര്യം പരിഗണയിൽ ഉണ്ട്.

ABOUT THE AUTHOR

...view details