കേരളം

kerala

പ്രധാനമന്ത്രി ഇന്നും നാളെയും തലസ്ഥാനത്ത് ; ഗതാഗത നിയന്ത്രണം

By ETV Bharat Kerala Team

Published : Feb 27, 2024, 9:35 AM IST

നിയന്ത്രണങ്ങൾ ലംഘിച്ച് പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ നീക്കം ചെയ്‌ത് പിഴ ചുമത്തും

PrimeMinister in Thiruvananthapuram  പ്രധാനമന്ത്രി നരേന്ദ്രമോദി  പ്രധാനമന്ത്രി തിരുവനന്തപുരത്ത്  Thiruvananthapuram  പ്രധാനമന്ത്രി തിരുവനന്തപുരത്ത്
Traffic Regulations Prime Minister Visit In Thiruvananthapuram

തിരുവനന്തപുരം :പ്രധാനമന്ത്രി ഇന്നും നാളെയും തലസ്ഥാനത്ത്. നരേന്ദ്രമോദി എത്തുന്നതിനാല്‍ രണ്ടുനാള്‍ തലസ്ഥാനത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ന് ( 27-02-2024) രാവിലെ 7 മുതല്‍ ഉച്ചയ്ക്ക്‌ 2 വരെയും നാളെ (28-02-2023) രാവിലെ 11 മുതല്‍ ഉച്ചയ്ക്ക്‌ 2 വരെയുമാണ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് സിറ്റി പൊലീസ് അറിയിച്ചു.

വിമാനത്താവളത്തില്‍ നിന്നും വി എസ് എസ് സിയിലേക്കുള്ള, ശംഖുമുഖം, ഓള്‍ സെയിന്‍റ്സ്‌, കൊച്ചുവേളി, മാധവപുരം, സൗത്ത് തുമ്പ, പൗണ്ട്കടവ് വരെയും സെന്‍ട്രല്‍ സ്റ്റേഡിയത്തിലേക്കുള്ള ഓള്‍ സെയിന്‍റ്‌സ് ജംഗ്ഷന്‍ മുതല്‍ ചാക്ക, പേട്ട, പാറ്റൂര്‍, ആശാന്‍ സ്‌ക്വയര്‍, പാളയം രക്തസാക്ഷി മണ്ഡപം, വിജെടി, സ്‌പെന്‍സര്‍ ജംഗ്ഷന്‍ സ്റ്റാച്യു, പുളിമൂട് വരെയുള്ള റോഡിലും സെക്രട്ടേറിയറ്റിന് ചുറ്റുമുള്ള റോഡിലും പാര്‍ക്കിങ്ങിന് കര്‍ശനമായ നിയന്ത്രണമുണ്ട്. ഈ റോഡുകളുടെ ഇരുവശങ്ങളിലും പാര്‍ക്കിങ് പാടില്ല.

നിയന്ത്രണം ലംഘിച്ച് പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ റിക്കവറി വാഹനമുപയോഗിച്ച് നീക്കം ചെയ്യുകയും പിഴ ചുമത്തുകയും ചെയ്യും. വിമാനത്താവളത്തിലേക്ക് പോകുന്ന യാത്രക്കാര്‍ വെണ്‍പാലവട്ടം, ചാക്ക ഫ്ളൈ ഓവര്‍, ഈഞ്ചയ്ക്കല്‍, അനന്തപുരി ആശുപത്രി, സര്‍വീസ് റോഡ് വഴി പോകണം. യാത്രക്കാര്‍ മുന്‍കൂട്ടി യാത്ര ക്രമീകരിച്ച് ആവശ്യമെങ്കില്‍ നേരത്തെ വിമാനത്താവളത്തിലെത്താനും പൊലീസ് നിര്‍ദ്ദേശിക്കുന്നു.

തിരുവനന്തപുരത്ത് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്രയുടെ സമാപന സമ്മേളനം മോദി ഉദ്ഘാടനം ചെയ്യും. അരലക്ഷം പേരാണ് സമ്മേളനത്തില്‍ പങ്കുചേരുക. വിവിധ നിയോജക മണ്ഡലങ്ങളില്‍ നിന്നായി പുതിയതായി ബിജെപിയിലെത്തിയ ആയിരത്തോളം പേരും കേന്ദ്ര സര്‍ക്കാരിന്‍റെ വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളായവരും സമ്മേളനത്തിനെത്തും.

Also read :മോദി ചൊവ്വാഴ്‌ച തിരുവനന്തപുരത്ത്; ആവേശോജ്ജ്വല വരവേല്‍പ്പിനൊരുങ്ങി പ്രവര്‍ത്തകര്‍

സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പടുകൂറ്റന്‍ സമ്മേളന വേദിയാണ് ഒരുക്കിയിട്ടുള്ളത്. രാവിലെ 10ന് സമ്മേളനം ആരംഭിക്കും. കെ. സുരേന്ദ്രനെ കൂടാതെ കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍, ദേശീയ നിര്‍വാഹക സമിതി അംഗങ്ങളായ കുമ്മനം രാജശേഖരന്‍, പി.കെ.കൃഷ്‌ണദാസ്, സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കര്‍, ജില്ല അധ്യക്ഷന്‍ വി.വി. രാജേഷ്, ദേശീയ, സംസ്ഥാന, ജില്ല ഭാരവാഹികള്‍ തുടങ്ങിയവര്‍ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടും. രാവിലെ തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി ഐഎസ്ആര്‍ഒയിലെ ഔദ്യോഗിക പരിപാടിക്ക് ശേഷമാകും ബിജെപിയുടെ സമ്മേളന നഗരിയിലേക്കെത്തുക.

ABOUT THE AUTHOR

...view details