കേരളം

kerala

തലശ്ശേരി - മാഹി ബൈപാസ്: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ നാടിന് സമര്‍പ്പിക്കും

By ETV Bharat Kerala Team

Published : Mar 10, 2024, 2:05 PM IST

മലബാറിനെ വേഗത കൂട്ടുന്ന ദേശീയ പാത പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ നാടിന് സമര്‍പ്പിക്കും

Prime Minister Narendra Modi  ദേശീയ പാത ഉദ്ഘാടനം  national highway  തലശ്ശേരി മാഹി ബൈപാസ്
തലശ്ശേരി - മാഹി ബൈപാസ് പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ നാടിന് സമര്‍പ്പിക്കും

തലശ്ശേരി - മാഹി ബൈപാസ്: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ നാടിന് സമര്‍പ്പിക്കും

കണ്ണൂര്‍ : മലബാറിനെ വേഗത കൂട്ടുന്ന ദേശീയ പാത നാളെ ഔപചാരികമായി തുറക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പാത നാടിന് സമര്‍പ്പിക്കുന്നത്. നാളെ രാവിലെ 11.30 മുതല്‍ ഉച്ച രണ്ട് വരെയുള്ള സമയത്ത് ലൈവ് സ്ട്രീമിങ് നടക്കും. ചോനാടത്ത് ഒരുക്കുന്ന പ്രത്യേക വേദിയില്‍ സ്‌പീക്കര്‍ എ എന്‍ ഷംസീറും മരാമത്ത് മന്ത്രി മുഹമ്മദ് റിയാസും ഉദ്‌ഘാടന സമ്മേളനത്തില്‍ പങ്കെടുക്കും.

1543 കോടി രൂപ ചെലവിലാണ് തലശ്ശേരി -മാഹി ബൈപാസ് പണിതീര്‍ത്തത്. 18.5 കിലോമീറ്റര്‍ ദൂരമുള്ള പാതയാണിത്. കഴിഞ്ഞ ദിവസം ട്രയല്‍ റണ്ണിനായി തുറന്ന് കൊടുത്ത പാതയിലൂടെ ഇത്രയധികം ദൂരം താണ്ടാന്‍ കേവലം 18 മിനിറ്റ് മാത്രമാണ് വാഹനങ്ങള്‍ എടുത്തത്. ഇത്രയും ദൂരം സഞ്ചരിക്കാന്‍ നേരത്തെ എടുക്കാറുള്ളത് ഒന്നര മണിക്കൂറോളമാണ്.

എന്നാല്‍ നേരത്തെ കണ്ട നഗരങ്ങളെല്ലാം ഈ വഴിയുളള യാത്രികര്‍ക്ക് ഇനി ഓര്‍മ്മകള്‍ മാത്രമായി അവശേഷിക്കും. ദേശീയ പാത കടന്നു പോകുന്നത് മുഴപ്പിലങ്ങാടു നിന്നും നേരെ ചിറക്കുനിയിലേക്കാണ്. പാലയാടും ബാലവും ചോനാടവും കടന്ന് പുതുച്ചേരി സംസ്ഥാനത്തിന്‍റെ പള്ളൂരിലാണ് എത്തുക.

പള്ളൂര്‍ സ്‌പിന്നിങ് മില്‍ ജംഗ്ഷനില്‍ നിന്നും കവിയൂര്‍ പാലം കടന്നാല്‍ മാഹി-കോഴിക്കോട് ജില്ലയുടെ അതിര്‍ത്തിയായ അഴിയൂരിലെത്താം. അവിടുന്ന് കുഞ്ഞിപ്പള്ളിയിലെത്താന്‍ കേവലം 18 മിനിറ്റ്. ക്ഷമിച്ചും സഹിച്ചും കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെ യാത്ര ചെയ്‌തവര്‍ക്ക് ഇതൊരു സുവര്‍ണ പാതയാണ്.

എന്നാല്‍ ദേശീയ പാത തുറക്കുന്നതോടെ ആശങ്കയിലാകുന്നത് തലശ്ശേരിയും പരിസരത്തുമുള്ള നഗര പ്രദേശങ്ങളും മാഹിയുമാണ്. നഗരം സ്‌പര്‍ശിക്കാതെ പോകുന്ന ദേശീയ പാത തലശ്ശേരിയുടേയും മാഹിയുടേയും വിനോദ സഞ്ചാര, വാണിജ്യ മേഖലക്ക് കനത്ത നഷ്‌ടം ഉണ്ടാക്കുമെന്നാണ് കരുതുന്നത്. നഗരം തൊടാതെ പോകുന്ന ദേശീയ പാത എങ്ങനെ പ്രയോജനപ്പെടുത്താമെന്ന ചിന്ത എങ്ങുമെത്തിയിട്ടില്ല.

ഈ രണ്ട് നഗരങ്ങളിലുമായി ഒട്ടേറെ ചരിത്ര സ്‌മാരകങ്ങള്‍, വിശാലമായ കടല്‍തീരം എന്നിവ സഞ്ചാരികളെ കൊണ്ട് നിബിഡമായിരുന്നു. എന്നാല്‍ ഇതെല്ലാം പ്രാദേശിക ഭരണകൂടങ്ങള്‍ ആലോചിച്ചെങ്കിലും ഗൗരവമായ ആസൂത്രണം നടത്തിയിട്ടില്ല. ശുചിത്വമുളള നഗരങ്ങളും പരിസരങ്ങളും ലക്ഷ്യമിട്ട് സഞ്ചാരികളെ ആകര്‍ഷിക്കാം.

തലശ്ശേരി കടല്‍പ്പാലം, കോട്ട, ഓവര്‍ബറീസ് ഫോളി എന്നിവിടങ്ങളിലേക്ക് എത്തിച്ചേരാന്‍ പാകത്തില്‍ പുതുവഴികള്‍ രൂപപ്പെടുത്തി എടുക്കേണ്ടതുണ്ട്. ടൂറിസത്തിന് പ്രാധാന്യം നല്‍കി കെഎസ്ആര്‍ടിസി ഒരു ഡബിള്‍ ഡക്കര്‍ ബസ് ഇറക്കി പാക്കേജ് നടപ്പാക്കിയിട്ടുണ്ട്.

മാഹിക്കും ഗതാഗത പരിഷ്‌ക്കരണം നടപ്പാക്കി വിനോദ സഞ്ചാരികളെ ആകര്‍ഷിക്കേണ്ടതുണ്ട്. മയ്യഴി പുഴയും കടലോര നടപ്പാതയും മൂപ്പന്‍സ് ബംഗ്ലാവുമൊക്കെ സഞ്ചാരികളുടെ ഇഷ്‌ട കേന്ദ്രമാണ്. മാഹി സെന്‍റ് തെരാസാസ് പള്ളി ബസിലിക്ക പദവി നേടിയതോടെ തീര്‍ഥാടക സഞ്ചാരികളും ഇവിടെ എത്തുന്നു.

ടാഗോര്‍ പാര്‍ക്കും ആകര്‍ഷക കേന്ദ്രമാണ്. മാഹിയെ ഈസ്റ്റ് പള്ളൂരിലെ ദേശീയ പാത കവാടവുമായി ബന്ധപ്പെടുത്തുന്ന ഗതാഗത സൗകര്യമാണ് മുന്നില്‍ കാണേണ്ടത്. ചരിത്രവും പൈതൃകവും സംരക്ഷിച്ച് കടലോര വിനോദ സഞ്ചാര സാധ്യത മുന്‍നിര്‍ത്തി വികസനത്തിന് ആക്കം കൂട്ടുകയാണ് വേണ്ടത്. അങ്ങിനെയെങ്കില്‍ ഈ രണ്ട് നഗരങ്ങളും സഞ്ചാരികളുടെ ഇഷ്‌ട കേന്ദ്രമായി മാറും.

ABOUT THE AUTHOR

...view details