കേരളം

kerala

ലോകായുക്ത ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം ; ഭരണഘടനയുടെയും ജനാധിപത്യത്തിന്‍റെയും വിജയമെന്ന് മന്ത്രി പി രാജീവ്

By ETV Bharat Kerala Team

Published : Feb 29, 2024, 1:34 PM IST

ലോകായുക്ത ബില്ലിന് അംഗീകാരം നല്‍കിയ രാഷ്‌ട്രപതിയുടെ തീരുമാനം സർക്കാരിന്‍റെ നേട്ടം എന്നതിനപ്പുറത്ത് ഭരണഘടനയുടെയും ജനാധിപത്യത്തിന്‍റെയും വിജയമായിട്ടാണ് കാണുന്നതെന്ന് മന്ത്രി പി രാജീവ്‌.

Lokayukta Bill  Minister P Rajeev  ലോകായുക്ത ബില്ല്  രാഷ്‌ട്രപതി  President Approves Lokayukta Bill
President Approves Lokayukta Bill

മന്ത്രി പി രാജീവ് പ്രതികരിക്കുന്നു

തിരുവനന്തപുരം : ലോകായുക്ത ബില്ലിന് അംഗീകാരം നല്‍കി രാഷ്‌ട്രപതി (President Approves Lokayukta Bill). ഗവർണർ തീരുമാനം നീട്ടിക്കൊണ്ടുപോയ ബില്ലിൽ രാഷ്‌ട്രപതി അനുകൂല നിലപാടെടുത്തത് സർക്കാരിന്‍റെ നേട്ടം എന്നതിനപ്പുറത്ത് ഭരണഘടനയുടെയും ജനാധിപത്യത്തിന്‍റെയും വിജയമായിട്ടാണ് കാണുന്നതെന്ന് മന്ത്രി പി രാജീവ്‌. നിയമസഭയ്ക്ക് പൂർണമായും നിയമനിർമാണ അധികാരം ഉണ്ടെന്ന് പാർലമെന്‍റ് തന്നെ അംഗീകരിച്ച ഒരു മേഖലയ്ക്കകത്ത്, സംസ്ഥാന നിയമസഭ വിശദമായി ചർച്ച ചെയ്‌ത് പാസാക്കിയ ബിൽ അന്ന് തന്നെ ഗവർണർ ഒപ്പ് വയ്‌ക്കേണ്ടതായിരുന്നുവെന്നും മന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

രാഷ്‌ട്രപതിക്ക് അയക്കേണ്ടതായ യാതൊരു കാര്യവും ആ ബില്ലിൽ നിലനിൽക്കുന്നില്ല. പ്രതിപക്ഷം ഉന്നയിച്ച എല്ലാ കാര്യങ്ങൾക്കും കൃത്യമായി മറുപടി നിയമസഭയിൽ നൽകിയിട്ടുണ്ട്. അതിലൊന്നും പിന്നീട് ചോദ്യങ്ങൾ ചോദിക്കാൻ പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടുമില്ല. ലോക്‌പാൽ ബില്ലിന് സമാനമാണ് ഈ ബില്ലിലെ വ്യവസ്ഥകൾ. ഈ ബില്‍ ഗവർണറും വായിച്ച് വ്യക്തമാക്കിയതാണ്. എന്നാല്‍ സുപ്രീം കോടതിയിൽ മാർച്ച് 22 ന് വീണ്ടും കേസ് വരികയാണെന്നും, കോടതി തന്നെ പെറ്റീഷൻ ഭേദഗതി ചെയ്യാമെന്ന് പറഞ്ഞുവെന്നും മന്ത്രി സൂചിപ്പിച്ചു.

ഇംഗ്ലീഷ് അക്ഷരമാല അറിയാവുന്ന ആർക്കും വായിച്ചു നോക്കിയാൽ തീരുമാനമെടുക്കാവുന്ന കാര്യമാണ് ബില്ലില്‍ പറയുന്നത്. എന്നിട്ടാണ് അത് രാഷ്‌ട്രപതിക്ക് അയച്ചതെന്നും മന്ത്രി പറഞ്ഞു. ലോകത്ത് ഒരു ഏജൻസിയും അന്വേഷണവും ഉത്തരവും പുറപ്പെടുവിക്കുന്നില്ലെന്നും അന്വേഷണവും വിധിയും ഒരു ഏജൻസിക്ക് ചെയ്യാൻ കഴിയുമോയെന്നും മന്ത്രി ചോദിച്ചു.

എന്നാൽ എന്തിനാണ് കേന്ദ്ര സർക്കാർ ലോക്‌പാലിനെ നിയമിച്ചത് എന്നും ഗവർണറുടെ നിലപാട് തെറ്റാണെന്ന് തെളിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. ഗവർണർക്ക് വിവേചനാധികാരം ഒന്നും ഭരണഘടന നൽകുന്നില്ല. ഗവർണർ ഇപ്പോഴും മറ്റു പല ബില്ലുകളുടെ മേലും അടയിരിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സർവകലാശാല നിയമഭേദഗതി സംസ്ഥാന അധികാരമാണെന്നും ഇടുക്കിയിലെ ഭൂപ്രശ്‌നത്തിലും ഗവർണർ തീരുമാനം വൈകിപ്പിക്കുകയാണെന്നും മന്ത്രി പറഞ്ഞു. യാത്രയുടെ തിരക്കിൽ ഭരണഘടന വായിക്കാൻ ഗവർണർക്ക് സമയം ലഭിക്കാത്തത് കൊണ്ടാകും വൈകുന്നതെന്നും മന്ത്രി പരിഹസിച്ചു.

ചർച്ച്‌ ബിൽ വിഷയത്തിൽ എല്ലാ വിശ്വാസങ്ങളുടെയും അസ്ഥിത്വം സംരക്ഷിക്കുമെന്നും പി രാജീവ്‌ പറഞ്ഞു. എല്ലാവരുമായി സംസാരിക്കുമെന്നും ചർച്ച് ബില്ലിന്‍റെ കാര്യത്തിൽ സർക്കാർ ഇപ്പോൾ ഒന്നും തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി തന്നെ ഇക്കാര്യത്തിൽ കൃത്യമായ കാര്യം പറഞ്ഞിട്ടുണ്ടെന്നും മന്ത്രി പി രാജീവ് വ്യക്തമാക്കി.

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാർഥിയുടെ മരണം : മാധ്യമങ്ങൾ എസ്എഫ്ഐ പ്രതിക്കൂട്ടിൽ എന്ന് മാത്രമാണ് പറയുന്നത്. സംഘടന എടുക്കുന്ന തീരുമാന പ്രകാരമാണോ തെറ്റായ കാര്യങ്ങൾ നടത്തുന്നതെന്നും അതിൽപ്പെട്ടവരെ ന്യായീകരിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.

ഏത് സംഘടനയിൽപ്പെട്ടവർ ആയാലും സർക്കാർ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ചിലർ ക്യാമ്പസുകളിൽ വന്ന് എസ്എഫ്ഐക്കൊപ്പം നിന്നാൽ കൊള്ളാമെന്ന് വിചാരിക്കുമെന്നും ചില പുഴുകുത്തുകൾ ചെയ്യുന്ന കാര്യം സംഘടന തിരുമാനമാകുന്നില്ലെന്നും മന്ത്രി പി രാജീവ്‌ കൂട്ടിച്ചേര്‍ത്തു.

ABOUT THE AUTHOR

...view details