കേരളം

kerala

പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; അസ്വാഭാവിക മരണത്തിന് കേസെടുത്തു - police officer committed suicide

By ETV Bharat Kerala Team

Published : Apr 17, 2024, 8:24 PM IST

പീഡനക്കേസിൽ അന്വേഷണം നേരിട്ടു വരികയായിരുന്ന പൊലീസ് ഉദ്യോഗസ്ഥനാണ്‌ ആത്മഹത്യ ചെയ്‌തത്‌, അസ്വാഭാവിക മരണത്തിന്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു

POLICE OFFICER SUICIDE AT KOCHI  POLICE STARTED INVESTIGATION  UNNATURAL DEATH  പൊലീസ് ഉദ്യോഗസ്ഥന്‍റെ ആത്മഹത്യ
POLICE OFFICER COMMITTED SUICIDE

തിരുവനന്തപുരം: നെടുമങ്ങാട് സ്വദേശിയായ പൊലീസ് ഉദ്യോഗസ്ഥനെ കൊച്ചിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. അസ്വാഭാവിക മരണത്തിനാണ് എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തത്. മലയിൻകീഴ് മുൻ സിഐ എ വി സൈജുവിനെയാണ് ഇന്ന് രാവിലെ മരിച്ചനിലയിൽ കണ്ടെത്തിയത്.

അംബേദ്‌കർ സ്‌റ്റേഡിയത്തിനടുത്ത് ആളൊഴിഞ്ഞ ഭാഗത്ത് മരത്തിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി പരിശോധന നടത്തിയതോടെയാണ് മരിച്ചത് സൈജുവാണെന്ന് സ്ഥിരീകരിച്ചത്. പീഡനക്കേസിൽ അന്വേഷണം നേരിട്ടു വരികയായിരുന്നു സൈജു.

മലയിൻകീഴിൽ പ്രവർത്തിക്കവെ പരാതിക്കാരിയായി എത്തിയ യുവ വനിത ഡോക്‌ടറുമായി ബന്ധം സ്ഥാപിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. ലൈംഗികമായി പീഡിപ്പിച്ചെന്ന വനിത ഡോക്‌ടറുടെ പരാതിയില്‍ മലയിൻകീഴ് പൊലീസ് സ്‌റ്റേഷന്‍ എസ്എച്ഒ ആയിരുന്ന സൈജുവിനെതിരെ പൊലീസ് കേസെടുത്തിരുന്നു.

വിവാഹവാഗ്‌ദാനം നൽകി സൈജു പലതവണ ലൈംഗികമായി ചൂഷണം ചെയ്തെന്നും വധഭീഷണി മുഴക്കിയെന്നുമായിരുന്നു പരാതി. ഇതിനിടെ സൈജുവിനെതിരെ വകുപ്പുതല അച്ചടക്ക നടപടിയെടുത്തിരുന്നു. എന്നാല്‍ തനിക്കെതിരേ ഉയരുന്ന പരാതി അടിസ്ഥാന രഹിതമാണെന്നായിരുന്നു സൈജുവിന്‍റെ വാദം.

ഈ കേസിൽ വ്യാജരേഖയുണ്ടാക്കി സൈജു ജാമ്യം നേടിയതായി ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഹൈക്കോടതി ഇയാളുടെ ജാമ്യം റദ്ദാക്കുകയും അറസ്‌റ്റ് ചെയ്യാൻ ഉത്തരവിടുകയും ചെയ്‌തിരുന്നു. ഇതോടെ ഒളിവിൽ പോയ സൈജുവിന് വേണ്ടി ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി.

ഇതിനിടെയാണ് സൈജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. എറണാകുളം സെൻട്രൽ പൊലീസ് തുടർ നടപടികൾ പൂർത്തിയാക്കി പോസ്‌റ്റ്‌മോർട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

ശ്രദ്ധിക്കൂ... ആത്മഹത്യ ഒരു പ്രശ്‌നത്തിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകളുണ്ടായാല്‍ സഹായത്തിനായി ബന്ധപ്പെടുക, അതിജീവിക്കുക. വിളിക്കാം: 9152987821

ABOUT THE AUTHOR

...view details