കേരളം

kerala

ആ മരണം സാധാരണം; ഫാറൂഖ് കോളജ് വിദ്യാർത്ഥിയുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ്

By ETV Bharat Kerala Team

Published : Mar 5, 2024, 9:36 PM IST

ഫാറൂഖ് കോളേജിലെ എംബിഎ വിദ്യാർത്ഥിയുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് മനുഷ്യാവകാശ കമ്മീഷന് റിപ്പോർട്ട് സമർപ്പിച്ച് പൊലീസ്

Farook College  farook college student death  മനുഷ്യാവകാശ കമ്മീഷൻ  വിദ്യാർത്ഥിയുടെ ആത്മഹത്യ
ഫാറൂഖ് കോളേജിലെ വിദ്യാർത്ഥിയുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ്

കോഴിക്കോട്:എഫ്ഐഎംഎസ് ഫാറൂഖ് കോളേജിലെ എംബിഎ വിദ്യാർത്ഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ് മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. മരണത്തിൽ ദുരൂഹത ആരോപിച്ച് വിദ്യാർത്ഥിയുടെ അമ്മ മനുഷ്യാവകാശ കമ്മീഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്‌സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ഫറോക്ക് അസിസ്റ്റന്‍റ് പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം നൽകിയിരുന്നു.

2014 സെപ്റ്റംബർ 17 ന് ഡൽഹി, കുളു, മണാലി തുടങ്ങിയ സ്ഥലങ്ങളിൽ വിനോദയാത്രക്ക് പോയ വിദ്യാർത്ഥിയെ ഫറോക്ക് റെയിൽവേ സ്റ്റേഷനിൽ മടങ്ങിയെത്തിയ ശേഷമാണ് കാണാതായത്. 2014 ഒക്ടോബർ 1 ന് ബേപ്പൂർ പുഴയിൽ ദിജിന്‍റെ മൃതദേഹം കണ്ടെത്തി.

സ്‌കൂളിൽ പഠിക്കുന്ന കാലം മുതൽ കാലിന് നീര് വന്ന് വീങ്ങുന്ന അസുഖത്തിന് ദിജിൻ ചികിത്സയിലായിരുന്നുവെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു. ടൂറിന് പോയപ്പോൾ കഴിച്ചുകൊണ്ടിരുന്ന മരുന്ന് തീർന്നതുകാരണം കാലിന് വേദനയും നീരും കൂടി. സെപ്റ്റംബർ 29 നാണ് വിനോദയാത്ര കഴിഞ്ഞ് തിരികെയെത്തിയത്. സംഭവത്തിൽ ഫറോക്ക് പൊലീസ് കേസെടുത്തിരുന്നു.

കാലിന് ബാധിച്ച രോഗവും എംബിഎ പഠനം നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകാനാവാത്ത വിഷമവുമാകാം ആത്മഹത്യക്ക് കാരണമെന്ന് പൊലീസ് അറിയിച്ചു. അദ്ധ്യാപകരുടെയും സഹപാഠികളുടെയും മൊഴി പൊലീസ് എടുത്തിരുന്നു. പിതാവിന്‍റെ പൂർണ സമ്മതമില്ലാതെയാണ് ദിജിൻ ടൂർ പോയത്. പിതാവ് വഴക്കുപറയുമോ എന്ന ഭയവും ദിജിനുണ്ടായിരുന്നതായി റിപ്പോർട്ടിൽ പറയുന്നു.
റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ വിഷയത്തിൽ ഇടപെടാൻ തക്ക സാഹചര്യമില്ലെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ദിജിന്‍റെ അമ്മ നൽകിയ പരാതിയിലാണ് നടപടി.

ABOUT THE AUTHOR

...view details