കേരളം

kerala

കൂടുതല്‍ മെഡിക്കല്‍ കോളജുകള്‍ ദേശീയ റാങ്കിംഗ് പട്ടികയില്‍ ഉള്‍പ്പെടും : മന്ത്രി വീണാ ജോര്‍ജ്

By ETV Bharat Kerala Team

Published : Mar 11, 2024, 6:52 PM IST

തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ലേഡീസ് ഹോസ്റ്റലിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി വീണാ ജോര്‍ജ്.

Medical Colleges  Veena George  Medical field  Government Medical College
medical colleges from Kerala will go into national ranking says Health Minister Veena George

തിരുവനന്തപുരം : സംസ്ഥാനത്തെ കൂടുതല്‍ മെഡിക്കല്‍ കോളജുകള്‍ ഇത്തവണ ദേശീയ റാങ്കിംഗ് പട്ടികയില്‍ ഉള്‍പ്പെടുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ലേഡീസ് ഹോസ്റ്റലിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് വലിയ മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ആര്‍ദ്രം മിഷന്‍റെ ഭാഗമായി മെഡിക്കല്‍ കോളേജുകളില്‍ എല്ലാ സംവിധാനങ്ങളും ഒരുക്കാനാണ് പരിശ്രമിക്കുന്നത്. അതിന്‍റെ ഭാഗമായാണ് സര്‍ക്കാര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ റോബോട്ടിക് സര്‍ജറിക്ക് 29 കോടി ബജറ്റില്‍ അനുവദിച്ചത്.

തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ലേഡീസ് ഹോസ്റ്റലിന്‍റെ ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കുന്നു

സംസ്ഥാനത്ത് ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ക്രിറ്റിക്കല്‍ കെയര്‍, ജനറ്റിക്‌സ്, ജെറിയാട്രിക്, ഇന്‍റര്‍വെന്‍ഷണല്‍ റേഡിയോളജി, റുമറ്റോളജി വിഭാഗങ്ങള്‍ ആരംഭിക്കാനുള്ള ജീവനക്കാരെ നിയമിച്ചു വരുന്നു. 2 സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ ആരംഭിച്ചു. 80 പിജി സീറ്റുകള്‍ക്ക് പുതുതായി അനുമതി ലഭിച്ചു. ആദ്യമായി മെഡിക്കല്‍ കോളജും ദന്തല്‍ കോളേജും ദേശീയ റാങ്കിംഗില്‍ ഉള്‍പ്പെട്ടു. ഈ റാങ്കിംഗ് കൂടുതല്‍ മെഡിക്കല്‍ കോളജുകള്‍ക്ക് ലഭ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ഉന്നത വിദ്യാഭ്യാസ രംഗത്ത് പെണ്‍കുട്ടികളുടെ എണ്ണം വര്‍ധിച്ചു വരുന്നു. മെഡിക്കല്‍ കോളജില്‍ ഇപ്പോള്‍ 250 എംബിബിഎസ് സീറ്റുകളുള്ളതില്‍ 60 മുതല്‍ 70 ശതമാനവും പെണ്‍കുട്ടികളാണ്. കൂടുതല്‍ പെണ്‍കുട്ടികള്‍ ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് എത്തുന്നതിനാല്‍ അതനുസരിച്ച് ഹോസ്റ്റല്‍ സൗകര്യവും ഉയര്‍ത്തണം. സംസ്ഥാന സര്‍ക്കാരിന്‍റെ വിവിധ പ്ലാന്‍ ഫണ്ടായ 23 കോടി രൂപ ചെലവഴിച്ചാണ് ഹോസ്റ്റല്‍ നിര്‍മ്മിച്ചത്. മെഡിക്കല്‍ കോളേജില്‍ മറ്റൊരു ഹോസ്റ്റലും ദന്തല്‍ കോളേജ് ഹോസ്റ്റലും പൂര്‍ത്തിയാക്കേണ്ടതുണ്ട്.

മന്ത്രി വീണാ ജോര്‍ജും കടകംപള്ളി സുരേന്ദ്രനും ഹോസ്റ്റല്‍ സന്ദര്‍ശിക്കുന്നു

പ്ലാന്‍ ഫണ്ടുകള്‍ പരിമിതമായതിനാലാണ് കിഫ്ബിയിലൂടെ തുക കണ്ടെത്തി വലിയ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. മെഡിക്കല്‍ കോളജില്‍ 717 കോടിയുടെ നിര്‍മ്മാണ പ്രവത്തനങ്ങളാണ് നടന്നു വരുന്നത്. രണ്ടാം ഘട്ടമായി രണ്ട് കെട്ടിടങ്ങളുടെ നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ട്. സര്‍ക്കാര്‍ മേഖലയില്‍ 8 നഴ്‌സിംഗ് കോളജുകളും സിമെറ്റിന്‍റെ കീഴില്‍ 7 നഴ്‌സിംഗ് കോളജുകളും ആരംഭിച്ചു. ആലപ്പുഴ, കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് യാഥാര്‍ത്ഥ്യമാക്കി. കോഴിക്കോട്ടെ ട്രാന്‍സ്പ്ലാന്‍റേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ പ്രാരംഭ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ആദ്യമായി 270 അധ്യാപക തസ്‌തികള്‍ സൃഷ്‌ടിച്ചു. എയിംസിന്‍റെ പ്രൊജക്‌ടില്‍ തെരഞ്ഞെടുത്ത 5 എമര്‍ജന്‍സി മെഡിസിന്‍ വിഭാഗങ്ങളില്‍ ഒന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേതാണെന്നും മന്ത്രി വ്യക്തമാക്കി.

കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കൗണ്‍സിലര്‍ ഡി.ആര്‍. അനില്‍, എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. എസ്. ബിന്ദു, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ജയചന്ദ്രന്‍, ആര്‍.എം.ഒ. ഡോ. മോഹന്‍ റോയ്, വാര്‍ഡന്‍മാരായ ഡോ. റോമ മാത്യു, ഡോ. മഞ്ജു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടര്‍ ഡോ. തോമസ് മാത്യു സ്വാഗതവും വൈസ് പ്രിന്‍സിപ്പല്‍ ഡോ. എസ്. ശ്രീനാഥ് കൃതജ്ഞതയും രേഖപ്പെടുത്തി.

Also Read :പഞ്ഞി മിഠായിയിലും ഗോപി മഞ്ചൂരിയനിലും ഇനി കൃതിമനിറം പാടില്ല: വിലക്കേർപ്പെടുത്തി കർണാടക സർക്കാർ

ABOUT THE AUTHOR

...view details