എറണാകുളം:കാലിക്കറ്റ് സര്‍വകലാശാല വിസി എംകെ ജയരാജിന് താത്‌കാലികാശ്വാസം. വിസി സ്ഥാനത്ത് നിന്നും പുറത്താക്കിയ ഗവർണറുടെ നടപടി സ്‌റ്റേ ചെയ്‌ത് ഹൈക്കോടതി. ഡോ. എംകെ ജയരാജിന്‍റെ ഹർജിയിൽ വിശദമായ വാദം കേട്ടതിന് ശേഷം തീരുമാനം എടുക്കാമെന്ന് കോടതി.
അതേസമയം കാലടി വിസിക്ക് തിരിച്ചടി. വിസി സ്ഥാനത്ത് നിന്നും ഡോ. എംവി നാരായണനെ പുറത്താക്കിയ ഗവർണറുടെ നടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി തള്ളി. അപ്പീലിനായി സമയം വേണമെന്ന നാരായണന്‍റെ ആവശ്യവും ജസ്റ്റിസ് സി.പി മുഹമ്മദ് നിയാസിന്‍റെ ബെഞ്ച് നിരാകരിച്ചു (Kerala High Court). കാലിക്കറ്റ് സർവകലാശാല വിസി നിയമനത്തിനായുള്ള സെർച്ച് കമ്മിറ്റിയിൽ ചീഫ് സെക്രട്ടറിയെ ഉൾപ്പെടുത്തിയതില്‍ യുജിസി ചട്ടലംഘനം ഉണ്ടായെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഡോ. എംകെ ജയരാജിനെ ചാൻസലറായ ഗവർണർ പുറത്താക്കിയത്.
എന്നാൽ ചീഫ് സെക്രട്ടറിയെ അക്കാദമിക വിദഗ്‌ധനായി കണക്കാക്കാൻ കഴിയുമോയെന്ന് കോടതി ചോദിച്ചു. സെർച്ച് കമ്മിറ്റിയിൽ ഉൾപ്പെടാൻ തക്ക യോഗ്യനല്ല ചീഫ് സെക്രട്ടറിയെങ്കിൽ അക്കാര്യം ഹർജിയ്‌ക്ക് മേല്‍ വാദം കേട്ട് തീരുമാനിക്കണമെന്നും കോടതി വ്യക്തമാക്കി. കാലടി സർവകലാശാല വിസി നിയമനത്തിനായി സെർച്ച് കമ്മിറ്റി ഒരാളെ മാത്രമാണ് ശുപാർശ ചെയ്‌തത്.