കേരളം

kerala

പ്രാണ പ്രതിഷ്‌ഠ ദിനത്തിലെ അവധി; കാസര്‍കോട്ടെ സ്‌കൂളില്‍ അന്വേഷണം; റിപ്പോര്‍ട്ട് തേടി വിദ്യാഭ്യാസ മന്ത്രി

By ETV Bharat Kerala Team

Published : Jan 22, 2024, 8:02 PM IST

പ്രാണ പ്രതിഷ്‌ഠ ദിനത്തില്‍ സ്‌കൂളിന് അവധി നല്‍കിയതില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. കുട്‌ലു ശ്രീ ഗോപാലകൃഷ്‌ണ ഹൈസ്‌കൂളിനാണ് പ്രധാനാധ്യാപകന്‍ അവധി നല്‍കിയത്.

Pran Pratistha Day  Minister V Sivankutty  പ്രാണ പ്രതിഷ്‌ഠ സ്‌കൂള്‍ അവധി  വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി
School Holiday In Pran Pratistha Day; Inquiry In Kudulu HSS Kasaragod

കാസർകോട്:അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രതിഷ്‌ഠ ചടങ്ങിനോട് അനുബന്ധിച്ച് പൊതു വിദ്യാഭ്യാസ വകുപ്പിന്‍റെ നിര്‍ദേശമില്ലാതെ സ്‌കൂളിന് അവധി നല്‍കിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. കാസര്‍കോട് കുട്‌ലു ശ്രീ ഗോപാലകൃഷ്‌ണ ഹൈസ്‌കൂളിലാണ് ഇന്ന് (ജനുവരി 22) അവധി നല്‍കിയത്. അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതു വിദ്യാഭ്യാസ ഡയറക്‌ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.

അടുത്ത 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. അതേ സമയം പ്രാദേശിക അവധിക്ക് സ്‌കൂള്‍ അപേക്ഷ നല്‍കിയിരുന്നുവെന്നാണ് ലഭിക്കുന്ന സൂചന. എന്നാല്‍ സ്‌കൂളിന്‍റെ അപക്ഷേ പരിഗണിച്ചിരുന്നില്ലെന്നുമാണ് ഡിഇഒയില്‍ നിന്നും ലഭിക്കുന്ന വിവരം.

മന്ത്രിയുടെ ഫേസ്‌ ബുക്ക് കുറിപ്പ്:സംഭവത്തെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് മന്ത്രി ഫേസ് ബുക്കിലൂടെ അറിയിച്ചു. കാസര്‍കോട് കുട്‌ലു ശ്രീ ഗോപാലകൃഷ്‌ണ ഹൈസ്‌കൂളില്‍ പൊതു വിദ്യാഭ്യാസ വകുപ്പിന്‍റെ നിര്‍ദേശമില്ലാതെ അവധി നല്‍കിയ സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതു വിദ്യാഭ്യാസ ഡയറക്‌ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി ഫേസ് ബുക്കില്‍ കുറിച്ചു. അടുത്ത 24 മണിക്കൂറിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശമെന്നും മന്ത്രി കുറിപ്പില്‍ വ്യക്തമാക്കി.

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്‌ഠ ചടങ്ങിനോട് അനുബന്ധിച്ച് സ്‌കൂളിന് അവധി നല്‍കിയത് ഏറെ വിവാദമായിരുന്നു. രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്‌ഠ ചടങ്ങുമായി ബന്ധപ്പെട്ടാണ് സ്‌കൂളിന് അവധി നല്‍കുന്നതെന്നാണ് സ്‌കൂളിനെ പ്രധാനാധ്യാപകന്‍ ഡിഇഒക്ക് നല്‍കിയ അപേക്ഷയില്‍ പറയുന്നത്. അയോധ്യയില്‍ നടക്കുന്ന ചടങ്ങിന് സ്‌കൂളിന് എങ്ങനെയാണ് അവധി നല്‍കാന്‍ കഴിയുന്നതെന്നാണ് വിവിധ ഇടങ്ങളില്‍ നിന്നും ഉയരുന്ന ചോദ്യം.

സ്‌കൂളിന് അവധി നല്‍കാന്‍ പ്രധാനാധ്യാപകന്‍ അപേക്ഷ നല്‍കിയിരുന്നുവെങ്കിലും അനുമതി നല്‍കിയിരുന്നില്ലെന്നാണ് ഡിഇഒ പറയുന്നത്. സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും ഡിഇഒ പറഞ്ഞു. എന്നാല്‍ സ്‌കൂളിന് പ്രാദേശിക അവധി നല്‍കാന്‍ പ്രധാനാധ്യാപകന് അധികാരമുണ്ടെന്നും അവധിയെടുത്ത ദിവസത്തിന് പകരം മറ്റൊരു ദിവസം പ്രവര്‍ത്തി ദിനം ആക്കുമെന്നും സ്‌കൂള്‍ അധികൃതരും പറയുന്നു.

വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പുകള്‍ക്കൊടുവില്‍ ഇന്നാണ് (ജനുവരി 22) അയോധ്യയിലെ രാമക്ഷേത്രം ഭക്തര്‍ക്കായി തുറന്നു കൊടുത്തത്. രാവിലെ 11.30 ഓടെയായിരുന്നു പ്രതിഷ്‌ഠ ചടങ്ങുകള്‍ക്ക് തുടക്കമായത്. ഒരു മണിക്കൂറോളം നീണ്ട ചടങ്ങുകള്‍ക്ക് ശേഷം 12.30ഓടെ പ്രതിഷ്‌ഠ ചടങ്ങ് പൂര്‍ത്തിയാക്കി. പ്രതിഷ്‌ഠ ചടങ്ങിനോട് അനുബന്ധിച്ച് അയോധ്യയില്‍ വിവിധ പരിപാടികളാണ് അരങ്ങേറിയത്. പ്രതിഷ്‌ഠ ചടങ്ങിന് പിന്നാലെ ക്ഷേത്രം നാളെ (ജനുവരി 23) മുതല്‍ പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുക്കുമെന്ന് തീര്‍ഥക്ഷേത്ര ട്രസ്റ്റ്‌ ജനറല്‍ സെക്രട്ടറി ചമ്പത് റായി നേരത്തെ അറിയിച്ചിരുന്നു.

ABOUT THE AUTHOR

...view details