കേരളം

kerala

കോന്നാട് ബീച്ചിൽ യുവതീയുവാക്കൾക്കെതിരെ ചൂലെടുത്ത് മഹിള മോർച്ചയുടെ സദാചാര ഗുണ്ടായിസം ; നോക്കിനിന്ന് പൊലീസ്

By ETV Bharat Kerala Team

Published : Feb 9, 2024, 6:11 PM IST

Updated : Feb 9, 2024, 7:41 PM IST

കോന്നാട് ബീച്ചില്‍ ഇരുന്ന യുവതീയുവാക്കളെ മഹിള മോർച്ച പ്രവർത്തകർ ചൂലെടുത്ത് ഓടിച്ചു

Mahila Morcha Moral Policing  konad beach Moral Policing  Kozhikode beach bjp moral policing  സദാചാര ഗുണ്ടായിസം കോന്നാട് ബീച്ച്  ബിജെപി മഹിള മോർച്ച സദാചാരം
Mahila Morcha's Moral Policing in konad beach Kozhikode

മഹിള മോർച്ചയുടെ സദാചാര ഗുണ്ടായിസം

കോഴിക്കോട് :കോന്നാട് ബീച്ചില്‍ (konad beach Kozhikode) ഇരുന്ന യുവതീയുവാക്കളെ ചൂലെടുത്ത് ഓടിച്ച് മഹിള മോര്‍ച്ചയുടെ സദാചാര ഗുണ്ടായിസം (Mahila Morcha's Moral Policing). പൊലീസ് നോക്കി നില്‍ക്കെയാണ് ബീച്ചിലുണ്ടായിരുന്ന യുവതീയുവാക്കളെ മഹിള മോർച്ച പ്രവർത്തകർ ചൂലെടുത്ത് ഓടിച്ചത്. സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനമെന്ന് ആക്ഷേപിച്ചായിരുന്നു മഹിള മോര്‍ച്ചയുടെ നടപടി.

ബിജെപി വെസ്റ്റ് ഹില്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു അന്‍പതോളം മഹിള മോര്‍ച്ച പ്രവര്‍ത്തകര്‍ ചൂലുമായി കോന്നാട് ബീച്ചിലേക്ക് എത്തിയത്. പൊലീസും സംഭവ സ്ഥലത്തുണ്ടായിരുന്നു. എന്നാൽ, മഹിള മോർച്ച പ്രവർത്തകരുടെ നീക്കത്തെ പ്രോത്സാഹിപ്പിക്കുന്ന വിധമായിരുന്നു പൊലീസിന്‍റെ സമീപനം.

മഹിള മോർച്ച പ്രവർത്തകർക്കെതിരെ ആരും പരാതി നൽകിയിട്ടില്ലെന്നും അതിനാൽ കേസെടുക്കാൻ കഴിയില്ലെന്നുമുള്ള നിലപാടിലാണ് പൊലീസ്. മഹിള മോര്‍ച്ചയുടെ ചൂല്‍ പ്രയോഗത്തെ എതിര്‍ത്ത് ബീച്ചിലുണ്ടായിരുന്ന ചിലര്‍ ശബ്‌ദമുയര്‍ത്തിയെങ്കിലും ഇവരെ ബിജെപി വനിത നേതാക്കള്‍ ഭീഷണിപ്പെടുത്തി ഓടിക്കുകയായിരുന്നു. ചൂല്‍ പ്രയോഗം വരും ദിവസങ്ങളിലും തുടരും എന്നാണ് മഹിള മോര്‍ച്ച പ്രവര്‍ത്തകര്‍ പറയുന്നത്. ഇത് സദാചാര ഗുണ്ടായിസമല്ലെന്നും അശ്ലീല കാര്യങ്ങള്‍ക്കും മദ്യപാനത്തിനും ബീച്ചിലേക്ക് വരാന്‍ പാടില്ലെന്നും ബോധവത്കരണത്തിനായാണ് ചൂലുമായി എത്തിയതെന്നുമാണ് മഹിള മോര്‍ച്ച പ്രവര്‍ത്തകരുടെ വാദം.

പ്രതിഷേധവുമായി ഡിവൈഎഫ്ഐ : സംഭവത്തിൽ പ്രതിഷേധം സംഘടിപ്പിച്ച് ഡിവൈഎഫ്ഐ. ബിജെപിയുടെ സദാചാര ഗുണ്ടായിസത്തിനെതിരെ വൈകിട്ട് അഞ്ച് മണിക്ക് കോന്നാട് ബീച്ചിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. കോഴിക്കോട് കോന്നാട് ബീച്ചിൽ വന്നിരിക്കുന്ന യുവാക്കളെ സദാചാര ഗുണ്ടായിസത്തിന്‍റെ പേരിൽ ചൂലെടുത്ത് ഓടിച്ച മഹിള മോർച്ചയുടെ നിലപാട് സാംസ്‌കാരിക കേരളത്തിന് യോജിക്കാത്തതാണ്.

സദാചാര ഗുണ്ടായിസം നടത്താൻ യാതൊരു കാരണവശാലും അനുവദിക്കില്ലെന്നും ഡിവൈഎഫ്ഐ അറിയിച്ചു. അതേസമയം, മഹിള മോർച്ചയും ബിജെപിയും ഇന്ന് ഇവിടെ വിശദീകരണ യോഗം സംഘടിപ്പിച്ചു.

Last Updated : Feb 9, 2024, 7:41 PM IST

ABOUT THE AUTHOR

...view details