കേരളം

kerala

ലോക്‌സഭ തെരഞ്ഞെടുപ്പ് : കൊല്ലത്ത് എൻകെ പ്രേമചന്ദ്രൻ യുഡിഎഫ്‌ സ്ഥാനാർഥി

By ETV Bharat Kerala Team

Published : Feb 18, 2024, 2:15 PM IST

ആർഎസ്‌പി സംസ്ഥാന സെക്രട്ടറി ഷിബു ബേണി ജോണാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്

Lok Sabha Election  NK Premachandran  എൻകെ പ്രേമചന്ദ്രൻ  കൊല്ലം യുഡിഎഫ്‌ സ്ഥാനാർത്ഥി  ലോക്‌സഭാ തെരഞ്ഞെടുപ്പ്
Lok Sabha

തിരുവനന്തപുരം :ലോക്‌സഭ തെരഞ്ഞെടുപ്പിൽ കൊല്ലം പാർലമെന്‍റ്‌ മണ്ഡലത്തിൽ നിന്ന് യുഡിഎഫ് സ്ഥാനാർഥിയായി സിറ്റിങ് എംപി എൻകെ പ്രേമചന്ദ്രൻ ജനവിധി തേടും. ആർഎസ്‌പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ ആണ് പ്രേമചന്ദ്രന്‍റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. യുഡിഎഫ് സ്ഥാനാർഥിയായി തുടർച്ചയായി മൂന്നാം തവണയാണ് പ്രേമചന്ദ്രൻ കൊല്ലത്ത് നിന്ന് ജനവിധി തേടുന്നത് (NK Premachandran Will Contest From Kollam).

അഞ്ചാം തവണയും അവസരം നൽകിയതിൽ സന്തോഷമുണ്ടെന്നും പാർട്ടി വലിയ പരിഗണന നൽകിയെന്നും ഇപ്രാവശ്യം കടുത്ത മത്സരം ഉണ്ടാകുമെന്നും എൻകെ പ്രേമചന്ദ്രൻ പറഞ്ഞു. രാഷ്ട്രീയ മത്സരം ആയിട്ട് കാണാനാണ് ആഗ്രഹിക്കുന്നത്. ഇടത് നയ വ്യതിയാനം ഉയർത്തും. നല്ല ആത്മവിശ്വാസം ഉണ്ട്. ജനങ്ങളുടെ പിന്തുണ ലഭിക്കുമെന്നും പ്രധാനമന്ത്രിയുടെ വിരുന്ന് തിരിച്ചടി ആകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ന്യൂനപക്ഷ വോട്ട് ബാങ്ക് ആണ് ആരോപണത്തിന് പിന്നിലെ ലക്ഷ്യം. കൊഴിഞ്ഞുപോക്ക് തിരിച്ചടി ആകില്ല. കേന്ദ്ര അന്വേഷണ ഏജൻസികൾ ആണ് ബിജെപിയുടെ തെരഞ്ഞെടുപ്പ് ആയുധം. മറ്റ് സംസ്ഥാനങ്ങളിലെ നിലപാട് അല്ല അന്വേഷണ ഏജൻസികൾ കേരളത്തിൽ സ്വീകരിക്കുന്നത്. രഹസ്യ മൊഴി നൽകിയിട്ടുപോലും മുഖ്യമന്ത്രിയിൽ നിന്ന് മൊഴി എടുത്തില്ലെന്നും ജനകീയ പ്രശ്‌നങ്ങൾ മറികടക്കാൻ വിശ്വാസം ആണ് ബിജെപി ഏറ്റെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടി ഏകകണ്‌ഠമായാണ് എൻകെ പ്രേമചന്ദ്രനെ തെരഞ്ഞെടുത്തതെന്നും അപവാദ പ്രചാരണങ്ങളെ പ്രേമചന്ദ്രൻ അതിജീവിച്ചുവെന്നും ഷിബു ബേബി ജോൺ പറഞ്ഞു. അദ്ദേഹത്തിന് ഉയർന്ന ഭൂരിപക്ഷത്തിൽ തന്നെ വിജയിക്കാൻ സാധിക്കും. പാർലമെൻ്റിൽ രാജ്യത്തിന് തന്നെ മാതൃകയായി പ്രവർത്തിച്ച എംപിയാണ് പ്രേമചന്ദ്രൻ.

അദ്ദേഹത്തിനെതിരെ പല അപവാദങ്ങളും പ്രചരിപ്പിച്ചു. 2014ൽ പ്രേമചന്ദ്രനെതിരെ ഒരു പദപ്രയോഗമാണ് നടത്തിയതെങ്കിൽ 2019 ൽ മറ്റൊരു തന്ത്രമായിരുന്നുവെന്നും ഇപ്പോൾ ഒന്നും പറയാനില്ലാത്തതിനാൽ പഴയ തന്ത്രം പൊടിതട്ടി എടുക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബിജെപിക്ക് തിരിച്ചടി ഉണ്ടാകും. വാജ്‌പേയ് സർക്കാരിന് ഉണ്ടായതുപോലത്തെ തിരിച്ചടി ഉണ്ടാകും. പിണറായി 4 ആറന്മുള കണ്ണാടിയുമായി പോയ ആളാണ്. ന്യൂനപക്ഷങ്ങൾക്ക് ഇടയിൽ ആശങ്ക ഉണ്ടാക്കി വോട്ട് നേടാനാണ് സിപിഎം ശ്രമിക്കുന്നത്. എതിരാളിയെ മോശം ആയി കാണുന്നു. എന്നാൽ കെ എന്‍ ബാലഗോപാൽ, എംഎ ബേബി എന്നിവരേക്കാൾ വലിയ ആളുകൾ അല്ലല്ലോ വരുന്നത്.

വയനാട്ടിൽ കാണുന്നത് സർക്കാരിന്‍റെ കഴിവില്ലായ്‌മയാണ്. ബിജെപിയെ സംബന്ധിച്ച് കേരളത്തിലെ സി ക്ലാസ് മണ്ഡലം ആണ് കൊല്ലം. ഭരണാധികാരിക്ക് ആരോടും ഉത്തരവാദിത്തം ഇല്ല. മറ്റ് നേതാക്കൾ മിണ്ടാതെ ഇരിക്കുന്നത് ഗതികേട് ആണ്. രാജ്യത്ത് വിലക്കയറ്റവും മറ്റ് പ്രാരാബ്‌ധങ്ങളും വർധിച്ചു. കേരളത്തിലേത്‌ ധാർമികത തൊട്ടുതീണ്ടാത്ത ഭരണമാണ്. മുഖ്യമന്ത്രി പിണറായി വിജയന് ജനാധിപത്യത്തോട് ബഹുമാനമില്ല.

അന്വേഷണത്തെ തടസപ്പെടുത്താൻ ശ്രമിക്കുകയാണ് മുഖ്യമന്ത്രിയും കുടുംബവും. ഇത്രയേറേ തെളിവുകൾ വന്നിട്ടും മുഖ്യമന്ത്രി രാജി വയ്ക്കു‌ന്നില്ല. ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണിത്. ഇതനുസരിച്ചുള്ള വിധിയാണ് വരാനിരിക്കുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പിൽ 20 സീറ്റിലും യുഡിഎഫിന് ജയിക്കാനുള്ള സാഹചര്യമാണ് കേരളത്തിലേതെന്നും ഷിബു ബേബി ജോൺ പറഞ്ഞു.

ABOUT THE AUTHOR

...view details