കേരളം

kerala

'നിലനിർത്തുന്നത് ഉമ്മൻ ചാണ്ടിയുടെ കാലത്തെ ബസുകൾ' ; ബജറ്റിൽ കെഎസ്ആർടിസിയെ അവഗണിച്ചെന്ന് യൂണിയനുകൾ

By ETV Bharat Kerala Team

Published : Feb 7, 2024, 3:46 PM IST

സംസ്ഥാന സർക്കാർ ബജറ്റിൽ കെഎസ്ആർടിസിയെ അവഗണിച്ചെന്ന് പ്രതിപക്ഷ തൊഴിലാളി സംഘടനകൾ. കെഎസ്ആർടിസിയെ സംരക്ഷിക്കേണ്ടത് സർക്കാരിൻ്റെ ബാധ്യതയെന്ന് ടിഡിഎഫ്. കൃത്യമായി കൂലി നൽകാനുള്ള പ്രഖ്യാപനങ്ങൾ പോലുമില്ലെന്ന് ബിഎംഎസ്

KSRTC Trade Unions  Kerala Budget 2024  കെഎസ്ആർടിസി പ്രതിനന്ധി  KSRTC Crisis  കേരള ബജറ്റ് 2024
KSRTC TRADE UNIONS REJECT KERALA BUDGET 2024

തിരുവനന്തപുരം : ബജറ്റ് പ്രഖ്യാപനങ്ങളെ പൂർണമായും തള്ളി കെഎസ്ആർടിസിയിലെ പ്രതിപക്ഷ തൊഴിലാളി സംഘടനകൾ. മുൻ കാലങ്ങളിലേതുപോലെ ഇപ്പോഴും സർക്കാർ ബജറ്റിൽ കെഎസ്ആർടിസിയെ അവഗണിച്ചിരിക്കുകയാണെന്ന് കോൺഗ്രസ് തൊഴിലാളി സംഘടനയായ ടിഡിഎഫ് ആരോപിച്ചു. കെഎസ്ആർടിസിയെ സംരക്ഷിക്കേണ്ടത് സർക്കാരിൻ്റെ ബാധ്യതയാണെന്നും ടിഡിഎഫ് സംസ്ഥാന സെക്രട്ടറി ഡി അജയകുമാർ ചൂണ്ടിക്കാട്ടി (KSRTC Trade Unions Against Budget).

മറ്റ് സംസ്ഥാനങ്ങളിൽ, ബസ് വാങ്ങാനും, ശമ്പളം അടക്കമുള്ള കുടിശ്ശികകളില്‍ സാമ്പത്തിക സഹായം നൽകിയും, ബാധ്യതകൾ ഏറ്റെടുത്തുമാണ് സർക്കാരുകള്‍ ആർടിസികളെ സംരക്ഷിക്കുന്നത്. എന്നാൽ കേരളത്തിൽ പൊതുഗതാഗത സംവിധാനത്തെ എങ്ങനെ ഒതുക്കാം, എങ്ങനെ സ്വകാര്യ മേഖലയ്‌ക്ക് വിൽക്കാം എന്നാണ് നോക്കുന്നതെന്ന് അജയകുമാർ കുറ്റപ്പെടുത്തി (TDF on Kerala Budget).

കെഎസ്ആർടിസിയും തൊഴിലാളികളും വളരെ പ്രതീക്ഷയോടെയായിരുന്നു ബജറ്റിനെ നോക്കി കണ്ടത്. കൂടുതൽ ബസുകൾ വാങ്ങാനും തൊഴിലാളികളുടെ ശമ്പളവും പെൻഷനും കൊടുക്കാനും, കെഎസ്ആർടിസിയെ നിലനിർത്താനും വേണ്ടിയുള്ള ഒട്ടേറെ പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകുമെന്ന് കരുതി. എന്നാൽ അത്തരം പ്രഖ്യാപനങ്ങൾ ഒന്നും ഉണ്ടായില്ല. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കാലത്ത് വാങ്ങിയ ബസ്സുകളാണ് കെഎസ്ആർടിസി ഇപ്പോഴും നിലനിർത്തി പോകുന്നത്. ആവശ്യങ്ങൾ അനുസരിച്ചുള്ള പ്രഖ്യാപനങ്ങൾ അല്ല ബജറ്റിൽ ഉണ്ടായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബിഎംഎസും ബജറ്റിനെ വിമർശിച്ച് രംഗത്തെത്തി. തൊഴിലാളികൾക്ക് പണിയെടുത്ത കൂലി കൃത്യമായി നൽകാൻ കഴിയുന്ന തരത്തിലുള്ള പ്രഖ്യാപനങ്ങൾ പോലും ബജറ്റിൽ ഉണ്ടായില്ലെന്ന് ബിഎംഎസ് സംസ്ഥാന സെക്രട്ടറി എസ് അജയകുമാർ പറഞ്ഞു. കെഎസ്ആർടിസിയുടെ കടബാധ്യതകൾ സർക്കാർ ഏറ്റെടുക്കുമെന്നായിരുന്നു എൽഡിഎഫിൻ്റെ പ്രകടനപത്രികയിൽ പറഞ്ഞിരുന്നത്. അതിനുവേണ്ടിയുള്ള പ്രഖ്യാപനങ്ങൾ ഒന്നും ബജറ്റിൽ ഉണ്ടായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി (BMS on Kerala Budget).

ബജറ്റിലുള്ളത് 128 കോടി:കെഎസ്‌ആര്‍ടിസിക്കായി 128.58 കോടി രൂപ വകയിരുത്തിയതായാണ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചത്. മുന്‍ വര്‍ഷങ്ങളിലെ കണക്ക് പരിശോധിച്ചാല്‍ ഇത്തവണ കെഎസ്‌ആര്‍ടിസിക്ക് സര്‍ക്കാര്‍ കൂടുതല്‍ തുകയാണ് വകയിരുത്തിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. മൂന്ന് വര്‍ഷത്തിനിടെ 4917.92 കോടി രൂപയാണ് കെഎസ്‌ആര്‍ടിസിക്ക് അനുവദിച്ചത്. പുതിയ ഡീസല്‍ ബസുകള്‍ വാങ്ങാൻ 92 കോടി വകയിരുത്തി. ഇതുള്‍പ്പടെയാണ് 128.54 കോടി വകയിരുത്തിയത്.

Also Read:ജീവനക്കാര്‍ക്ക് പണി വരുന്നു; അസാധാരണ ഉത്തരവുമായി കെഎസ്ആര്‍ടിസി

പഴയ ബസുകൾ മാറ്റി പരിസ്ഥിതി സൗഹൃദമായ ബിഎസ് 6 നിലവാരത്തിലുള്ള ഡീസൽ ബസുകൾ വാങ്ങുന്നതിനായാണ് തുക അനുവദിച്ചത്. ഗതാഗത മേഖലയിൽ സമഗ്രമായ പരിഷ്‌കാരങ്ങളാണ് സർക്കാർ നടപ്പാക്കിയിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം കെഎസ്ആർടിസിക്ക് അനുവദിച്ചുവരുന്ന ധനസഹായത്തിൽ വലിയ തോതിലുള്ള വർധനവ് ഉണ്ടായിട്ടുണ്ടെന്നും മന്ത്രി ബജറ്റിൽ പറഞ്ഞു.

ABOUT THE AUTHOR

...view details