കേരളം

kerala

ഇലക്ട്രിക് ഡബിൾ ഡെക്കറിന് ഡബിൾ ബെൽ : മന്ത്രി എംബി രാജേഷ് തിങ്കളാഴ്‌ച ഉദ്ഘാടനം ചെയ്യും

By ETV Bharat Kerala Team

Published : Feb 9, 2024, 4:24 PM IST

ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി വാങ്ങിയ ഇലക്ട്രിക് ഡബിൾ ഡെക്കർ മന്ത്രി എംബി രാജേഷ് തിങ്കളാഴ്‌ച വൈകിട്ട് 4ന്‌ തലസ്ഥാനത്ത് ഫ്ലാഗ് ഓഫ് ചെയ്യും

Ksrtc electric double decker  thiruvananthapuram  ഇലക്ട്രിക് ഡബിൾ ഡെക്കർ  കെഎസ്‌ആർടിസി
electric double decker

തിരുവനന്തപുരം :ബാൽക്കണിയിലിരുന്ന് തലസ്ഥാന നഗരം ചുറ്റിക്കാണുന്നതിന് കെഎസ്ആർടിസി വാങ്ങിയ ഇലക്ട്രിക് ഡബിൾ ഡെക്കർ (KSRTC electric double decker) തിങ്കളാഴ്‌ച ഉദ്ഘാടനം ചെയ്യും. ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി വാങ്ങിയ ഇലക്ട്രിക് ഡബിൾ ഡെക്കർ ബസുകൾ തദ്ദേശ വകുപ്പ് മന്ത്രി എംബി രാജേഷ് തിങ്കളാഴ്‌ച വൈകിട്ട് 4നാണ് ഉദ്ഘാടനം ചെയ്യുക.

സ്‌മാർട്ട്‌ സിറ്റി പദ്ധതി വഴി നഗരസഭയുടെയും കേന്ദ്ര സർക്കാരിന്‍റെയും പണം ഉപയോഗിച്ച് വാങ്ങിയ ബസ് ആര് ഉദ്ഘാടനം ചെയ്യുമെന്ന തർക്കം കാരണമാണ് ഇത് വൈകുന്നതെന്ന അഭ്യൂഹങ്ങൾ ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് ബജറ്റ് ടൂറിസം സെൽ അധികൃതർ ഉദ്ഘാടനം എന്ന് നടക്കുമെന്ന വിവരം ഇടിവി ഭാരതുമായി പങ്കുവയ്ക്കു‌ന്നത്.

തദ്ദേശ സ്ഥാപനത്തിന്‍റെ പണം ഉൾപ്പെടുന്നതിനാൽ മന്ത്രി എംബി രാജേഷ് ഉദ്ഘാടനം ചെയ്യണമെന്ന് ഒരു വിഭാഗവും എന്നാല്‍ ഗതാഗത മന്ത്രിയാണ് ഉദ്ഘാടനം ചെയ്യേണ്ടതെന്ന് മറുപക്ഷവും തർക്കം ഉന്നയിക്കുന്നുവെന്ന വിവരം പ്രചരിക്കുന്നതിനിടെയാണ് ഇലക്ട്രിക് ഡബിൾ ഡെക്കർ ബസുകളുടെ ഉദ്ഘാടനം തിങ്കളാഴ്‌ച നടക്കാൻ പോകുന്നത്.

വികാസ് ഭവൻ ഡിപ്പോയിലോ ആനയറയിലെ സ്വിഫ്റ്റിന്‍റെ ആസ്ഥാനത്തോ ആയിരിക്കും ഉദ്ഘാടന ചടങ്ങും ഫ്ലാഗ് ഓഫും നടക്കുക. നിലവിൽ നഗരത്തിൽ സർവീസ് നടത്തുന്ന ഡബിൾ ഡെക്കർ ബസ് സഞ്ചരിക്കുന്ന റൂട്ടിന് പുറമെ കൂടുതൽ സ്ഥലങ്ങൾ കൂടി ഉൾപ്പെടുത്തിയാകും പുതിയ ഇലക്ട്രിക് ഡബിൾ ഡെക്കർ ബസുകൾ സർവീസ് നടത്തുക.

കൂടുതൽ സ്ഥലങ്ങൾ ഉൾപ്പെടുത്തുമ്പോൾ നിരക്കിൽ മാറ്റം വരുത്തുമെന്നും അധികൃതർ പറഞ്ഞു. നിലവിൽ 250 രൂപയാണ് നിരക്ക്. രണ്ട് ബസുകൾ ഉള്ളതിനാൽ ഒരു ബസ്, ഡേ സർവീസിനും രണ്ടാമത്തെ ബസ് നൈറ്റ് സർവീസിനും ഉപയോഗിക്കും. അതേസമയം റൂട്ട് സംബന്ധിച്ച അന്തിമതീരുമാനം ആയിട്ടില്ല.

ഉദ്ഘാടനത്തിന്‍റെ വിശദവിവരങ്ങൾ ഉടൻ തന്നെ കെഎസ്ആർടിസി ഔദ്യോഗിക ഫേസ്ബുക് പേജ് വഴി അറിയിക്കും. പുതിയ ബസുകളിൽ മുകൾ നിലയിൽ കയറുന്നതിനായി മുന്നിലും പിന്നിലും സ്‌റ്റെപ്പുകൾ ഉണ്ട്.

അഞ്ച് സിസിടിവി ക്യാമറകള്‍, ഓരോ സീറ്റിലും മൊബൈൽ ചാർജിങ് പോർട്ടുകൾ, പാനിക് ബട്ടൺ, സ്‌റ്റോപ്പ് ബട്ടൺ, മ്യൂസിക് സിസ്‌റ്റം, ടിവി, എൽഇഡി ഡിസ്പ്ലേ, എല്ലാ സീറ്റുകളിലും സീറ്റ് ബെൽറ്റ് എന്നിവയും പുതിയ ബസിന്‍റെ പ്രത്യേകതകളാണ്.

ഓപ്പൺ ഡബിൾ ഡെക്കർ സർവീസ് റൂട്ടുകൾ:രാവിലെ 9 മണി മുതല്‍ വൈകിട്ട് 4 മണി വരെ നീണ്ടുനില്‍ക്കുന്നതാണ് 'ഡേ സിറ്റി റൈഡ്'. വൈകിട്ട് 5 മുതല്‍ രാത്രി 10 വരെ നീണ്ടുനില്‍ക്കുന്നതാണ് 'നൈറ്റ് സിറ്റി റൈഡ്'.

ഡേ സിറ്റി റൈഡ് റൂട്ടുകൾ :രാവിലെ 9 മണിക്ക് കിഴക്കേക്കോട്ട, മ്യൂസിയം, മൃഗശാല സന്ദര്‍ശനം, നാച്വറല്‍ ഹിസ്‌റ്ററി മ്യൂസിയം, അക്വേറിയം, ആര്‍ട്ട് മ്യൂസിയം, കേരള കള്‍ച്ചറല്‍ മ്യൂസിയം, ക്യാപ്റ്റന്‍ ലക്ഷ്‌മി ചില്‍ഡ്രന്‍സ് പാര്‍ക്ക്, ശ്രീനാരായണ ഗുരു പാര്‍ക്ക്, കനകക്കുന്ന് പാലസ് - ശേഷം വെള്ളയമ്പലത്ത് ഉച്ചഭക്ഷണം.

തുടര്‍ന്ന് പ്ലാനറ്റോറിയം, സയന്‍സ് ആന്‍ഡ് ടെക്‌നോളജി മ്യൂസിയം, പത്മനാഭ സ്വാമി ക്ഷേത്രം - ശേഷം കുതിര മാളിക മ്യൂസിയത്തിന് മുന്‍പില്‍ വൈകിട്ട് 4 മണിയോടെ ഡേ റൈഡ് അവസാനിക്കും.

നൈറ്റ് സിറ്റി റൈഡ് റൂട്ടുകൾ :വൈകിട്ട് 5ന് കിഴക്കേക്കോട്ട മ്യൂസിയം, പാര്‍ക്ക്, വെള്ളയമ്പലം-സ്‌റ്റാച്യു -എയര്‍പോര്‍ട്ട്-ശംഖുമുഖം ബീച്ച്, ശംഖുമുഖം ബൈപ്പാസ്- ലുലു മാള്‍ ഷോപ്പിംഗ് - ശേഷം കിഴക്കേക്കോട്ടയില്‍ 10ന് യാത്ര അവസാനിക്കും. രണ്ട് സര്‍വീസുകള്‍ക്കും 250 രൂപയാണ് ഒരാള്‍ക്ക് നിരക്ക്.

ABOUT THE AUTHOR

...view details