കേരളം

kerala

'ഇടുക്കിയുടെ വികസനങ്ങള്‍ക്ക് ഊര്‍ജം പകരുന്ന ബജറ്റ്': മന്ത്രി റോഷി അഗസ്‌റ്റിൻ

By ETV Bharat Kerala Team

Published : Feb 6, 2024, 8:14 AM IST

Updated : Feb 6, 2024, 8:21 AM IST

ഇടുക്കിയിലെ കാര്‍ഷിക - ടൂറിസം മേഖലയ്ക്ക് മികച്ച പുരോഗതി കൈവരിക്കാന്‍ സഹായകരമാകുന്ന പ്രഖ്യാപനങ്ങളാണ് സംസ്ഥാന ബജറ്റില്‍ ഉള്ളതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍.

Budget 2024  kerala budget 2024  Development Of Idukki  Minister Roshy Augustine  കാര്‍ഷിക ടൂറിസം മേഖല
ഇടുക്കിയുടെ വികസനത്തിന് ഊര്‍ജം പകരുന്ന ബജറ്റെന്ന് മന്ത്രി റോഷി അഗസ്‌റ്റിൻ

ഇടുക്കിയുടെ വികസനത്തിന് ഊര്‍ജം പകരുന്ന ബജറ്റെന്ന് മന്ത്രി റോഷി അഗസ്‌റ്റിൻ

ഇടുക്കി :ഇടുക്കി ജില്ലയിലെ കാര്‍ഷിക - ടൂറിസം മേഖലയ്ക്ക് നല്ല നിലയിലുള്ള പുരോഗതി കൈവരിക്കാന്‍ സഹായകരമാകുന്ന ബജറ്റാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ചതെന്ന് മന്ത്രി റോഷി അഗസ്‌റ്റിന്‍ (Development Of Idukki). കാര്‍ഷിക രംഗത്ത് സുഗന്ധവ്യഞ്ജന കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് ബജറ്റില്‍ തുക വകകൊള്ളിച്ചിരിക്കുന്നത് ജില്ലയിലെ കര്‍ഷകര്‍ക്ക് ഏറെ ആശ്വാസകരമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ടൂറിസം രംഗത്ത് ജില്ലയ്ക്ക് വലിയ പരിഗണനയാണ് ലഭിച്ചിരിക്കുന്നത്.

ഇടുക്കി ഡാമിന്‍റെ പ്രതലത്തില്‍ ലേസര്‍ ഷോ അടക്കമുള്ള ഇടുക്കി ഡാം ടൂറിസം പദ്ധതിക്കായി ആദ്യ ഘട്ടത്തില്‍ അനുവദിച്ചിരിക്കുന്നത് 5 കോടി രൂപയാണ്. ഇടുക്കി ഡാം കേന്ദ്രമാക്കിയുള്ള വിപുലമായ ടൂറിസം പദ്ധതികളാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. ഇതുവഴി കേരളത്തിലെ ടൂറിസത്തിന്‍റെ ഹബ് ആയി ഇടുക്കി മാറുമെന്നും മന്ത്രി സൂചിപ്പിച്ചു.

ടൂറിസം രംഗം വളരുന്നതോടെ വ്യാപാര വാണിജ്യ മേഖലകളില്‍ വലിയ വളര്‍ച്ചയും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. ചെറുതോണി കെഎസ്ആര്‍ടിസി സബ് ഡിപ്പോയ്ക്ക് കെട്ടിടം നിര്‍മിക്കുന്നതിനായി അഞ്ച് കോടി രൂപയും ബജറ്റില്‍ അനുവദിച്ചത് ജില്ല ആസ്ഥാനത്തെ യാത്ര ക്ലേശം പരിഹരിക്കുന്നതിന് ഏറെ പ്രയോജനകരമാകും. എടുത്ത് പറയേണ്ട മറ്റൊരു പ്രഖ്യാപനം ഇടുക്കി എയര്‍ സ്ട്രിപ്പാണ്. ഇതിനായി 1.96 കോടി രൂപയാണ് ബജറ്റില്‍ നീക്കിവച്ചിരിക്കുന്നത്.

ഇടുക്കി ജില്ല ആസ്ഥാനത്താണ് പുതിയ എയര്‍ സ്ട്രിപ്പ് നിര്‍മിക്കുക. അടിയന്തര സാഹചര്യങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിനൊപ്പം ടൂറിസം മേഖലയ്ക്കും ഉണര്‍വേകുന്നതാകും എയര്‍ സ്ട്രിപ്പ്. കട്ടപ്പനയില്‍ പിഎസ്‌സി ജില്ല ആസ്ഥാന മന്ദിരം നിര്‍മിക്കുന്നതിന് ബജറ്റില്‍ അധിക ഫണ്ട് വകയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇതോടൊപ്പം കട്ടപ്പന ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്‌റ്റേഷന് കെട്ടിട നിര്‍മാണത്തിനായി നാല് കോടി രൂപയും ബജറ്റില്‍ നീക്കി വച്ചിട്ടുണ്ട്. ഇടുക്കി പാക്കേജില്‍ അധികമായി 75 കോടി രൂപയാണ് ബജറ്റില്‍ നീക്കി വച്ചിരിക്കുന്നത്. ഇടുക്കിക്ക് പുറമേ വയനാട്, കാസര്‍കോട് ജില്ലകള്‍ക്കായാണ് പാക്കേജ് അനുവദിച്ചിരിക്കുന്നത്.

മനുഷ്യ വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന് 48.85 കോടി രൂപയും ബജറ്റില്‍ നീക്കി വച്ചിരിട്ടുണ്ട്. ഇലക്‌ട്രിക് ഫെന്‍സിങ് അടക്കമുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നതിന് ഈ തുക സഹായകമാകും. വന്യ ജീവികളുടെ കടന്നു കയറ്റം രൂക്ഷമായ മേഖലകള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ് ബജറ്റിലെ ഈ പ്രഖ്യാപനമെന്നും മന്ത്രി റോഷി അഗസ്‌റ്റിന്‍ പറഞ്ഞു.

ALSO READ : കേരള ബജറ്റ് 2024; നവകേരള സൃഷ്‌ടിക്കുള്ള ഉറച്ച കാല്‍വെപ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Last Updated : Feb 6, 2024, 8:21 AM IST

ABOUT THE AUTHOR

...view details