കേരളം

kerala

കൊച്ചിയിൽനിന്നും കോഴിക്കോടുനിന്നും ലക്ഷദ്വീപിലേക്ക് പ്രതിദിന വിമാന സർവീസുമായി ഇൻഡിഗോ - NEW FLIGHTS TO LAKSHADWEEP

By ETV Bharat Kerala Team

Published : Apr 5, 2024, 9:29 PM IST

ലക്ഷദ്വീപിലേക്ക് പുത്തന്‍ സര്‍വീസുകളുമായി ഇന്‍ഡിഗോ. കൊച്ചി, കോഴിക്കോട് നഗരങ്ങളിൽനിന്ന് പ്രതിദിന സര്‍വീസ്. സഞ്ചാരികള്‍ക്കും വ്യവസായികള്‍ക്കും ഗുണകരമാകുമെന്ന് പ്രതീക്ഷ.

INDIGO CONNECTS KERALA BLUE LAGOON  KOCHI  KOZHIKKODE  AGATTI
Indigo Introduces Kozhikode, Kochi, Agatti New flight Services

മുംബൈ: കേരളത്തില്‍ നിന്ന് ലക്ഷദ്വീപിലേക്ക് പുതിയ മൂന്ന് സര്‍വീസുകളുമായി ഇന്‍ഡിഗോ. കോഴിക്കോട്-കൊച്ചി, കൊച്ചി-അഗത്തി, കോഴിക്കോട്-അഗത്തി-കൊച്ചി തുടങ്ങിയ റൂട്ടുകളിലാണ് പുതിയ സര്‍വീസുകള്‍ ആരംഭിക്കുക. അടുത്തമാസം ഒന്നുമുതല്‍ പുതിയ സര്‍വീസുകള്‍ ആരംഭിക്കും. ദീര്‍ഘകാലമായുള്ള ആവശ്യമാണ് ഇതോടെ അംഗീകരിക്കപ്പെട്ടിരിക്കുന്നത്. രാജ്യത്തെ ആഭ്യന്തര-അന്തര്‍ദേശീയ രംഗത്തിന് ഏറെ മുതല്‍ക്കൂട്ടാകുന്ന സര്‍വീസുകളാകും ഇവ. ലക്ഷദ്വീപിലെ പ്രധാന ദ്വീപുകളിലൊന്നായ അഗത്തിയിലേക്കുള്ള പുതിയ വിമാന സര്‍വീസ് കേരളത്തിലെ സഞ്ചാരികള്‍ക്ക് ഏറെ ഗുണകരമാകും.

അടുത്തിടെ ബെംഗളുരു അഗത്തി റൂട്ടില്‍ ഇന്‍ഡിഗോ പുതിയ സര്‍വീസ് ആരംഭിച്ചിരുന്നു. ഇതോടെ 88 ആഭ്യന്തര സര്‍വീസുകളുമായി ആകെ 121 സര്‍വീസുകൾ ഇന്‍ഡിഗോയുടെ കണക്കിലെത്തി. അഗത്തിയില്‍ നിന്ന് കൊച്ചി വഴി കോഴിക്കോടിനും തിരിച്ചുമുള്ള സര്‍വീസുകള്‍ വ്യവസായികള്‍ക്കും സഞ്ചാരികള്‍ക്കും ഏറെ ഗുണകരമാകുമെന്നാണ് പ്രതീക്ഷ.

വേനലവധിക്കാല സഞ്ചാരികളെ ലക്ഷ്യമിട്ടാണ് പുതിയ സര്‍വീസുകളെന്ന് ഇന്‍ഡിഗോ ഗ്ലോബല്‍ സെയില്‍സ് തലവന്‍ വിനയ് മല്‍ഹോത്ര അറിയിച്ചു. മേഖലയിലെ യാത്രയെയും വിനോദസഞ്ചാരത്തെയും വാണിജ്യത്തെയും മെച്ചപ്പെടുത്താന്‍ പുതിയ സര്‍വീസിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചെലവ് കുറഞ്ഞ സമയബന്ധിത പ്രശ്‌ന രഹിത യാത്രകളാണ് തങ്ങള്‍ വാഗ്‌ദാനം ചെയ്യുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

Also Read:ലക്ഷദ്വീപിലേക്ക് എളുപ്പത്തിലെത്താം; പുതിയ വിമാന സര്‍വീസ് പ്രഖ്യാപിച്ച് ഇൻഡിഗോ

മെയ് ഒന്നിന് രാവിലെ 10.20നാണ് കോഴിക്കോട്ട് നിന്ന് കൊച്ചിയിലേക്കുള്ള ആദ്യ വിമാനം യാത്ര തിരിക്കുക. 10.55ന് കൊച്ചിയിലെത്തും. ഇത് പ്രതിദിന സര്‍വീസാണ്. കൊച്ചിയില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള വിമാനം ഉച്ചയ്ക്ക് ഒന്നേമുക്കാലിന് തിരിച്ച് രണ്ടരയ്ക്ക് കോഴിക്കോട്ട് എത്തും. കൊച്ചിയില്‍ നിന്ന് അഗത്തിയിലേക്ക് 11.25ന് വിമാനം പുറപ്പെടും. ഒരു മണിക്ക് അഗത്തിയിലെത്തും.

അഗത്തിയില്‍ നിന്ന് കൊച്ചിയിലേക്ക് ഉച്ചയ്ക്ക് 12.10നാണ് സര്‍വീസ്. 1.25 ഓടെ കൊച്ചിയിലെത്തും. കോഴിക്കോട് നിന്ന് അഗത്തിയിലേക്ക് രാവിലെ 10.20നാണ് വിമാനം പുറപ്പെടുക. ഒരു മണിക്ക് അഗത്തിയിലെത്തും. അഗത്തിയില്‍ നിന്ന് കോഴിക്കോട്ടേക്ക് 12.10ന് പുറപ്പെടും 2.20ന് കോഴിക്കോട്ടെത്തും. എല്ലാ ദിവസവും ഈ സര്‍വീസുകൾ ഉണ്ടാകും.

ABOUT THE AUTHOR

...view details