ഇടുക്കി : തേക്കടിക്കിപ്പോൾ മറ്റൊരു നിറമാണ്. പച്ചപ്പിനൊപ്പം ചേർന്നു നിൽക്കുന്ന മനോഹരമായ വിവധയിനം പൂക്കളുടെ നിറം. കണ്ണിനു വിരുന്നു നല്‍കുന്ന കാഴ്‌ചകളുമായി തേക്കടി പുഷ്‌പമേള ഒരുങ്ങിക്കഴിഞ്ഞു. പതിനാറാമത് പുഷ്‌പമേളയാണ് തേക്കടിയിൽ ഒരുക്കിയിരിക്കുന്നത്.
അവധിക്കാലം ആഘോഷമാക്കാൻ ഇടുക്കിയിലേക്ക് എത്തുന്ന സഞ്ചാരികൾക്ക് ഒരു വിസ്‌മയക്കാഴ്‌ചയാണ് തേക്കടിയിൽ ഒരുക്കിയിരിക്കുന്നത്. മെയ് 12-ാം തീയതി വരെ കുമളി തേക്കടി റോഡിൽ കല്ലറയ്ക്കൽ ഗ്രൗണ്ടിലാണ് പുഷ്‌പമേള സംഘടിപ്പിച്ചിരിക്കുന്നത്. 40 ദിവസം നീണ്ടു നിൽക്കുന്നതാണ് ഇത്തവണത്തെ തേക്കടി മേള. തേക്കടി അഗ്രിഹോർട്ടികൾച്ചർ സൊസൈറ്റിയും, മണ്ണാറത്തറയിൽ ഗാർഡൻസും, കുമളി ഗ്രാമപഞ്ചായത്തും സംയുക്തമായാണ് മേള സംഘടിപ്പിക്കുന്നത്.
ഇരുനൂറിൽപ്പരം ഇനങ്ങളിൽ ഒരു ലക്ഷത്തിലധികം പൂച്ചെടികളാണ് മണ്ണാറത്തറയിൽ ഗാർഡൻസ് പ്രദർശനത്തിനായി എത്തിച്ചിരിക്കുന്നത്. ആന്തൂറിയം, ഓർക്കിഡ് എന്നിവയുടെ പ്രത്യേക ശേഖരങ്ങളും പഴവർഗ്ഗ തൈകൾ, വിവിധയിനം അപൂർവ്വ സസ്യങ്ങൾ എന്നിവയും പ്രദർശനത്തിനായി എത്തിച്ചിട്ടുണ്ട്. സന്ദർശകർക്ക് ചെടികൾ വാങ്ങുന്നതിനായുള്ള സൗകര്യവും മേളയിൽ ഒരുക്കിയിട്ടുണ്ട്. പുഷ്‌പമേള വ്യത്യസ്‌തമായ അനുഭവം പകർന്നു നൽകുന്നു എന്നാണ് സന്ദർശകരും പറയുന്നത്.