കേരളം

kerala

സിദ്ധാര്‍ത്ഥിന്‍റെ മരണം; ഡീന്‍, അസിസ്റ്റന്‍റ്‌ വാർഡന്‍ എന്നിര്‍ കുറ്റം ചെയ്‌തു, അതുകൊണ്ടാണ് നടപടി: ഗവർണർ

By ETV Bharat Kerala Team

Published : Mar 5, 2024, 7:54 PM IST

വയനാട് പൂ​ക്കോ​ട് വെ​റ്റ​റി​ന​റി സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി സിദ്ധാർഥിന്‍റെ മരണത്തിൽ തെറ്റ് ചെയ്തെന്നു കണ്ടെത്തിയത് കൊണ്ടാണ് ഡീനും അസിസ്റ്റന്‍റ്‌ വാർഡനുമെതിരെ നടപടി ഉണ്ടായതെന്ന് ഗവർണർ.

Sidharth death case  dean and assistant warden Suspended  Governor Arif Mohammed Khan  ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ  സിദ്ധാർഥിൻ്റെ മരണം
Governor on dean and assistant warden Suspension

തിരുവനന്തപുരം: പൂക്കോട് സിദ്ധാർഥിൻ്റെ മരണത്തിൽ തെറ്റ് ചെയ്തെന്നു കണ്ടെത്തിയത് കൊണ്ടാണ് ഡീനും അസിസ്റ്റന്‍റ്‌ വാർഡനും എതിരെ നടപടി ഉണ്ടായതെന്ന് ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ. ഒരു ചെറുപ്പക്കാരനെ രണ്ട് ദിവസം ക്രൂരമായി ആക്രമിച്ചിട്ട് അത് ഉത്തരവാദിത്തപ്പെട്ടവർ അറിഞ്ഞില്ല എന്ന് പറയുന്നത് വിശ്വസിക്കാനാവില്ല. വിസിയെ സസ്പെൻഡ് ചെയ്‌തത് അതിനാലാണ്. അറസ്റ്റിലായവർ മാത്രമല്ല പ്രതികൾ. കുറ്റം അറിഞ്ഞിട്ട് മൗനം പാലിച്ചവരും പ്രതികളാണ്.

ഇത് വെറ്ററിനറി സർവകലാശാലയിൽ മാത്രം ഒതുങ്ങി നിൽക്കുന്ന വിഷയമല്ല. മറ്റ് സർവകലാശാല ഹോസ്റ്റലുകളും എസ്എഫ്ഐ അക്രമ പ്രവർത്തനങ്ങളുടെ, നിയമ വിരുദ്ധ പ്രവർത്തനങ്ങളുടെ താവളമാക്കുന്നു. വിദ്യാർഥി ലേബലിൽ ക്രിമിനലുകൾ തമ്പടിക്കുന്നു. ഹൈക്കോടതി ജഡ്‌ജിയുടെ മേൽനോട്ടത്തിൽ ഇക്കാര്യങ്ങൾ പരിശോധിക്കണം. കൃത്യമായ നടപടിയുണ്ടായില്ലെങ്കിൽ ഈ അക്രമങ്ങൾ സമൂഹത്തെ നശിപ്പിക്കുമെന്നും ഗവർണർ പറഞ്ഞു.

സിസ തോമസ് വിഷയത്തിൽ സർക്കാർ ഹർജി സുപ്രീം കോടതി തള്ളിയ സംഭവത്തിൽ ഒന്നും പ്രതികരിക്കാനില്ലെന്നും ഗവർണർ വ്യക്തമാക്കി. കോടതി തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. അനുസരിക്കാത്തവരെ ഉപദ്രവിക്കുന്ന നടപടി ശരിയല്ലെന്നും ആരിഫ് മുഹമ്മദ്‌ ഖാൻ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ.

ഡീനിനും അസിസ്‌റ്റന്‍റ് വാർഡനും സസ്‌പെൻഷൻ: സിദ്ധാർഥിന്‍റെ മരണവുമായി ബന്ധപ്പെട്ട് കോളജ് ഡീൻ ഡോ. എം കെ. നാരായണനെയും അസിസ്‌റ്റന്‍റ് വാർഡൻ ഡോ. കാന്തനാഥനെയും സസ്പെൻഡ് ചെയ്‌തു. കാരണം കാണിക്കൽ നോട്ടീസിന് ഇവർ നൽകിയ മറുപടി തൃപ്‌തികരമല്ലെന്ന് ചൂണ്ടിക്കാണിച്ചതിന് പിന്നാലെയാണ് വിസി പി സി ശശീന്ദ്രൻ നടപടിയെടുത്തത്‌.

സിദ്ധാർഥന്‍റെ മരണം അറിഞ്ഞതിന് പിന്നാലെ വിഷയത്തിൽ ഇടപെട്ടുവെന്നും എല്ലാം നിയമപരമായി ചെയ്‌തുവെന്നുമാണ് ഡീനും അസിസ്‌റ്റന്‍റ് വാർഡനും നല്‍കിയ വിശദീകണം. സിദ്ധാർഥന്‍റെ പോസ്‌റ്റ്മാർട്ടം അടക്കമുള്ള നടപടികൾക്ക് നേരിട്ട് പോവുകയും ശേഷം ഹോസ്‌റ്റൽ വിദ്യാർഥികളുമായി സംസാരിച്ചെന്നും മറുപടിയിൽ സൂചിപ്പിച്ചിരുന്നു. മറുപടി തൃപ്‌തികരമല്ലെന്നും ഇവര്‍ സ്ഥാനത്ത് തുടരുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ഇവരെ സസ്‌പെന്‍റ്‌ ചെയ്‌തത്‌.

ABOUT THE AUTHOR

...view details