കേരളം

kerala

മനുഷ്യ-വന്യജീവി സംഘർഷം: സംസ്ഥാനത്ത് പുതിയ 13 ആർആർടി സംഘങ്ങൾ രൂപീകരിക്കാൻ അനുമതി - approval for new RRT teams

By ETV Bharat Kerala Team

Published : May 2, 2024, 7:46 PM IST

വാഹനം ഉൾപ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കും. ചെലവ് പ്രതീക്ഷിക്കുന്നത് 38.70 കോടി രൂപ

13 NEW RRT TEAMS IN KERALA  HUMAN WILDLIFE CONFLICT  WILD ANIMAL ATTACK IN KERALA  വന്യജീവി ആക്രമണം
rrt teams (REPORTER)

വന്യജീവി ആക്രമണത്തിൽ പ്രതിരോധം തീർക്കാൻ കഴിയുമെന്ന് പ്രതീക്ഷ (REPORTER)

ഇടുക്കി:മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായി സംസ്ഥാനത്ത് പുതിയ 13 ആർആർടി സംഘം രൂപീകരിക്കണമെന്ന വനം വകുപ്പിന്‍റെ ശുപാർശ സംസ്ഥാന സർക്കാർ അംഗീകരിച്ചു. വാഹനം ഉൾപ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കി പുതിയ ആർആർടി രൂപീകരിക്കാൻ 38.70 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇടുക്കിയിൽ മറയൂരിലും മാങ്കുളത്തും പുതിയ ആർആർടികൾ പ്രവർത്തനമാരംഭിക്കും.

മനുഷ്യ-വന്യജീവി സംഘർഷം സംസ്ഥാനത്താകെ വർധിച്ചുവരുന്ന സാഹചര്യത്തിൽ വനം വകുപ്പിനും സർക്കാരിനും എതിരെ വലിയ രീതിയിലുള്ള പ്രതിഷേധവും ഉയർന്നുവരുന്നുണ്ട്. ഈ സാഹചര്യത്തിൽ വന്യമൃഗ ശല്യം കൂടുതലായ പ്രദേശങ്ങളിൽ കൂടുതൽ ആർആർടി സംഘത്തിൻ്റെ സേവനം ഉറപ്പാക്കുന്നതിന് സംസ്ഥാനത്ത് 13 പുതിയ ആർആർടി സംഘത്തിന് രൂപം നൽകണമെന്ന ശുപാർശ വനം വകുപ്പ് സർക്കാരിന് നൽകിയിരുന്നു. നിലവിലെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് സർക്കാർ ഇത് അംഗീകരിക്കുകയും ചെയ്‌തു.

തിരുവനന്തപുരം സിറ്റി, കൊല്ലം സിറ്റി, കോന്നി, ആലപ്പുഴ സിറ്റി, എരുമേലി, മറയൂർ, മാങ്കുളം, കോതമംഗലം, പരിയാരം, പട്ടിക്കാട്, കൊല്ലംകോട്, കരുവാരക്കുണ്ട്, പെരിയ എന്നിവിടങ്ങളിലാണ് പുതിയ ആർആർടി രൂപീകരിക്കുക. പേപ്പാറ, അഞ്ചൽ, റാന്നി, മൂന്നാർ, മലയാറ്റൂർ, പാലക്കാട്, അട്ടപ്പാടി, നിലമ്പൂർ നോർത്ത്, കോഴിക്കോട്, കൽപ്പറ്റ, ആറളം, കാസർഗോഡ്, പീരുമേട്, സുൽത്താൻബത്തേരി എന്നിവിടങ്ങളിൽ നിലവിൽ ആർആർടി സംഘം പ്രവർത്തിക്കുന്നുണ്ട്.

പുതിയ ആർആർടികളുടെ പ്രവർത്തനത്തിനായി നിലവിലുള്ള 21 സെക്ഷൻ ഫോറസ്റ്റ് ഓഫിസർ തസ്‌തികകൾ ഡെപ്യൂട്ടി റേഞ്ച് ഓഫിസ് തസ്‌തികകളായും 75 ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്‌തികകൾ സെക്ഷൻ ഫോറസ്റ്റ് ഓഫിസർ തസ്‌തികകളായും ഉയർത്തും. 21 ഡ്രൈവർ തസ്‌തികളും പുതിയതായി സൃഷ്‌ടിക്കും.

നിലവിൽ പ്രവർത്തിക്കുന്ന 15 ആർആർടി സംഘങ്ങളിൽ 9 സംഘങ്ങൾക്ക് മാത്രമാണ് വാഹനം ഉൾപ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങളുള്ളത്. ബാക്കി ആറിലും പുതിയതായി ആരംഭിക്കുന്ന 13നും ഇവ ഒരുക്കേണ്ടതുണ്ട്. എല്ലാ സൗകര്യങ്ങളോടും കൂടി ഒരു ആർആർടി സജ്ജമാക്കുവാൻ മൂന്നു കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പുതിയതായി രൂപീകരിക്കുന്ന ആർആർടി സംഘം പ്രവർത്തനം ആരംഭിക്കുന്നതോടെ വന്യജീവി ശല്യം രൂക്ഷമായി നിൽക്കുന്ന മേഖലകളിൽ പ്രതിരോധം തീർക്കുവാൻ കഴിയും എന്ന പ്രതീക്ഷയിലാണ് വനം വകുപ്പും സർക്കാരും.

ALSO READ:മാങ്കുളത്ത് ജനവാസ മേഖലയില്‍ കാട്ടാന സാന്നിധ്യം: പ്രദേശവാസികൾ ആശങ്കയിൽ

ABOUT THE AUTHOR

...view details