കേരളം

kerala

'ശബരിമലയില്‍ ഇത്തവണ അധിക വരുമാനം, പത്ത് കോടിയുടെ നാണയങ്ങള്‍': ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പിഎസ്‌ പ്രശാന്ത്

By ETV Bharat Kerala Team

Published : Jan 24, 2024, 7:57 PM IST

PS Prasanth About Congress  പിഎസ്‌ പ്രശാന്ത്  ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ്  Sabarimala Collection Increased
Devaswom Board President PS Prasanth About Revenue Of Sabarimala And Congress

ശബരിമലയിലെ ഇത്തവണ അധിക വരുമാനമെന്ന് പിഎസ്‌ പ്രശാന്ത്. കോണ്‍ഗ്രസ് പാര്‍ട്ടി വിടാനുണ്ടായ കാരണങ്ങള്‍ വിശദീകരിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ്. ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റായത് സിപിഎമ്മില്‍ പോയത് കൊണ്ടെന്നും പ്രതികരണം.

ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പിഎസ്‌ പ്രശാന്ത് മാധ്യമങ്ങളോട്

തിരുവനന്തപുരം:ശബരിമലയിൽ ഈ വർഷം 23 കോടി രൂപയുടെ അധിക വരുമാനമുണ്ടായെന്ന് ദേവസ്വം ബോർഡ്‌ പ്രസിഡന്‍റ് പിഎസ് പ്രശാന്ത് പറഞ്ഞു. 361,01,13,147 രൂപയാണ് ഈ വർഷത്തെ മണ്ഡലകാല വരുമാനമെന്നും 10 കോടി രൂപ കോയിൻ കൗണ്ടിങ്ങിൽ നിന്നും ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. തലസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പിഎസ്‌ പ്രശാന്ത്.

കഴിഞ്ഞ വർഷം നടവരുമാനം 347,12,14,884 രൂപയായിരുന്നു. ഈ മണ്ഡലകാലത്ത് മാത്രമാണ് ഇത്രയും തിരക്കുണ്ടായതെന്ന് പറയാനാവില്ല. മുൻകാലത്തും തിരക്കുണ്ടായിട്ടുണ്ട്.

ശബരിമലയിലെ തിരക്കുമായി ബന്ധപ്പെട്ട് പൊലീസുമായി തർക്കങ്ങളില്ല. തിരക്ക് സംബന്ധിച്ചുള്ള പൊലീസിന്‍റെ വാദം ശരിയാണ്. ആരോഗ്യമുള്ള ഒരാൾക്ക് പതിനെട്ടാംപടി കയറാൻ 5-6 സെക്കന്‍ഡ് മതി. ചിലർ ഓരോ പടിയും തൊട്ടു വണങ്ങി കയറും. അത് അവരുടെ വിശ്വാസമാണ്.

അരവണ നശിപ്പിക്കുന്ന വാർത്തകൾ കണ്ട് എച്ച്എൽഎൽ സമീപിച്ചിരുന്നു. ടെൻഡർ വിളിച്ചാകും ഇതിനുള്ള കരാർ നൽകുക. 1252 ക്ഷേത്രങ്ങളാണ് ദേവസ്വം ബോർഡിന്‍റെ കീഴിലുള്ളത്. ഇതിൽ 13 ക്ഷേത്രങ്ങളിൽ നിന്നാണ് അധിക വരുമാനമുള്ളത്. ബാക്കി ക്ഷേത്രങ്ങളിൽ തിരിതെളിയുന്നത് ഈ ക്ഷേത്രങ്ങളിൽ നിന്നുള്ള വരുമാനത്തിൽ നിന്നാണ്.

മണ്ഡല കാലത്തിന് ശേഷം വനം വകുപ്പിന്‍റെയും ദേവസ്വത്തിന്‍റെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ ശബരിമലയില്‍ ശുചീകരണം നടക്കുന്നുണ്ട്. പ്ലാസ്‌റ്റിക് കുപ്പികളാണ് മേഖലയിലെ പ്രധാന പ്രതിസന്ധി. ജനങ്ങള്‍ വലിച്ചെറിയുന്ന പ്ലാസ്‌റ്റിക് കുപ്പികള്‍ കുരങ്ങുകള്‍ എടുത്ത് മറ്റിടങ്ങളില്‍ കൊണ്ടിടും. അത് ആനകളുടെ കാലുകളില്‍ തറക്കുന്ന പ്രശ്‌നമുണ്ട്. ഇത് പരിഹരിക്കാനുള്ള ചർച്ചകൾ നടത്തുമെന്നും പിഎസ് പ്രശാന്ത് കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് വിടാനുള്ള കാരണങ്ങള്‍ എണ്ണിപ്പറഞ്ഞ് പിഎസ്‌ പ്രശാന്ത്:കോണ്‍ഗ്രസ് ഒന്നും നല്‍കാത്തത് കൊണ്ടല്ല താന്‍ പാര്‍ട്ടി മാറിയതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പിഎസ്‌ പ്രശാന്ത്. കോണ്‍ഗ്രസിന് ഒരു കെട്ടുറപ്പില്ലെന്നും സംഘടനപരമായ രീതിയില്ലെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് കേവലം ഒരു തെരഞ്ഞെടുപ്പ് സംവിധാനമായി മാറുകയാണ്. അത്തരം കാരണങ്ങള്‍ കൊണ്ടാണ് താന്‍ പാര്‍ട്ടി മാറിയത്. തിരുവനന്തപുരത്തെ തോട്ടം മേഖലയായ പാലോട് കർഷക തൊഴിലാളിയായിരുന്ന അച്ഛന്‍റെ മകനാണ് താൻ. യാതൊരു പാരമ്പര്യവും തനിക്ക് അവകാശപ്പെടാനില്ല. സിപിഎമ്മിലേക്ക് വരുമ്പോൾ താനൊരു വിശ്വാസിയാണോ അവിശ്വാസിയാണോയെന്ന് ആരും ചോദിച്ചില്ല. ഏത് ജാതിയെന്നോ മതമെന്നോ ചോദിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

ദേവസ്വം ബോർഡ്‌ പ്രസിഡന്‍റ് ആകാൻ സാധിച്ചത് സിപിഎം എന്ന പാർട്ടി കാരണമാണെന്നാണ് താന്‍ ഇപ്പോഴും വിശ്വസിക്കുന്നത്. പ്രായം കുറഞ്ഞ ഒരാളായിട്ടും ഈ ഉത്തരവാദിത്വം എല്‍പ്പിച്ചത് സിപിഎമ്മിലായത് കൊണ്ടാണ്. താനൊരു മഹാരഥനോ മഹാരഥന്‍റെ പാരമ്പര്യമോ ഇല്ലാത്തയാളാണ്. സ്ഥാനങ്ങൾ ലഭിക്കാത്തത് കൊണ്ടല്ല താന്‍ കോൺഗ്രസ്‌ വിട്ടത് മറിച്ച് സംഘടനാപരമായ പ്രശ്‌നങ്ങൾ കാരണമാണെന്നും അദ്ദേഹം പറഞ്ഞു.

Also Read:ശബരിമല: ഇത്തവണത്തെ വരുമാനം 357.47 കോടി: കഴിഞ്ഞ സീസണിലേതിനെക്കാൾ 10 കോടിയുടെ വർധനവ്

ABOUT THE AUTHOR

...view details