കേരളം

kerala

വെള്ളനാട് ശശി സിപിഎമ്മിൽ ചേർന്നു; പിന്തുണച്ച് ആനാവൂർ നാഗപ്പൻ - Vellanadu Sasi Joins CPM

By ETV Bharat Kerala Team

Published : Apr 6, 2024, 2:28 PM IST

കോൺഗ്രസ് പാർട്ടി വിട്ട് വെള്ളനാട് ശശി. വെള്ളനാട് ശശിയെ സിപിഎമ്മിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ആനാവൂർ നാഗപ്പൻ.

CONGRESS LEADER VELLANADU SASI  VELLANADU SASI JOINS CPM  ANAVOOR NAGAPPAN  വെള്ളനാട് ശശി സിപിഎമ്മിൽ ചേർന്നു
Congress Leader Vellanadu Sasi Joins CPM

Congress Leader Vellanadu Sasi Joins CPM

തിരുവനന്തപുരം :കോൺഗ്രസ്‌ നേതാവും മുൻ കെപിസിസി എക്‌സിക്യൂട്ടീവ് അംഗവുമായിരുന്ന വെള്ളനാട് ശശി പാർട്ടി വിട്ട് സിപിഎമ്മിൽ ചേർന്നു. വെള്ളനാട് സർവീസ് സഹകരണ സംഘത്തിൽ നടന്ന സാമ്പത്തിക ക്രമക്കേടുകളെയും അനധികൃത നിയമനങ്ങളെയും തുടർന്ന് വെള്ളനാട് ശശിയെ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ശുപാർശ പ്രകാരം കോൺഗ്രസിന്‍റെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ശശി സിപിഎമ്മിൽ ചേർന്നത്. ജില്ല പഞ്ചായത്ത്‌ അംഗത്വവും അദ്ദേഹം രാജിവച്ചു.

തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫിസിൽ നടന്ന വാർത്താസമ്മേളനത്തിലാണ് സിപിഎമ്മിൽ ചേർന്നതായി വെള്ളനാട് ശശി അറിയിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനാവൂർ നാഗപ്പൻ, ജില്ല സെക്രട്ടറി സി ജയൻ ബാബു, എ എ റഹീം എംപി എന്നിവർ ചേർന്ന് വെള്ളനാട് ശശിയെ സിപിഎമ്മിലേക്ക് സ്വീകരിച്ചു.

വെള്ളനാട് സർവീസ് സഹകരണ ബാങ്കിൽ ക്രമക്കേട് നടന്നിട്ടുണ്ടെങ്കിൽ തെളിയിക്കാൻ തിരുവനന്തപുരത്ത് കോൺഗ്രസിനെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന ഡിസിസി പ്രസിഡന്‍റ് പാലോട് രവിയെ വെല്ലുവിളിക്കുകയാണെന്ന് ശശി പറഞ്ഞു. ആരോപണം തെളിയിച്ചില്ലെങ്കിൽ പരാതിയുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.

45 വർഷക്കാലം പ്രവർത്തിച്ച പ്രസ്ഥാനവുമായി ഇനി പ്രവർത്തിക്കാൻ ബുദ്ധിമുട്ടുണ്ട്. ഉമ്മൻചാണ്ടി സാർ ഉണ്ടായിരുന്നെങ്കിൽ തനിക്ക് തീർച്ചയായും ഈ ഗതി വരില്ലായിരുന്നു. ബിജെപിയിലേക്ക് പോകാൻ പലരും തന്നെ ക്ഷണിച്ചു. ഇന്ത്യയെ നശിപ്പിക്കാൻ നിൽക്കുന്ന നരേന്ദ്ര മോദിക്കെതിരായി അതിശക്തമായ അഭിപ്രായം ഉള്ള ആളാണ് താൻ, അതുകൊണ്ട് ബിജെപിയിലേക്ക് ഇല്ലെന്ന് മുഖത്ത് നോക്കി പറഞ്ഞുവെന്നും വെള്ളനാട് ശശി വ്യക്തമാക്കി.

അടൂർ പ്രകാശ് ഇപ്പോൾ ബിജെപി ജയിച്ചാലും കുഴപ്പമില്ല സിപിഎം ജയിക്കരുത് എന്ന നിലപാടിലാണ്. അത് തനിക്ക് ബുദ്ധിമുട്ടാണ്. അദ്ദേഹത്തിന് ജയിക്കാൻ കഴിയുമോ എന്നൊരു സംശയമാണ്. എന്നാൽ താൻ ആരെയും പേടിച്ചു ജീവിക്കുന്ന ആളല്ലെന്നും അഴിമതി നടത്തിയിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

വെള്ളനാട് ശശി അഴിമതിക്കാരനാണെന്ന് ആരും പറയില്ല. അച്ചടക്കമുള്ള രാഷ്ട്രീയ നയമുള്ള പാർട്ടിയാണ് സിപിഎം. പാർട്ടി അനുവദിച്ചാൽ തന്നെ അംഗീകരിക്കുകയാണെങ്കിൽ ജില്ല പഞ്ചായത്ത്‌ സ്ഥാനാർഥിത്വം തന്നാൽ വലിയ ഭൂരിപക്ഷത്തിൽ ജയിച്ചുവരും എന്ന കാര്യത്തിൽ സംശയമില്ല. താൻ മനസ് വച്ചാൽ ആയിരം പേർ സിപിഎമ്മിലേക്ക് വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിപിഎമ്മിൻ്റെ എല്ലാ സഹായങ്ങളും സംരക്ഷണവും വെള്ളനാട് ശശിക്കുണ്ടാകുമെന്ന് ആനാവൂർ നാഗപ്പൻ പറഞ്ഞു. വെള്ളനാട് സർവീസ് സഹകരണ സംഘത്തിൽ നടന്ന സാമ്പത്തിക ക്രമക്കേടുകൾക്കും അനധികൃത നിയമനങ്ങൾക്കും ഉത്തരവാദിയായ വെള്ളനാട് ശശിയെ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ശുപാർശ പ്രകാരം കോൺഗ്രസിന്‍റെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി ഡിസിസി പ്രസിഡന്‍റ് പാലോട് രവിയാണ് അറിയിച്ചത്.

വെള്ളനാട് ഗ്രാമപഞ്ചായത്ത് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ നിലവിൽ വന്ന ശേഷം അവിടെ നടന്ന എല്ലാ പൊതു പരിപാടികളും പരസ്യമായി അലങ്കോലപ്പെടുത്തുകയും വനിത പഞ്ചായത്ത് പ്രസിഡന്‍റിനെ ഓഫിസിൽ കയറി ആക്രമിച്ചതിന്‍റെ പേരിൽ ശശിക്കെതിരെ കെപിസിസി അച്ചടക്ക നടപടിയെടുത്തിരുന്നു. നിരവധി പൊലീസ് കേസുകളും അദ്ദേഹത്തിനെതിരെ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. ഇതുകൂടി പരിഗണിച്ചാണ് ശശിയെ കോൺഗ്രസിന്‍റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയത്.

ABOUT THE AUTHOR

...view details