കേരളം

kerala

കെ മുരളീധരന്‍ തൃശൂരില്‍, വടകരയില്‍ ഷാഫി പറമ്പില്‍, ഇക്കുറി പ്രതാപന്‍ ഇല്ല; കോണ്‍ഗ്രസിന്‍റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക ഇന്ന്

By ETV Bharat Kerala Team

Published : Mar 8, 2024, 8:32 AM IST

തൃശൂരില്‍ സുരേഷ്‌ ഗോപിക്കെതിരെ കെ മുരളീധരനും വടകരയില്‍ കെകെ ശൈലജക്കെതിരെ ഷാഫി പറമ്പിലും മത്സരത്തിനിറങ്ങും. കെസി വേണുഗോപാല്‍ ആലപ്പുഴയിലും മത്സരിക്കാന്‍ ധാരണയായി. ടിഎന്‍ പ്രതാപനെ നിയമസഭ തെരഞ്ഞടുപ്പില്‍ പരിഗണിക്കും.

Lok Sabha Election 2024  Congress First Phase Candidate List  കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക  ലോക്‌സഭ തെരഞ്ഞെടുപ്പ് 2024
Lok Sabha Election 2024; K Muraleedharan In Thrissur And Shafi Parambil In Vadakara

തിരുവനന്തപുരം :ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിൻ്റെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും.വടകരയിലെ സിറ്റിങ് എംപി കെ മുരളീധരൻ തൃശൂരിൽ മത്സരിക്കും. പകരം ഷാഫി പറമ്പിലാകും വടകരയില്‍ മത്സരത്തിനിറങ്ങുക. ആലപ്പുഴയിൽ കെ സി വേണുഗോപാൽ മത്സരിക്കും. ബാക്കി സീറ്റുകളിൽ സിറ്റിങ് എംപിമാരെ മത്സരിപ്പിക്കാനും ധാരണയായി. പുതുമയില്ലാത്ത ഒരു പട്ടിക പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ ഗുണം ചെയ്യില്ലെന്ന നേതൃത്വത്തിന്‍റെ ചിന്തയാണ് സർപ്രൈസ് സ്ഥാനാർഥിത്വത്തിന് കാരണമായത്.

പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് കെ മുരളീധരനെ തൃശൂരിലേക്ക് നിർദേശിച്ചത്. നിലവില്‍ ടി എൻ പ്രതാപന് സീറ്റുകളൊന്നും നല്‍കിയിട്ടില്ല. എന്നാല്‍ 2026ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തെ പരിഗണിക്കാമെന്നാണ് ധാരണ.

മുന്‍ മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരന്‍റെ മകള്‍ പത്മജ വേണുഗോപാൽ പാർട്ടിക്കുണ്ടാക്കിയ ക്ഷീണം കെ മുരളീധരനെ മുന്നിൽ നിർത്തി കരുണാകരന്‍റെ തട്ടകത്തിൽ പരിഹരിക്കുകയാണ് കോൺഗ്രസ് ലക്ഷ്യം. ബിജെപി പ്രതീക്ഷയർപ്പിക്കുന്ന തൃശൂർ മണ്ഡലത്തിൽ നേരിട്ടുള്ള മത്സരത്തിന് മുരളീധരനെത്തും. നേമത്തെ ബിജെപിയുടെ അക്കൗണ്ട് പൂട്ടിക്കുന്നതിൽ നിർണായക പങ്കുവഹിച്ച കെ മുരളീധരന്‍റെ സ്ഥാനാർഥിത്വം തൃശൂരിലും ബിജെപി വിരുദ്ധ രാഷ്ട്രീയത്തിന് കോൺഗ്രസിന് ശക്തി പകരുമെന്നാണ് നേതൃത്വത്തിന്‍റെ വിലയിരുത്തൽ.

മുരളി ഒഴിയുന്ന വടകരയിൽ കെകെ ശൈലജയെ നേരിടാൻ ഷാഫി പറമ്പിലാണ് എത്തുക. സാമുദായിക പരിഗണന കൂടി കണക്കിലെടുത്താണ് പാലക്കാട്ട് നിന്ന് ഷാഫി പറമ്പിൽ എംഎൽഎയെ വടകരയിൽ മത്സരിപ്പിക്കുന്നത്. ടി സിദ്ദിഖിന്‍റെ പേരും അവസാനഘട്ടം വരെ പരിഗണിച്ചു. അതേ സമയം വയനാട്ടിൽ രാഹുൽ ഗാന്ധി തന്നെ തുടരും. കണ്ണൂരിൽ കെ സുധാകരന്‍ വീണ്ടും മത്സരിക്കും.

ഈഴവ -മുസ്‌ലിം പ്രാധാന്യം ഉറപ്പായതോടെ ആലപ്പുഴയിൽ കെ സി വേണുഗോപാല്‍ എത്തും. സംഘടന ചുമതലയുള്ളതാണ് കെസിയുടെ കാര്യത്തിൽ അവസാനഘട്ടം വരെ പാർട്ടിയെ കുഴച്ചത്. ഒടുക്കം എഐസിസി നേതൃത്വത്തിന്‍റെ നിർദേശം കെ സി മത്സരിക്കട്ടെ എന്നായി. ബാക്കി സിറ്റിങ് എംപിമാർ എല്ലാവരും തുടരും.

സിറ്റിംങ് എംപിമാരുടെ മാറാത്ത തട്ടകം:തിരുവനന്തപുരത്ത്‌ ശശി തരൂരും ആറ്റിങ്ങലിൽ അടൂർ പ്രകാശും പത്തനംതിട്ടയിൽ ആന്‍റോ ആന്‍റണിയും മാവേലിക്കരയിൽ കൊടിക്കുന്നിൽ സുരേഷും എറണാകുളത്ത് ഹൈബി ഈഡനും ഇടുക്കിയിൽ ഡീൻ കുര്യാക്കോസും ചാലക്കുടിയിൽ ബെന്നി ബഹനാനും പാലക്കാട് വികെ ശ്രീകണ്‌ഠനും ആലത്തൂരിൽ രമ്യ ഹരിദാസും കോഴിക്കോട് എംകെ രാഘവനും കാസർകോട് രാജ്മോഹൻ ഉണ്ണിത്താനും മത്സരിക്കും.

Also Read:കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗം; സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമരൂപം ഉടനെന്ന് നേതാക്കള്‍

ABOUT THE AUTHOR

...view details