മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടുക്കിയില്‍ ഇടുക്കി: സംസ്ഥാനത്ത് തുടര്‍ക്കഥയാകുന്ന വന്യജീവി ആക്രമണത്തില്‍ ബിജെപിയേയും കോണ്‍ഗ്രസിനെയും വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസ് ഭരണ കാലത്തെ നിയമങ്ങളാണ് പ്രശ്‌നം വഷളാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രശ്‌നം പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണം എന്നാല്‍ അതുണ്ടാകുന്നില്ല.
ഇടുക്കിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോയിസ് ജോര്‍ജിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം രാജാക്കാട്ടില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. വന്യജീവി സംഘര്‍ഷത്തെ കുറിച്ച് എല്ലാവരും ഭയപ്പെടുകയാണ്. ഇതിന് പരിഹാരം വേണം. ഇതിനായി കേന്ദ്ര സര്‍ക്കാര്‍ കൂടി സഹായിക്കേണ്ടെയെന്നും മുഖ്യമന്ത്രി ചോദിച്ചു.
വിഷയം ഉന്നയിച്ച് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് പ്രത്യേക പാക്കേജ് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ തുക പോലും അനുവദിക്കാതെ അത് നിഷ്‌കരുണം തള്ളിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇവിടെ മനുഷ്യനോ വന്യജീവിക്കോ പ്രാധാന്യം?. ലോകത്ത് ഇവിടെ മാത്രമാണോ വന്യജീവികള്‍ ? മനുഷ്യജീവനല്ലെ വിലകല്‍പ്പിക്കേണ്ടത്.
ലോകത്ത് പല രാഷ്‌ട്രങ്ങളിലും വന്യജീവികളില്ലെ. അവയെല്ലാം ഇവിടുത്തെ പോലെ സംരക്ഷിച്ച് നിര്‍ത്തുകയാണോ? എന്താണ് നമ്മുക്ക് മാത്രം ഒരു പ്രത്യേക സംരക്ഷണ രീതി. ഇതിന് കാരണം കോണ്‍ഗ്രസ് ആണ്. 1972 ഇന്ദിരാഗാന്ധിയുടെ കാലത്താണ് ഈ നിയമം കൊണ്ടുവന്നത്. പില്‍ക്കാലത്ത് ആ നിയമങ്ങള്‍ ശക്തിപ്പെടുത്തി. കടുവ, ആന തുടങ്ങി വ്യത്യസ്‌ത മൃഗങ്ങള്‍ക്കായി വ്യത്യസ്‌ത പ്രോട്ടോക്കോളുകളാണിവിടെ. അവയെ ഒന്ന് തൊടാന്‍ പറ്റില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.