കേരളം

kerala

മതവും രാജ്യവും തമ്മിലുള്ള അതിര്‍ത്തി നേര്‍ത്തു വരുന്നു; രാമ ക്ഷേത്ര ഉദ്ഘാടനത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി

By ETV Bharat Kerala Team

Published : Jan 22, 2024, 6:02 PM IST

Updated : Jan 22, 2024, 10:55 PM IST

രാമ ക്ഷേത്ര ഉദ്ഘാടനത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍, മത വിശ്വാസം വ്യക്തികളുടെ സ്വകാര്യത, ഭരണ ഘടനയില്‍ തൊട്ടു സത്യ പ്രതിജ്ഞ ചെയ്‌ത അധികാരികള്‍ക്ക് എല്ലാ മതങ്ങള്‍ക്കും തുല്യത ഉറപ്പാക്കാനുള്ള ഉത്തരവാദിത്തമുണ്ട്.

Ayodhya Ram Temple  CM Critisised PMs Inauguration  Pinarayi Vijayan On Ram Temple  രാമ ക്ഷേത്ര ഉദ്ഘാടനം  മുഖ്യമന്ത്രി പിണറായി വിജയന്‍
Pinarayi Vijayan On Ayodhya Ram Temple

രാമ ക്ഷേത്ര ഉദ്ഘാടനത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്‍റെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വ്വഹിച്ചതിലുള്ള അഭിപ്രായ വ്യത്യാസം പരസ്യമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. മതം വ്യക്തികളുടെ സ്വകാര്യതയാണ്. ഇന്ത്യന്‍ ഭരണ ഘടനയില്‍ എല്ലാ മതങ്ങള്‍ക്കും തുല്യ പ്രാധാന്യമാണ് വിഭാവനം ചെയ്‌തിട്ടുള്ളത് (Pinarayi Vijayan On Ayodhya Ram Temple).

ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുമെന്ന് സത്യ പ്രതിജ്ഞ ചെയ്‌ത്‌ അധികാരത്തിലെത്തിയ ഏതൊരു വ്യക്തിക്കും ഇന്ത്യയ്ക്കുള്ളില്‍ എല്ലാ മതങ്ങളും തുല്യത അനുഭവിക്കുന്നു എന്നുറപ്പു വരുത്താന്‍ ബാദ്ധ്യസ്ഥരാണ്. അതേ സമയം നമുക്ക് ഒരു മതത്തെ എല്ലാ മതങ്ങള്‍ക്കും മുകളില്‍ പ്രതിഷ്‌ഠിക്കാനോ ഒരു മതത്തെ മറ്റെല്ലാറ്റിനും താഴെയായി നിന്ദിക്കാനോ കഴിയില്ല.

മതത്തെ രാജ്യത്തില്‍ നിന്ന് വേര്‍പെടുത്തുന്നതാണ് ഇന്ത്യന്‍ മതേതതരത്വം എന്ന് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു പല വട്ടം ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. നമുക്ക് അത്തരത്തിലുള്ള വേര്‍പെടുത്തലിന്‍റെ മഹത്തായ പാരമ്പര്യമാണുള്ളത്. എന്നാല്‍ അടുത്ത കാലത്തായി മതവും രാജ്യവും തമ്മിലുള്ള അതിര്‍ത്തി നേര്‍ത്തു വരുന്ന കാഴ്‌ചയാണ് കാണുന്നത്.

നമ്മുടെ രാജ്യത്തെ ഭരണ ഘടനാ സ്ഥാനത്തിരിക്കുന്നവര്‍ മതപരമായ ചടങ്ങുകളുടെ ഭാഗമാകുന്നത് ഇത്തരം വേര്‍പെടുത്തലുകളുടെ ഇല്ലാതാക്കുന്നതാണ്. ഒരു മത സ്ഥാപനത്തിന്‍റെ ഉദ്ഘാടന ചടങ്ങ് രാജ്യത്തെ ഭരണ കൂടങ്ങളുടെ ആഘോഷമാകുന്നിടത്താണ് ഇന്ന് നമ്മള്‍ എത്തി നില്‍ക്കുന്നത്. ക്ഷേത്രത്തിന്‍റെ ചുമതലയിലുള്ള ട്രസ്റ്റ് ഭാരവാഹികള്‍ എല്ലാ ആളുകളെയും ക്ഷേത്ര ഉദ്ഘാടന ചടങ്ങിലേക്ക് നമ്മളില്‍ ഭൂരിഭാഗത്തേയും ക്ഷണിക്കുകയാണ്.

എന്നാല്‍ ഭരണ ഘടനാ പരമായ ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ അത്തരം ക്ഷണം നിരസിച്ചു കൊണ്ട് ഭരണ ഘടനാപരമായ നമ്മുടെ ഉത്തരവാദിത്വം ഉയര്‍ത്തിപ്പിടിക്കുകയാണ് വേണ്ടത്. ജനങ്ങളില്‍ മതപരവും ഭാഷാപരവും ദേശപരവുമായ സൗഹൃദവും സാഹോദര്യവും അഭിവൃദ്ധിപ്പെടുത്തുന്നതിനുള്ള അവസരമായി ഇതു മാറുകയാണ് വേണ്ടത്. മതേതരത്വം ഇന്ത്യ എന്ന മതേതര റിപ്പബ്‌ളിക്കിന്‍റെ ആത്മാവാണ്. രാജ്യത്തെ ദേശീയ പ്രസ്ഥാനങ്ങളുടെ ആരംഭം മുതല്‍ നമ്മുടെ അനന്യതയായി തുടരുന്നതാണ്.

വിവിധ മതവിശ്വാസങ്ങളുള്ളവരും ഒരു മതത്തിന്‍റെ ഭാഗമല്ലാത്തവരും സജീവമായി നമ്മുടെ സ്വാതന്ത്ര്യ സമ്പാദന സമരത്തിന്‍റെ ഭാഗമായിരുന്നു. തുല്യ പരിഗണനയില്‍ ഈ രാജ്യം ഇന്ത്യന്‍ സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളുടെയും വിഭാഗങ്ങളുടെയും സ്വന്തമാണെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് പുറത്തിറക്കിയ വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി. എന്നാല്‍ നരേന്ദ്രമോദി, രാമക്ഷേത്രം, അയോദ്ധ്യ എന്നീ പദങ്ങള്‍ ഒഴിവാക്കിയായിരുന്നു അദ്ദേഹത്തിന്‍റെ സന്ദേശം എന്നതും ശ്രദ്ധേയമായിരുന്നു.

Last Updated : Jan 22, 2024, 10:55 PM IST

ABOUT THE AUTHOR

...view details