കേരളം

kerala

ബലാത്സംഗക്കേസ് : മുൻ സർക്കാർ അഭിഭാഷകൻ പി ജി മനുവിന് ജാമ്യം - Pg Manu Sexual Assault Case

By ETV Bharat Kerala Team

Published : Mar 22, 2024, 1:19 PM IST

മനുവിന്‍റെ ജാമ്യാപേക്ഷ സുപ്രീം കോടതിയും ഹൈക്കോടതിയും നേരത്തെ തള്ളിയിരുന്നു

PG MANU  PG MANU CASE  BAIL FOR PG MANU  KERALA HIGH COURT PG MANU
Sexual Assault Case ; Bail For Former Government Lawyer PG Manu

എറണാകുളം : ബലാത്സംഗ കേസിൽ പ്രതിയായ ഹൈക്കോടതിയിലെ മുൻ സീനിയര്‍ ഗവണ്‍മെന്‍റ് പ്ലീഡര്‍ പി ജി മനുവിന് ജാമ്യം. എറണാകുളം സ്വദേശിനിയായ യുവതിയെ ബലാത്സംഗം ചെയ്തെന്ന കേസിലാണ് പി.ജി.മനുവിന് കർശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. രണ്ട് ലക്ഷം രൂപ ബോണ്ട്, തത്തുല്യ ആൾ ജാമ്യം,ചോറ്റാനിക്കര പൊലീസ് സ്‌റ്റേഷൻ പരിധിയിൽ പ്രവേശിക്കാൻ പാടില്ല, എല്ലാ മാസവും ആദ്യത്തെ ശനിയാഴ്‌ച അന്വേഷണ ഉദ്യോഗസ്ഥനുമുന്നിൽ ഹാജരാകണം എന്നിങ്ങനെയാണ് ഉപാധികൾ.

അന്വേഷണം പൂർത്തിയായി കേസിൽ കുറ്റപത്രം സമർപ്പിച്ചുവെന്ന് സർക്കാർ അറിയിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് മനുവിന്‍റെ ജാമ്യ ഹർജി ഹൈക്കോടതി അനുവദിച്ചത്. ജനുവരി 31നാണ് പി.ജി മനു പൊലീസ് മുൻപാകെ കീഴടങ്ങിയത്. തന്‍റെ ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയിലെ മനുവിന്‍റെ ജാമ്യ ഹർജി. ചോദ്യം ചെയ്യലുമായും അന്വേഷണവുമായും മനു സഹകരിച്ചിരുന്നു. ഏത് ഉപാധികളും അനുസരിക്കാമെന്നും പി.ജി മനു ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നു .

മജിസ്ട്രേറ്റ്, സെഷൻസ് കോടതികൾ ജാമ്യ ഹർജികൾ തള്ളിയതോടെയാണ് മനു ഹൈക്കോടതിയെ സമീപിച്ചത്. കേസിന്‍റെ കാര്യങ്ങൾ സംസാരിക്കുവാനായി കടവന്ത്രയിലെ വക്കീൽ ഓഫീസിലേക്ക് വിളിച്ചുവരുത്തി തന്നെ ബലാത്സംഗം ചെയ്‌തുവെന്ന എറണാകുളം സ്വദേശിനിയുടെ പരാതിയിലാണ് പി.ജി മനുവിനെതിരെ പൊലീസ് കേസെടുത്തത്. പെൺകുട്ടിയുടെ ദൃശ്യങ്ങൾ ഫോണിൽ പകർത്തിയെന്നും ആരോപണമുണ്ടായിരുന്നു. പരാതിയിൽ ചോറ്റാനിക്കര പൊലീസ് കേസെടുത്തതിന് പിന്നാലെയായിരുന്നു സർക്കാർ അഭിഭാഷക സ്ഥാനത്തുനിന്ന് പി.ജി.മനുവിനെ നീക്കം ചെയ്‌തത്.

Also read : ബലാത്സംഗ കേസ് : പി ജി മനുവിന്‍റെ ജാമ്യാപേക്ഷയിൽ സർക്കാരിന്‍റെ നിലപാട് തേടി ഹൈക്കോടതി

മനുവിന്‍റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതിയും ഹൈക്കോടതിയും നേരത്തെ തള്ളിയിരുന്നു. തുടർന്നായിരുന്നു കീഴടങ്ങൽ. മനുവിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടിസും ഇറക്കിയിരുന്നു. മനുവിനെതിരായ കേസ് വളരെ ഗൗരവമുള്ളതാണെന്ന് ഹൈക്കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു.

ABOUT THE AUTHOR

...view details