കേരളം

kerala

ആറ്റുകാല്‍ പൊങ്കാല, തിരുവനന്തപുരം നഗരത്തില്‍ ഇന്നും നാളെയും ഗതാഗത നിയന്ത്രണം

By ETV Bharat Kerala Team

Published : Feb 24, 2024, 8:45 AM IST

ഇന്ന് ഉച്ചയ്ക്ക് 2 മണി മുതല്‍ നാളെ രാത്രി 8 മണി വരെയാണ് ഗതാഗത നിയന്ത്രണം. ഹെവി, കണ്ടെയ്‌നര്‍, ചരക്ക് വാഹനങ്ങള്‍ക്ക് നഗരത്തിലേക്ക് പ്രവേശനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

Attukal Pongala  Traffic Regulations For Pongala  Traffic Control In Trivandrum  ആറ്റുകാല്‍ പൊങ്കാല  ഗതാഗത നിയന്ത്രണം
Attukal Pongala

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയുടെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഇന്നും നാളെയും ഗതാഗത നിയന്ത്രണം. ഇന്ന് (ഫെബ്രുവരി 24) ഉച്ചയ്ക്ക് 2 മണി മുതല്‍ നാളെ രാത്രി 8 മണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. നിയന്ത്രണത്തിന്‍റെ ഭാഗമായി നഗരത്തിലേക്ക് ഹെവി, കണ്ടെയ്‌നര്‍, ചരക്ക് വാഹനങ്ങള്‍ക്ക് പ്രവേശനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

ആറ്റുകാല്‍ ക്ഷേത്രത്തിലേക്കുള്ള കിള്ളിപ്പാലം-പാടശ്ശേരി-ചിറപ്പാലം ബണ്ട് റോഡ്, അട്ടക്കുളങ്ങര-മണക്കാട്-മാര്‍ക്കറ്റ് റോഡ്, അട്ടക്കുളങ്ങര-കമലേശ്വരം റോഡ്, കമലേശ്വരം-വലിയപള്ളി റോഡ്, കൊഞ്ചിറവിള-ആറ്റുകാല്‍ റോഡ്, ചിറമുക്ക്-ഐരാണിമുട്ടം റോഡ്, കിള്ളിപ്പാലം-അട്ടക്കുളങ്ങര റോഡ്, അട്ടക്കുളങ്ങര-ഈഞ്ചക്കല്‍ റോഡ്, മേലെ പഴവങ്ങാടി-പവര്‍ ഹൗസ് റോഡ്, തകരപ്പറമ്പ് റോഡ്, ശ്രീകണ്‌ഠേശ്വരം-പുന്നപുരം റോഡ്, കൈതമുക്ക്-വഞ്ചിയൂര്‍ റോഡ്, വഞ്ചിയൂര്‍ - പാറ്റൂര്‍ റോഡ്, വഞ്ചിയൂര്‍-നാലുമുക്ക് റോഡ്, ഉപ്പിടാംമൂട്-ചെട്ടിക്കുളങ്ങര-ഓവര്‍ ബ്രിഡ്‌ജ്‌ റോഡ്, കുന്നുംപുറം-ഉപ്പിടാംമൂട് റോഡ്, ഐരാണിമുട്ടം-കാലടി-മരുതൂര്‍ക്കടവ് റോഡ്, ചിറമുക്ക്-ചെട്ടിക്കവിളാകം-കൊഞ്ചിറവിള ബണ്ട് റോഡ് തുടങ്ങി നഗരത്തിലെ പ്രധാന റോഡുകളിലും ഇടറോഡുകളിലും പാര്‍ക്കിങ്ങിന് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.

പൊങ്കാലയിടാനായി ആറ്റുകാല്‍ ക്ഷേത്രപരിസരത്ത് എത്തുന്നവര്‍ ക്ഷേത്രത്തിന് ചുറ്റുമുള്ള പ്രധാന റോഡുകളിലും എം സി, എം ജി റോഡുകളിലും പാര്‍ക്ക് ചെയ്യാന്‍ പാടില്ലെന്നും സിറ്റി പൊലീസ് അറിയിച്ചു. നിയന്ത്രണങ്ങള്‍ ലംഘിച്ച് പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ റിക്കവറി വാഹനങ്ങള്‍ ഉപയോഗിച്ച് നീക്കം ചെയ്യും. വാഹനങ്ങള്‍ കരമന കല്‍പാളയം മുതല്‍ നിറമണ്‍കര പെട്രോള്‍ പമ്പ് വരെയുള്ള റോഡിന്‍റെ ഒരു വശത്തും, കോവളം-കഴക്കൂട്ടം ബൈപ്പാസ് റോഡിന്‍റെ വശങ്ങളിലും പാര്‍ക്ക് ചെയ്യാം. എന്നാല്‍ സര്‍വീസ് റോഡുകളില്‍ പാര്‍ക്കിങ് പാടില്ല.

പൂജപ്പുര ഗ്രൗണ്ട്, പൂജപ്പുര എല്‍ ബി എസ് എഞ്ചിനിയറിങ് കോളജ് ഗ്രൗണ്ട്, നിറമണ്‍കര എന്‍ എസ് എസ് കോളജ് ഗ്രൗണ്ട്, പാപ്പനംകോട് എഞ്ചിനീയറിങ് കോളജ് ഗ്രൗണ്ട്, തൈക്കാട് സംഗീത കോളജ്, വഴുതക്കാട് പി ടി സി, ഗ്രൗണ്ട്, ടാഗോര്‍ തീയറ്റര്‍ കോമ്പൗണ്ട്, കവടിയാര്‍ സാല്‍വേഷന്‍ ആര്‍മി സ്‌കൂള്‍, കേരളാ യൂണിവേഴ്‌സിറ്റി ഓഫീസ് തുടങ്ങിയ സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യാം. വാഹനത്തില്‍ ഡ്രൈവര്‍ ഇല്ലാത്ത സാഹചര്യത്തില്‍ ഡ്രൈവറുടെ മൊബൈല്‍ നമ്പര്‍ എഴുതി പ്രദര്‍ശിപ്പിക്കണം.

ഗതാഗത നിയന്ത്രണങ്ങള്‍: ഇന്നും നാളെയുമായി ആറ്റിങ്ങല്‍ നിന്നും നെയ്യാറ്റിന്‍കര ഭാഗത്തേക്ക് പോകുന്ന ഹെവി, ചരക്ക് വാഹനങ്ങള്‍ കഴക്കൂട്ടത്ത് നിന്നും ബൈപ്പാസ് റോഡ് വഴിയോ ശ്രീകാര്യം-കേശവദാസപുരം-പട്ടം-വഴുതക്കാട്-പൂജപ്പുര വഴിയോ പോകണം. പേരൂര്‍ക്കട ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ ഊളന്‍പാറ-ശാസ്‌തമംഗലം-ഇടപ്പഴിഞ്ഞി-പൂജപ്പുര വഴിയും വെഞ്ഞാറമൂട് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ കേശവദാസപുരം-പട്ടം-വഴുതക്കാട്-പൂജപ്പുര വഴിയും പോകണം. നെയ്യാറ്റിന്‍കരയില്‍ നിന്നും കഴക്കൂട്ടത്തേക്ക് പോകുന്ന വാഹനങ്ങള്‍ ബാലരാമപുരം-വിഴിഞ്ഞം-എന്‍ എച്ച് ബൈപ്പാസ് റോഡ് വഴി യാത്ര ചെയ്യണം. പൊങ്കാല കഴിഞ്ഞതിന് ശേഷം ആറ്റിങ്ങല്‍, കൊല്ലം, വെഞ്ഞാറമൂട്, കിളിമാനൂര്‍ ഭാഗങ്ങളിലേക്ക് പോകേണ്ടവര്‍ ഈഞ്ചക്കല്‍-ചാക്ക-കഴക്കൂട്ടം ബൈപ്പാസ്-വെട്ടുറോഡ് വഴി യാത്ര ചെയ്യേണ്ടതാണ്.

പരാതികളും നിര്‍ദേശങ്ങളും 0471 2558731, 9497930055, 9497987001, 949990005, 9497990006 എന്നീ നമ്പറുകളില്‍ പൊതുജനങ്ങള്‍ക്കും അറിയിക്കാമെന്നും സിറ്റി പൊലീസ് അറിയിച്ചു.

ABOUT THE AUTHOR

...view details